ശ്രീജേഷ് ഇന്ത്യൻ ഹോക്കിയുടെ ദൈവം; വിരമിക്കൽ പ്രഖ്യാപനം പിൻവലിക്കണം -ദിലീപ് ടിർക്കി
ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ഗോൾകീപ്പർ പി.ആർ ശ്രീജിത്തിനെ വാനോളം പുകഴ്ത്തി ഹോക്കി ഇന്ത്യ അധ്യക്ഷൻ ദിലീപ് ടിർക്കി. ശ്രീജേഷ് ഹോക്കി ദൈവമാണെന്നും വിരമിക്കൽ തീരുമാനം പിൻവലിക്കണമെന്നും ടിർക്കി ആവശ്യപ്പെട്ടു. ഒളിമ്പിക്സ് ക്വാർട്ടറിൽ ബ്രിട്ടനെതിരെയുള്ള മിന്നും പ്രകടനത്തിന് പിന്നാലെയാണ് മുൻ താരം കൂടിയായ ടിർക്കിയുടെ പ്രതികരണം.
‘‘ ഇന്ന് ശ്രീജേഷ് നമുക്കിന്ന് ഇന്ത്യൻ ഹോക്കിയുടെ ദൈവമാണ്. മനോഹര സേവുകളാണ് അവൻ നടത്തിയത്. അവനുള്ളത് കൊണ്ടാണ് നന്നായി കളിക്കാൻ സാധിച്ചത്. അവൻ കളിക്കുന്നത് തുടരാനാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷേ ശ്രീജേഷ് ഇതിനോടകം വിരമിക്കൽ പ്രഖ്യാപിച്ചു. ശ്രീജേഷ് ഇനിയും കളിക്കണം. കൂടുതൽ നല്ല കളിക്കാരെ കിട്ടുന്നിടത്തോളം ശ്രീജേഷ് ഇന്ത്യക്കായി സംഭാവന നൽകണം. ഇന്ത്യൻ ഹോക്കിക്ക് അവനിൽ പ്രതീക്ഷകളുണ്ട്’’ -ടിർക്കി മാധ്യമങ്ങളോട് പറഞ്ഞു.
പാരിസ് ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന് ജൂലൈ 22ന് ശ്രീജേഷ് പ്രഖ്യാപിച്ചിരുന്നു. 2006 മുതൽ ഇന്ത്യൻ കുപ്പായത്തിൽ നിറസാന്നിധ്യമായ ശ്രീജേഷ് 2021 ടോക്യോ ഒളിമ്പിക്സ് വെങ്കലം, 2022 കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡൽ, 2023 ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി, 2022 ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ എന്നീ നേട്ടങ്ങളിൽ ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്നു. 2021ൽ രാജ്യം കായിക രംഗത്തെ പരമോന്നത ബഹുമതിയായ ഖേൽ രത്ന നൽകി ആദരിച്ചു.