കുബാര്‍സി എന്ന അത്ഭുതം
2018 ൽ തന്റെ 11ാം വയസിലാണ് കുബാർസി ജിറോണയിൽ നിന്ന് ലാമാസിയയിലെത്തുന്നത്.ഏറെ വേഗത്തിലായിരുന്നു പിന്നെ അയാളുടെ ഫുട്‌ബോൾ സഞ്ചാരങ്ങൾ.
സെർബിയൻ തലസ്ഥാന നഗരിയായ ബെൽഗ്രേഡിൽ സെർവേന സ്വെസ്ദയെ നേരിടുകയായിരുന്നു ബാഴ്‌സലോണ. മത്സരം 65 ാം മിനിറ്റിലേക്ക് കടന്നു. ബാഴ്‌സ ഗോൾമുഖത്തേക്ക് പന്തുമായി കുതിച്ച സെർവേന താരങ്ങളെ തടയാനുള്ള ശ്രമത്തിലായിരുന്നു പൗ കുബാർസി. അതിനിടെ അയാൾ മൈതാനത്ത് നിലതെറ്റി വീണു. പിന്നെ ചോരയൊലിക്കുന്ന മുഖവുമായി എഴുന്നേറ്റു.
സെർബിയൻ താരം യുറോസ് സ്പാജികിന്റെ ബൂട്ട് കൊണ്ട് ആ 17 കാരന്റെ മുഖം കീറിപ്പൊളിഞ്ഞിരുന്നു. ഉടൻ ഹാൻസി ഫളിക്ക് കുബാർസിയെ മൈതാനത്ത് നിന്ന് പിൻവലിച്ചു. സെർജി ഡൊമിങ്വസ് കളത്തിലെത്തി. മത്സരത്തിന് ശേഷം കുബാർസിയുടെ മുഖത്ത് പത്ത് സ്റ്റിച്ചുകളുണ്ടെന്നായിരുന്നു ഹാൻസി ഫ്‌ലിക്കിന്റെ വെളിപ്പെടുത്തൽ. മുഖത്ത് ചോരപ്പാടുകളുമായി ഡ്രസ്സിങ് റൂമിലിരിക്കുന്ന കുബാർസിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. അയാളുടെ മുഖത്തപ്പോഴും ഒരു പുഞ്ചിരിയുണ്ടായിരുന്നു.
പൗ കുബാർസി പരെഡസ്. യൂറോപ്പ്യൻ ഫുട്‌ബോളിന് ആ പേരിപ്പോൾ അപരിചിതമല്ല. 2007 ജനുവരിയിൽ പിറന്നൊരു കൗമാരക്കാരൻ പയ്യൻ. 20 വയസ് തികയാൻ ഇനിയും മുന്നിൽ രണ്ട് വർഷവും രണ്ട് മാസവും കിടപ്പുണ്ട്. തന്റെ 17ാം വയസിൽ തന്നെ സമകാലിക ഫുട്‌ബോളിലെ ഏറ്റവും മികച്ച സെന്റർ ബാക്കുകളിൽ ഒരാളായി അയാൾ പേരെടുത്തു കഴിഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയടക്കം യൂറോപ്പ്യൻ ഫുട്‌ബോളിലെ പല ടീമുകളും ഇപ്പോൾ തന്നെ വലവിരിച്ചയാളെയും കാത്തിരിപ്പുണ്ട്. എന്നാൽ താൻ ബാഴ്‌സലോണ വിട്ടെങ്ങോട്ടുമില്ലെന്ന് പറയുകയാണ് കുബാർസി.
'കാർലോസ് പുയോൾ ആണെന്റെ ഹീറോ. മൈതാനത്തിനകത്തും പുറത്തും അയാളൊരു ലീഡറായിരുന്നു. തന്റെ സഹതാരങ്ങളെ സഹായിക്കാൻ അയാൾ ഗ്രൗണ്ടിന്റെ ഏത് മൂലയിൽ നിന്നാണെങ്കിലും ഓടിയെത്തും. കളത്തിൽ കാര്യങ്ങൾ പ്രതികൂലമാണെങ്കിൽ അയാൾ ടീമംഗങ്ങളെ പ്രചോദിപ്പിച്ച് കൊണ്ടേയിരിക്കുന്നത് കാണാം. കാര്യങ്ങൾ അനുകൂലമാണെങ്കിലും അങ്ങനെ തന്നെ. കളിക്കളത്തിൽ ഇതിനേക്കാൾ മികച്ചൊരു റഫറൻസ് എനിക്ക് കിട്ടാനില്ല''- കുബാർസി പറഞ്ഞു വക്കുന്നു.
