അഞ്ചാമതും ഇന്ത്യൻ മുത്തം; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യക്ക്
ചൈനക്കെതിരായ ഫൈനലിൽ ജുഗ്രാജ് സിങാണ് ഇന്ത്യയുടെ വിജയ ഗോൾ നേടിയത്.
ന്യൂഡൽഹി: എതിരില്ലാത്ത ഒരു ഗോളിന് ചൈനയെ കീഴടക്കി ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. ജുഗ്‌രാജ് സിങാണ് ഗോൾ സ്‌കോറർ. ഇന്ത്യയുടെ അഞ്ചാം കിരീടനേട്ടമാണ്.
ഗോൾ രഹിതമായ മൂന്ന് ക്വാർട്ടറുകൾക്ക് പിന്നാലെ നാലം ക്വാർട്ടറിലാണ് ഇന്ത്യ വിജയഗോൾ നേടിയത്. ആദ്യമായി ഫൈനൽ യോഗ്യത നേടിയ ചൈന ശക്തമായി പൊരുതിയ ശേഷമാണ് കീഴടങ്ങിയത്. കൗണ്ടർ അറ്റാക്കിലൂടെ ആദ്യ ക്വാർട്ടറിൽ ചൈന കളം നിറഞ്ഞു. എന്നാൽ രണ്ടാം ക്വാർട്ടറിൽ ഇന്ത്യ ആധിപത്യം പുലർത്തിയെങ്കിലും ഗോൾനേടാനായില്ല. ആദ്യ പകുതിയിൽ നാല് പെനാൽറ്റി കോർണറുകളാണ് ഇന്ത്യക്ക് ലഭിച്ചത്. എന്നാൽ ചൈനീസ് പ്രതിരോധത്തിൽ തട്ടി വിഫലമായി. എന്നാൽ നിർണായകമായ നാലാം ക്വാർട്ടറിൽ ഇന്ത്യ ഗോൾ കണ്ടെത്തി. 51ാം മിനിറ്റിലാണ് കിരീടമുറപ്പിച്ച ഗോൾപിറന്നത്.
സെമിയിൽ സൗത്ത് കൊറിയയെ മറികടന്നാണ് ഇന്ത്യ കലാശ പോരാട്ടത്തിന് യോഗ്യതനേടിയത്. പാകിസ്താനെ ഷൂട്ടൗട്ടിൽ മറികടന്നാണ് ചൈന ഫൈനൽ പ്രവേശനമുറപ്പിച്ചത്. നേരത്തെ 2011,16,2018, 2023 വർഷങ്ങളിലും കിരീടം ചൂടിയിരുന്നു.