ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം ഇന്ന്; തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ഇന്ത്യ
പെർത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് മത്സരം
പെർത്ത്: ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. തുടർച്ചയായ മൂന്നാം ജയത്തോടെ സെമി സാധ്യത വർധിപ്പിക്കാനാവും ഇന്ത്യയുടെ ശ്രമം. പെർത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് മത്സരം.
പെർത്തിൽ ഇന്ന് മഴ വില്ലനായില്ലെങ്കിൽ തുല്യ ശക്തികളുടെ പോരാട്ടത്തിന് സാക്ഷിയാകാം. ഇതിനോടകം ഒരു മത്സരം മഴ കവർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. തുടർച്ചയായി മൂന്നാം ജയം നേടിയാൽ ഇന്ത്യക്ക് സെമി സാധ്യതകൾ കൂടുതൽ ശക്തമാക്കാം. ഓപ്പണിങിൽ കെ.എൽ രാഹുൽ ഫോം കണ്ടെത്താത്താണ് ഇന്ത്യയുടെ തലവേദന. രാഹുലിന് പകരം ഋഷഭ് പന്തിനെ പരീക്ഷിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
ദീപക് ഹൂഡയും അവസരം കാത്തിരിപ്പുണ്ടെങ്കിലും ടീമിൽ മാറ്റത്തിന് സാധ്യത കുറവാണ്. മിന്നും ഫോമിലുള്ള വിരാട് കോഹ്ലിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി മികച്ച ബാറ്റിങ് കാഴ്ചവെച്ച ഹർദിക് പാണ്ഡ്യ, രോഹിത് ശർമ, സൂര്യകുമാർ യാദവ് എന്നിവരും ചേരുമ്പോൾ ബാറ്റിങ് നിര ശക്തമാണ്. റൺ വഴങ്ങുന്നതിൽ പിശുക്ക് കാണിക്കുന്ന ബൗളർമാരും അനുകൂല ഘടകമാണ്.
ബംഗ്ലാദേശിനെതിരെ 200 ന് മുകളിൽ സ്‌കോർ കണ്ടെത്താായതിന്റെ ആത്മവിശ്വാസവുമായാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. ക്യാപ്റ്റൻ ബാവുമയുടെ ദയനീയ ഫോം മാത്രമാണ് തലവേദന. പാകിസ്താനെ സിംബാബെ അട്ടിമറിച്ച അതേ വേദിയിലാണ് മത്സരം. അതിനാൽ ടോസ് നേടുന്നവർ ബാറ്റിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.