നാളുകൾക്ക് മുമ്പ് സാന്റിയാഗോ ബെർണബ്യൂവിന്റെ മുറ്റത്തിട്ട് ബാഴ്‌സ റയലിനെ തകർത്ത് തരിപ്പണമാക്കുമ്പോൾ ലമീൻ യമാലിനും റോബർട്ട് ലെവന്റോവ്‌സിക്കും റഫീന്യക്കും ഒക്കെയൊപ്പം കുബാർസിയെന്ന ആ ചെറിയ അല്ല വലിയ പേര് കൂടെ ഫുട്‌ബോൾ ലോകം ആഘോഷമാക്കി. കാരണം,... നേടിയ ഗോളുകളേക്കാൾ ആ മത്സരത്തിൽ ഹാൻസി ഫ്‌ലിക്കെന്ന ചാണക്യൻ നടപ്പിലാക്കിയ ഗെയിം പ്ലാനുകളാണല്ലോ കറ്റാലൻ പടക്ക് വിജയം സമ്മാനിച്ചത്.
ഹൈലൈൻ ഡിഫൻസ് കൊണ്ട് റയലിന്റെ വിശ്വപ്രസിദ്ധമായ മുന്നേറ്റ നിരയെ വരിഞ്ഞ് മുറുക്കിയ ഫ്‌ളിക്കിന്റെ കളിക്കൂട്ടത്തിൽ പത്തിൽ പത്ത് മാർക്കും നൽകേണ്ട പേരാണ് കുബാർസിയുടേത്. മത്സരത്തിലുടനീളം 12 തവണയാണ് റയലിനെ ബാഴ്‌സ പ്രതിരോധം ഓഫ് സൈഡ് ട്രാപ്പിൽ കുരുക്കിയത്. അതിൽ എട്ടിലും വീണത് എംബാപ്പെ.
ഗോൾമുഖത്തേക്ക് ഇരച്ചെന്നുത് വിനീഷ്യസും ബെല്ലിങ്ഹാമും എംബാപ്പെയുമടക്കം ലോക ഫുട്‌ബോളിലെ ഏറ്റവും അപകടകാരികൾ അണിനിരക്കുന്നൊരു മുന്നേറ്റ നിരയാണെന്ന് അറിയാമായിരുന്നിട്ടും ഏറെ പക്വത നിറഞ്ഞൊരു കളിക്കാരന്റെ മെയ് വഴക്കത്തോടെ കുബാർസി അവരെയൊക്കെ നേരിട്ടു. ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ അയാൾക്കൊരിക്കൽ പോലും മൈതാനത്ത് നിയന്ത്രണം നഷ്ടമായില്ല. ജൂൾസ് കുണ്ടേയും ഇനിഗോ മാർട്ടിനസും കസാഡോയും മഞ്ഞക്കാർഡ് വാങ്ങിയപ്പോഴും കുബാർസിക്ക് മുന്നിൽ റഫറിക്ക് അതുയർത്തേണ്ടി വന്നില്ല. കാർലോസ് പുയോളിലേക്കുള്ള സഞ്ചാരത്തിൽ അയാൾ തന്റെ 17ാം വയസിൽ തന്നെ ഏറെ മുന്നിലെത്തിക്കഴിഞ്ഞെന്ന് പറയേണ്ടി വരും. മത്സരത്തിൽ നൽകിയ 47 പാസുകളിൽ 43ഉം വിജയകരമായി പൂർത്തിയാക്കിയ കുബാർസിയുടെ പാസിങ് ആക്യുറസി അന്ന് 91 ശതമാനമായിരുന്നു.
