ബോര്‍ഡര്‍ ഗവാസ്‍കര്‍ ട്രോഫിയില്‍ കോഹ്‍ലിയെ കാത്ത് മൂന്ന് വമ്പന്‍ റെക്കോര്‍ഡുകള്‍
നാല് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര നാളെ നാഗ്‍പൂരില്‍ ആരംഭിക്കും
നാഗ്‍പൂര്‍: ബോര്‍ഡര്‍ ഗവാസ്കകര്‍ ട്രോഫി അരങ്ങേറാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും ആസ്ത്രേലിയയില്‍ വച്ച് അരങ്ങേറിയ പരമ്പരയില്‍ ഇന്ത്യയായിരുന്നു ജേതാക്കള്‍. നാളെ നാഗ്പൂരില്‍ ആരംഭിക്കുന്ന പരമ്പരക്കായി ഇരു ടീമുകളും ഒരുങ്ങിക്കഴിഞ്ഞു.
പരമ്പരയില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്‍ലിയെ കാത്തിരിക്കുന്നത് ചില വമ്പന്‍ റെക്കോര്‍ഡുകളാണ്. സച്ചിന്‍റെ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കുന്നത് തുടര്‍ക്കഥയാക്കിയ കോഹ്‍ലി ഇക്കുറിയും സച്ചിന്‍റെ മറ്റൊരു വലിയ റെക്കോര്‍ഡ് മറികടക്കാനുള്ള ഒരുക്കത്തിലാണ്. ആസ്ത്രേലിയക്കെതിരെ കൂടുതല്‍ സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡ് സച്ചിന്‍റെ പേരിലാണ്. 11 സെഞ്ച്വറികളാണ് സച്ചിന്‍ ഓസീസിനെതിരെ നേടിയിട്ടുള്ളത്. സച്ചിന്‍റെ ഈ റെക്കോര്‍ഡ് മറികടക്കാന്‍ കോഹ്‍ലിക്ക് ഇനി നാല് സെഞ്ച്വറികള്‍ കൂടി മതി. പട്ടികയില്‍ ഏഴ് സെഞ്ച്വറികളുമായി നിലവില്‍ മൂന്നാം സ്ഥാനത്താണ് കോഹ്‍ലി. എട്ട് സെഞ്ച്വറികള്‍ നേടിയ ഗവാസ്‍കറാണ് രണ്ടാം സ്ഥാനത്ത്.
ടെസ്റ്റ് ക്രിക്കറ്റിൽ റൺവേട്ടയിൽ ആദ്യ അഞ്ചിലെത്താൻ ഇനി കോഹ്ലിക്ക് 391 റൺസ് കൂടെ മതി. നിലവിൽ ടെസ്റ്റിൽ 8119 റൺസാണ് കോഹ്‍ലിയുടെ സമ്പാദ്യം. അഞ്ചാം സ്ഥാനത്തുള്ള സെവാഗിനെ മറികടക്കാൻ 391 റൺസിന്റെ ദൂരം മാത്രം. പരമ്പരയിൽ 64 റൺസ് തികച്ചാൽ കോഹ്ലിക്ക് കരിയറില് 25,000 റൺസ് എന്ന മാന്ത്രിക സംഖ്യയിലെത്താം.