ബംഗ്ലാദേശിനായി ഫീല്‍ഡ് സെറ്റ് ചെയ്തത് എന്തിന്? പന്തിന്‍റെ മറുപടി ഇങ്ങനെ
പരമ്പരക്ക് മുമ്പ് ഇന്ത്യയെ വെല്ലുവിളിച്ചെത്തിയ ഷാന്റോയെ പന്ത് ട്രോളുകയാണോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയയിൽ പലരും രംഗത്തെത്തിയിരുന്നു
ചെപ്പോക്ക് ടെസ്റ്റിന്റെ മൂന്നാം ദിനം. ഇന്ത്യൻ ഇന്നിങ്‌സ് പുരോഗമിക്കുന്നതിനിടെ റിഷഭ് പന്ത് ബംഗ്ലാദേശ് നായകന് ഫീൽഡർമാരെ എവിടെ നിർത്തണമെന്ന് കാണിച്ച് കൊടുക്കുന്നൊരു ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി. ലെഗ്‌സൈഡിൽ ആളില്ലെന്നും ഒരാളെ അവിടെ നിർത്തണം എന്നുമായിരുന്നു പന്തിന്റെ ആവശ്യം. ഈ നിർദേശം സ്വീകരിച്ച ഷാന്‍റോ അവിടെ ഒരു ഫീൽഡറെ പ്ലെയിസ് ചെയ്യുകയും ചെയ്തു. പരമ്പരക്ക് മുമ്പ് ഇന്ത്യയെ വെല്ലുവിളിച്ചെത്തിയ ഷാന്റോയെ പന്ത് ട്രോളുകയാണോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയയിൽ പലരും രംഗത്തെത്തി. ഈ ദൃശ്യങ്ങൾ കണ്ടു നിന്ന കമന്റേറ്റർമാർക്ക് പോലും ചിരിയടക്കാനാവുന്നുണ്ടായിരുന്നില്ല.
എന്നാൽ മത്സരശേഷം താനാ നിർദേശം നൽകിയത് എന്തിനായിരുന്നു എന്ന് പന്ത് മനസ്സ് തുറന്നു. ''മുൻ ഇന്ത്യൻ ക്രിക്കറ്റർ അജയ് ജഡേജയും ഞാനും ക്വാളിറ്റി ക്രിക്കറ്റിനെ കുറിച്ച് നിരന്തരമായി സംസാരിക്കാറുണ്ട്. അത് സ്വന്തം ടീമിലാണെങ്കിലും എതിരാളികളുടെ കാര്യത്തിലാണെങ്കിലും. ഞാൻ ബാറ്റ് ചെയ്യുന്ന സമയത്ത് മിഡ് വിക്കറ്റിൽ ഫീൽഡർമാരൊന്നുമുണ്ടായിരുന്നില്ല. എന്നാൽ മറ്റൊരിടത്ത് അനാവശ്യമായി രണ്ട് ഫീൽഡർമാരെ നിർത്തിയിട്ടുമുണ്ട്. അത് കൊണ്ടാണ് ഒരു ഫീൽഡറെ ലെഗ്‌സൈഡിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടത്''- പന്ത് പറഞ്ഞു.
ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനമാണ് പന്ത് പുറത്തെടുത്തത്. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ കൂറ്റൻ ലീഡ് പടുത്തുമ്പോൾ അഞ്ചാമനായി ക്രീസിലെത്തി സെഞ്ച്വറി കുറിച്ച പന്തിന്റെ ഇന്നിങ്‌സ് നിർണായകമായി. 128 പന്തിൽ 109 റൺസ് കുറിച്ച പന്ത് ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. നാല് സിക്‌സും 13 ഫോറും അയാളുടെ ബാറ്റിൽ നിന്ന് പ്രവഹിച്ചു. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഏറെ നാളത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ പന്ത് തന്റെ കംബാക്ക് രാജകീയമാക്കി. 634 ദിവസങ്ങൾക്ക് ശേഷമാണ് പന്തിന്റെ ബാറ്റിൽ നിന്നൊരു സെഞ്ച്വറി പിറന്നത്.