ഈ സീസണിൽ കളിച്ച 15 മത്സരങ്ങളിൽ 99 തവണയാണ് ഹാൻസി ഫ്‌ലിക്ക് എതിരാളികളെ ഓഫ് സൈഡ് ട്രാപ്പിൽ കുരുക്കിയത്. അതിൽ 13 തവണ അനുവദിച്ച ഗോളുകൾ പിന്നീട് ഡിസ് അലോ ചെയ്യേണ്ടി വന്നു റഫറിമാർക്ക്. പൗ കുബാർസിയും ഇനിഗോ മാർട്ടിനസും ജൂൾസ് കുണ്ടേയും ബാൽഡേയും അണിനിരക്കുന്ന പ്രതിരോധ നിര ഫ്‌ലിക്കിന്റെ ഗെയിം പ്ലാനുകളെ പിഴക്കാതെ മൈതാനത്ത് നടപ്പിലാക്കുന്നു. എൽ ക്ലാസിക്കോയിൽ ആദ്യ പകുതിക്ക് ശേഷം ഡ്രസ്സിങ് റൂമിൽ വച്ച് ഫ്‌ലിക്ക് തന്റെ കളിക്കരോട് മുഴക്കിയൊരു ഭീഷണി സ്പാനിഷ് മാധ്യമങ്ങൾ പിന്നീട് റിപ്പോർട്ട് ചെയ്തിരുന്നു. ഓഫ് സൈഡ് ട്രാപ്പിൽ ആർക്കെങ്കിലും പിഴവ് സംഭവിച്ചാൽ ഉടൻ സബ്സ്റ്റിറ്റിയൂട്ട് ചെയ്യുമെന്നായിരുന്നു അത്. എന്നാൽ നാളിതുവരെ ഫ്‌ലിക്കിന് അക്കാരണം പറഞ്ഞ് കുബാർസിയടക്കം ആരെയും മൈതാനത്ത് നിന്ന് പിൻവലിക്കേണ്ടി വന്നിട്ടില്ല.
''ഹൈഡിഫെൻസീവ് ലൈൻ ഒരുക്കൽ ഏറെ അപകടം പിടിച്ചൊരു പണിയാണെന്ന് അറിയാം. പ്രതിരോധത്തിൽ ഒരാൾക്ക് പിഴച്ചാൽ മതി. ടീമൊന്നാകെ അതിന് നൽകേണ്ടി വരിക വലിയ വിലയാകും. എന്നാൽ ഫ്‌ലിക്ക് മൈതാനത്ത് ഞങ്ങളെ പഠിപ്പിച്ച ഡിസിപ്ലിൻ ഞങ്ങളെ ആത്മവിശ്വാസമുള്ളവരാക്കി. ഇപ്പോൾ വാർ പരിശോധനക്കായി റഫറി മുതിരുമ്പോൾ തന്നെ അത് ഓഫ് സൈഡാണെന്ന് ഞങ്ങള്‍ മനസിലുറപ്പിച്ച് കഴിഞ്ഞിട്ടുണ്ടാവും''- കുബാർസി ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞ് വച്ചതിങ്ങനെയാണ്.
കുബാർസി ആൻഡ് ഇനിഗോ മാർട്ടിനസ്. സമീപകാലത്ത് ബാഴ്സ ഏറെ ഫലപ്രധമായി ഉപയോഗപ്പെടുത്തിയൊരു ഡിഫൻസീവ് ഡ്യുവോ ഇതാവും. ലീഗിൽ മാർട്ടിനസും കുബാർസിയും ഒരുമിച്ച് സ്റ്റാർട്ട് ചെയ്ത ഒറ്റ മത്സരത്തിലും ബാഴ്‌സ ഇതുവരെ തോൽവി വഴങ്ങിയിട്ടില്ല. ഒസാസുനയോട് പരാജയപ്പെട്ട മത്സരത്തിൽ കുബാർസിക്കൊപ്പം ആദ്യ ഇലവനിൽ ഇടംപിടിച്ചത് സെർജി ഡൊമിങ്വസായിരുന്നു. മാര്‍ട്ടിനസിന്‍റെ അനുഭവസമ്പത്തും കുബാര്‍സിയുടെ പ്രതിഭയും അണിനിരക്കുന്ന കറ്റാലന്‍ പ്രതിരോധം ബേധിക്കാന്‍ എതിരാളികള്‍ ഏറെ വിയര്‍പ്പൊഴുക്കുന്ന കാഴ്ച ഇക്കുറി നമ്മള്‍ പലവുരു കണ്ടു.
