സൂപ്പര്‍ ഫോറില്‍ തിരിച്ചടിച്ച് ശ്രീലങ്ക; അഫ്ഗാനിസ്താനെതിരെ നാല് വിക്കറ്റ് ജയം

ഗ്രൂപ്പ് ഘട്ടത്തില്‍ എട്ട് വിക്കറ്റിന് തങ്ങളെ പരാജയപ്പെടുത്തിയ അഫ്ഗാനിസ്താനോടുള്ള മധുരപ്രതികാരം കൂടിയാണ് ശ്രീലങ്കയുടെ വിജയം.

Update: 2022-09-03 17:49 GMT
Editor : Nidhin | By : Web Desk
Advertising

ഷാര്‍ജ: ഏഷ്യ കപ്പ് സൂപ്പർ ഫോറിലെ ആദ്യ പോരാട്ടത്തിൽ അഫ്ഗാനിസ്താനെതിരെ ശ്രീലങ്കക്ക് വിക്കറ്റ് ആറ് വിക്കറ്റ് വിജയം. അഫ്ഗാന്‍ ഉയര്‍ത്തിയ 176 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ശ്രീലങ്ക അഞ്ച് പന്ത് ബാക്കിനില്‍ക്കെയാണ് ലക്ഷ്യം മറികടന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ എട്ട് വിക്കറ്റിന് തങ്ങളെ പരാജയപ്പെടുത്തിയ അഫ്ഗാനിസ്താനോടുള്ള മധുരപ്രതികാരം കൂടിയാണ് ശ്രീലങ്കയുടെ വിജയം.

ഓപ്പണർമാരായ പാത്തും നിസങ്ക 28 പന്തിൽ 35 റൺസും കുശാൽ മെൻഡിസ് 19 പന്തിൽ 36 റൺസ് നേടി ശ്രീലങ്കക്ക് മികച്ച തുടക്കം നല്‍കിയിരുന്നു. പിന്നീട് വന്ന ചരിത് അസലങ്കയും(8) നായകന്‍ ദാസുൻ ശനകയും (10) നിരാശപ്പെടുത്തിയെങ്കിലും ഗുണതിലകെയും ഭാനുക രജപക്സയും ചേർന്ന് അഫ്ഗാൻ ബോളർമാരെ കണക്കിന് ശിക്ഷിച്ചു. നവീൻ ഉൾ ഹഖ് എറിഞ്ഞ 16-ാം ഓവറിൽ 18 റൺസാണ് രജപക്സ നേടിയത്. ഇതോടെ മത്സരത്തില്‍ ലങ്ക ട്രാക്കിലേക്ക് തിരിച്ചെത്തി.

20 പന്തില്‍ 33 റണ്‍സെടുത്ത ഗുണതിലകയെ റാഷിദ് ഖാന്‍ ബൌള്‍ഡാക്കുകയായിരുന്നു. പിന്നീടെത്തിയ ഹസരങ്കയും (ഒന്‍പത് പന്തില്‍ 16 റണ്‍സ്) അവസാന ഓവറുകളില്‍ ആഞ്ഞടിച്ചു. ലക്ഷ്യത്തിന് തൊട്ടരികെ വെച്ച് രജപക്സയുടെ(14 പന്തില്‍ 31 റണ്‍സ് ) വിക്കറ്റ് വീണെങ്കിലും ശ്രീലങ്ക അപ്പോഴേക്കും വിജയതീരത്തെത്തിയിരുന്നു. അവസാന ഓവറിന്‍റെ ആദ്യ പന്തില് ബൌണ്ടറി നേടി ചാമിക കരുണരത്നെ ബൌണ്ടറി നേടിയാണ് ശ്രീലങ്കക്ക് വിജയമൊരുക്കിയത്. അഫ്ഗാനിസ്താനു വേണ്ടി നവീന്‍ ഉല്‍ ഹഖും മുജീബുര്‍ റ്ഹമാനും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

നേരത്തെ ശ്രീലങ്കക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിനിങിനിറങ്ങിയ അഫ്ഗാനിസ്താനെ മികച്ച സ്‌കോറിലേക്ക് നയിച്ചത് റഹ്‌മാനുള്ള ഗുർബാസിന്റെ വെടിക്കെട്ട് ബാറ്റിങാണ്. ഗുർബാസിനൊപ്പം ഓപ്പണിങ് ഇറങ്ങിയ ഹസ്രത്തുള്ള സാസി പവർ പ്ലേ തീരും മുമ്പ് 16 പന്തിൽ 13 റൺസുമായി മടങ്ങിയത് അഫ്ഗാന് അപ്രതീക്ഷിത അടിയായെങ്കിലും ഗുർബാസ് അതൊന്നും ഗൗനിച്ചില്ല. അദ്ദേഹം ഒരു ബോളറെയും വിടാതെ ശിക്ഷിച്ചു. 22 പന്തിൽ ഗുർബാസിന്റെ അർധ സെഞ്ച്വറി പിറന്നു. അഫ്ഗാന് വേണ്ടി ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ട്വന്റി-20 അർധ സെഞ്ച്വറിയാണിത്.

16-ാം ഓവറിൽ 45 പന്തിൽ 84 റൺസുമായി ഗുർബാസ് മടങ്ങുമ്പോൾ അഫ്ഗാൻ സ്‌കോർ ബോർഡ് 139 ലെത്തിയിരുന്നു. ഗുർബാസ് മടങ്ങിയതോടെ അഫ്ഗാൻ സ്‌കോർ ബോർഡ് ചലിക്കുന്ന വേഗം കുറഞ്ഞു. തുടരെ തുടരെ അഫ്ഗാൻ വിക്കറ്റുകൾ വീണതോടെ 200 ലേക്ക് നീങ്ങിയിരുന്ന സ്‌കോർ 175 ൽ അവസാനിക്കുകയായിരുന്നു. 40 റൺസ് നേടിയ ഇബ്രാഹിം സദ്രാൻ അഫ്ഗാൻ നിരയിൽ രണ്ടാമതായെങ്കിലും 38 പന്തെടുത്തു എന്നത് വിനയായി. നജീബുള്ള സദ്രാൻ(17) റണൗട്ടായതും നിർഭാഗ്യമായി. ഫിനിഷ് ചെയ്യുമെന്ന് പ്രതീക്ഷിച്ച ക്യാപ്റ്റൻ മുഹമ്മദ് നബി ഒരു റൺസ് മാത്രം നേടി മടങ്ങി. റാഷിദ് ഖാൻ (9) അവസാന പന്തിൽ റണൗട്ടായി. കരിം ജനത്തിന് റൺസ് ഒന്നും നേടാനായില്ല.

ശ്രീലങ്കക്ക് വേണ്ടി ദിൽഷന് മധുഷനക രണ്ട് വിക്കറ്റും മഹേഷ് തീക്ഷ്ണ, അഷിത ഫെർണാണ്ടോ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News