11 വർഷത്തിന് ശേഷം റയൽ മാഡ്രിഡിന് ഒരു കിരീടം പോലും ഇല്ലാത്ത സീസൺ; സിദാന്‍ തെറിക്കുമോ?
കഴിഞ്ഞ ദിവസം അത്‍ലറ്റികോ മാഡ്രിഡ് ലാ ലീഗ കിരീടം നേടിയതോടെയാണ് ഈ സീസണിൽ ഒരു കിരീടം പോലും റയൽ മാഡ്രിഡ് കിട്ടില്ലെന്ന് ഉറപ്പായത്
11 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം റയൽ മാഡ്രിഡിന് ഒരു കിരീടം പോലും ഇല്ലാത്ത സീസൺ. സീസണിൽ ഒരു കിരീടം പോലും നേടാനാവാതെ പോയതോടെ റയൽ മാഡ്രിഡ് ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. പരിശീലകൻ സിദാൻ സ്ഥാനം ഒഴിയാനുള്ള സാധ്യതയും ഉണ്ട്.
കിരീടം നേടാൻ അവസാന മത്സരത്തിൽ വിജയവും അത്‍ലറ്റികോ മാഡ്രിഡ് പോയിന്റ് നഷ്ടപ്പെടുത്തുന്നതും അനിവാര്യമായിരുന്ന റയൽ പിന്നിൽ അവസാന മിനിറ്റുകളിൽ വിജയം കണ്ടെത്തിയെങ്കിലും അത്‍ലറ്റികോ മാഡ്രിഡ് വയ്യഡോളിഡിനെതിരെ വിജയം നേടിയതോടെ കിരീടം അവർക്കു സ്വന്തമാവുകയായിരുന്നു. അടുത്ത സീസണിൽ ക്ലബിനൊപ്പം താൻ തുടരുമോയെന്ന കാര്യത്തിൽ വ്യക്തമായ മറുപടി ഇത്തവണയും സിദാൻ നൽകിയില്ല. സമയമാകുമ്പോൾ, എല്ലാം ശാന്തമാകുമ്പോൾ ക്ലബ് നേതൃത്വവുമായി അതേക്കുറിച്ചു ചർച്ച ചെയ്‌ത് തീരുമാനങ്ങൾ എടുക്കുമെന്നാണ് ഭാവിയെക്കുറിച്ചുള്ള ചോദ്യത്തോട് സിദാൻ പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം അത്‍ലറ്റികോ മാഡ്രിഡ് ലാ ലീഗ കിരീടം നേടിയതോടെയാണ് ഈ സീസണിൽ ഒരു കിരീടം പോലും റയൽ മാഡ്രിഡ് കിട്ടില്ലെന്ന് ഉറപ്പായത്. ഈ സീസണിൽ കോപ്പ ഡെൽ റേയിൽ അൽകോയാനോട് തോറ്റ് പുറത്തായ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് സെമിയില്‍ ചെൽസിയോടും തോറ്റിരുന്നു. 2009-10 സീസണിലാണ് അവസാനമായി റയൽ മാഡ്രിഡ് ഒരു കിരീടം പോലും നേടാനാവാതെ സീസൺ അവസാനിപ്പിച്ചത്. അന്ന് കോപ്പ ഡെൽ റേയിൽ അൽകോർകോൺ റയൽ മാഡ്രിഡിനെ പരാജയപെടുത്തിയപ്പോൾ ചാമ്പ്യൻസ് ലീഗിൽ ലിയോൺ ആണ് റയൽ മാഡ്രിഡിന്റെ കുതിപ്പ് അവസാനിപ്പിച്ചത്.