2018 ൽ തന്റെ 11ാം വയസിലാണ് കുബാർസി ജിറോണയിൽ നിന്ന് ലാമാസിയയിലെത്തുന്നത്. ഏറെ വേഗത്തിലായിരുന്നു പിന്നെ അയാളുടെ ഫുട്‌ബോൾ സഞ്ചാരങ്ങൾ. ബാഴ്‌സ അത്‌ലറ്റിക്കിനായി കളിച്ച് കൊണ്ടിരിക്കേ 2023-24 സീസണിലാണ് കുബാർസിക്ക് സീനിയർ ടീമിലേക്കുള്ള സാവിയുടെ വിളിയെത്തുന്നത്. 2024 ജനുവരിയിൽ അരങ്ങേറിയൊരു കോപ്പ ഡെൽറേ പോരാട്ടത്തിൽ ബാഴ്‌സക്കായി അയാൾ തന്റെ അരങ്ങേറ്റം കുറിച്ചു. യുവേഫ ചാമ്പ്യൻസ് ലീഗിൽ കളത്തിലിറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ പ്ലെയർ ഓഫ് ദ മാച്ച് പുരസ്‌കാരം. അതും പ്രീക്വാർട്ടറിൽ നാപ്പോളിക്കെതിരെ. പിന്നെ മൈതാനങ്ങളില്‍ അയാളുടേത് ഒരു സ്വപ്‌ന സഞ്ചാരമായിരുന്നു. കഴിഞ്ഞ മെയിൽ ബാഴ്‌സ കുബാർസിയുമായുള്ള തങ്ങളുടെ കരാർ 2027 വരെ നീട്ടി. ഇപ്പോൾ ബാഴ്‌സയുടെ സ്റ്റാർട്ടിങ് ഇലവനിലെ നിർണായക സാന്നിധ്യമാണീ 17 കാരൻ. ലീഗില്‍ ഈ സീസണില്‍ ബാഴ്സയുടെ 12 മത്സരങ്ങളില്‍ പതിനൊന്നിലും കുബാര്‍സി ആദ്യ ഇലവനില്‍ ഇടംപിടിച്ചു. 'ടാക്റ്റിക്കല്‍ ഫിനോമിനോണ്‍' എന്നാണ് അടുത്തിടെ മുന്‍ ഫ്രഞ്ച് പ്രതിരോധ താരം ആദില്‍ റാമി കുബാര്‍സിയെ വിശേഷിപ്പിച്ചത്. ലോക ഫുട്ബോളിലെ ഇതിഹാസങ്ങള്‍ക്കൊപ്പം പേര് ചേര്‍ത്ത് തുടങ്ങുന്ന കാലത്ത് തന്‍റെ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നേയുള്ളൂ ഈ കൌമാരക്കാരന്‍ എന്നോര്‍ക്കണം.
''രാവിലെ മുഴുവൻ പരിശീലനം. വൈകീട്ട് മൂന്ന് മണിക്കാണ് സ്‌കൂളിലെത്തുക. പിന്നെ എട്ട് മണി വരെ ക്ലാസ്. ചാമ്പ്യൻസ് ലീഗ് മത്സരങ്ങളോ ലാലിഗ മത്സരങ്ങളോ ഉണ്ടെങ്കിൽ കളി കഴിഞ്ഞെത്തുന്ന ദിവസങ്ങളിൽ നോട്ടുകൾ എഴുതിപ്പൂർത്തിയാക്കാൻ അധ്യാപകർ സഹായിക്കും. മാർക്കറ്റിങ്ങിലോ ബിസിനസ് അഡ്മിനിസ്‌ട്രേഷനിലോ ഒരു ഡിഗ്രി ചെയ്യണമെന്നാണ് ആഗ്രഹം. അതിനാധ്യം സ്‌കൂൾ കാലം കഴിയണമല്ലോ. നമുക്ക് നോക്കാം'' പ്രായത്തിൽ കവിഞ്ഞ പക്വതയോടെ കുബാര്‍സി പറഞ്ഞുവക്കുന്നു. 2026 ല്‍ ഇതേ ഫോം തുടരുകയാണെങ്കില്‍ സ്പെയിനിന്‍റെ ലോകകപ്പ് ടീമില്‍ കുബാര്‍സിയുടെ പേരുണ്ടാകുമെന്നുറപ്പാണ്. 2010 ൽ സ്‌പെയിൻ ആദ്യമായി ഫുട്‌ബോളിന്റെ വിശ്വകിരീടത്തിൽ മുത്തമിടുമ്പോൾ മൂന്ന് വയസാണ് കുബാർസിയുടെ പ്രായം. ഒന്നരപ്പതിറ്റാണ്ടിനിപ്പുറം ലമീന്‍ യമാല്‍ മുതല്‍ കുബാര്‍സി വരെയുള്ള യുവരക്തങ്ങള്‍ അണിനിരക്കുന്ന സ്പാനിഷ് സംഘം വിശ്വവേദിയില്‍ പോരിനിറങ്ങുന്നത് സങ്കല്‍പ്പിച്ച് നോക്കൂ.