വിമൺ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി; ചൈനയെ തകര്‍ത്ത് ഇന്ത്യക്ക് കിരീടം
31ാം മിനിറ്റിൽ ദീപികയാണ് ഇന്ത്യക്കായി വലകുലുക്കിയത്
Update: 2024-11-20 15:42 GMT
രാജ്‍ഗിര്‍: വനിതാ ഏഷ്യൻ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് കിരീടം. കലാശപ്പോരില്‍ എതിരില്ലാത്ത ഒരു ഗോളിന് ചൈനയെ തകർത്താണ് ഇന്ത്യൻ വനിതകൾ കിരീടമണിഞ്ഞത്. 31ാം മിനിറ്റിൽ ദീപികയാണ് ഇന്ത്യക്കായി വലകുലുക്കിയത്.
ഇത് മൂന്നാം തവണയാണ് ഇന്ത്യന്‍ വനിതകള്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടമണിയുന്നത്. നേരത്തേ 2016 ലും 2023 ലും കിരീടമണിഞ്ഞിരുന്നു. ദീപികയാണ് ടൂര്‍ണമെന്‍റിന്‍റെ താരം. സെമിയില്‍ ജപ്പാനെ തകര്‍ത്താണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ഫൈനലിന് ടിക്കറ്റെടുത്തത്.
കിരീടമണിഞ്ഞ ടീമിലെ ഓരോ അംഗങ്ങൾക്കും ഹോക്കി ഇന്ത്യ 3 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. ടീമംഗങ്ങൾക്ക് ബിഹാർ ഗവർമെന്റ് 10 ലക്ഷം വീതവും പ്രഖ്യാപിച്ചിട്ടുണ്ട്.