സ്റ്റോക്ക്‌സില്ല,ആൻഡേഴ്‌സനുണ്ട്; ഐപിഎൽ മെഗാലേലത്തിൽ രജിസ്റ്റർ ചെയ്തത് 1574 താരങ്ങൾ
യു.എ.ഇ, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോ താരങ്ങൾ ലേലത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്
ന്യൂഡൽഹി: ഐ.പി.എൽ മെഗാതാരലേലം ഈമാസം 24,25 തിയതികളിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും. പണക്കിലുക്കത്തിന്റെ വേദിയിൽ അവസരംകാത്ത് 1574 താരങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 1165 പേരും ഇന്ത്യക്കാരാണ്. വിദേശ താരങ്ങളായി 409 പേരാണ് ലേലത്തിൽ മാറ്റുരക്കുക. രജിസ്റ്റർ ചെയ്തവരിൽ 320 ക്യാപ്ഡ് പ്ലെയേഴ്‌സും 1224 പേർ അൺക്യാപ്ഡ് പ്ലയേഴ്‌സും ഉൾപ്പെടുന്നു.
ഐപിഎൽ താരലേലത്തിന് പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നവംബർ നാലായിരുന്നു. ഐസിസിയിൽ പൂർണ്ണ അംഗത്വമുള്ള പാകിസ്താൻ ഒഴികെയുള്ള രാജ്യങ്ങൾക്ക് പുറമെ ഇത്തവണ ഇറ്റലി, കാനഡ, നെതർലൻഡ്‌സ്, സ്‌കോട്ലൻഡ്, അമേരിക്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരും ലേലത്തിൽ പങ്കെടുക്കാനായി പേര് നൽകിയിട്ടുണ്ട്. ഇന്ത്യ കഴിഞ്ഞാൽ ദക്ഷിണാഫ്രിക്കയിൽ നിന്നാണ് കൂടുതൽ താരങ്ങൾ. 91 പേർ. ആസ്‌ത്രേലിയയിൽ നിന്ന് 76ഉം ഇംഗ്ലണ്ടിൽ നിന്ന് 52ഉം ന്യൂസിലാൻഡിൽ നിന്ന് 39 പേരും ഫ്രാഞ്ചൈസി യുദ്ധത്തിന്റെ ഭാഗമാകും. ഇറ്റലിയിൻ നിന്നും യു.എ.ഇയിൽ നിന്നും ഓരോ കളിക്കാരാണുള്ളത്. നിലനിർത്തിയ കളിക്കാരടക്കം ഓരോ ഫ്രാഞ്ചൈസിക്കും 25 താരങ്ങളെയാണ് പരമാവധി സ്‌ക്വാഡിൽ ഉൾപ്പെടുത്താനാകുക. ഇത് പ്രകാരം 10 ടീമുകളിലായി 204 കളിക്കാരെ മാത്രമാകും ടീമുകൾ ലേലത്തിൽ കൂടാരത്തിലെത്തിക്കുക. 1574 പേരുടെ നീണ്ട ലിസ്റ്റിൽ നിന്ന് തങ്ങൾക്ക് ആവശ്യമുള്ള ഏതാനും പേരെ സെലക്ട് ചെയ്യുകയെന്നത് ഫ്രാഞ്ചൈസിക്കും ശ്രമകരമായ ദൗത്യമാകും.
2014ന് ശേഷം ഇതുവരെ ഒരു ടി20 പോലും കളിക്കാത്ത ഇംഗ്ലീഷ് പേസർ ജെയിസ് ആൻഡേഴ്‌സൺ ഇത്തവണ ഐപിഎൽ ലേലത്തിനായി രജിസ്റ്റർ ചെയ്തത് ശ്രദ്ധേയമായി. ഇന്ത്യൻ പ്രീമിയർലീഗിൽ പ്രഥമ സീസൺ ലക്ഷ്യമിടുന്ന ജിമ്മിയെ ഏതെങ്കിലും ഫ്രാഞ്ചൈസി വിളിച്ചെടുക്കുമോ അതോ സോൾഡ് ഔട്ടാകുമോയെന്നറിയാൻ ഈമാസം 24 വരെ കാത്തിരിക്കേണ്ടിവരും. 1.25 കോടിയാണ് ആൻഡേഴ്‌സന്റെ ബേസ്‌പ്രൈസ്. പരിക്ക് അലട്ടുന്ന ഇംഗ്ലീഷ് നായകനും ഓൾറൗണ്ടറുമായ ബെൻ സ്‌റ്റോക്ക്‌സ് രജിസ്റ്റർ ചെയ്യാത്തതിനാൽ ഇത്തവണ ലേലത്തിനുണ്ടാകില്ലെന്നുറപ്പായി. കഴിഞ്ഞ സീസണിൽ വിവിധ ടീമുകളെ നയിച്ചിരുന്ന കെ.എൽ രാഹുൽ, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവരെ ഉയർന്ന ബിഡ് നൽകി ആരു കൂടാരത്തിലെത്തിക്കുമെന്നതും മെഗാലേലത്തിന്റെ പ്രധാന സസ്‌പെൻസുകളിലൊന്നാണ്. 46 കളിക്കാരെ ടീമുകൾ മെഗാലേലത്തിന് മുമ്പ് തന്നെ നിലനിർത്തുകയും ചെയ്തിരുന്നു. 120 കോടിയാണ് ലേലത്തിൽ ഓരോ ടീമിനും പരമാവധി ചെലവഴിക്കാവുന്ന തുക. നിലനിർത്തിയ കളിക്കാർക്കായി ചെലവിട്ട തുക കിഴിച്ചുള്ള തുക മാത്രമേ ഫ്രാഞ്ചൈസികൾക്ക് ലേലത്തിൽ ചെലവഴിക്കാനാകു.