സിരി സംഭാഷണങ്ങൾ ചോർത്തുന്നെന്ന് പരാതി; 95 മില്യൺ കൊടുത്ത് കേസ് ഒതുക്കാനൊരുങ്ങി ആപ്പിൾ
തൊട്ടുമുമ്പ് സംസാരിച്ച വസ്തുക്കളെക്കുറിച്ച് ഫോണിൽ പരസ്യം വരുന്നത് ആപ്പിൾ ഉപഭോക്താക്കൾ വൻതോതിൽ റിപ്പോർട്ട് പിന്നാലെയാണ് നിയമനടപടി ആരംഭിച്ചത്, സമാനമായ പരാതി ആൻഡ്രോയ്ഡ് ഒഎസിൻ്റെ ഉപജ്ഞാതാക്കളായ ഗൂഗിളിനെതിരെയും ഉയർന്നിട്ടുണ്ട്
കാലിഫോർണിയ: ഉപകരണങ്ങൾ അനുമതിയില്ലാതെ ആളുകളുടെ സംഭാഷണങ്ങൾ നിരീക്ഷിക്കുന്നു എന്ന കേസിൽ 95 മില്യൺ ഡോളർ (ഏകദേശം 820 കോടി രൂപ) കൊടുത്ത് ഒത്തുതീർപ്പിലേക്കെത്താനൊരുങ്ങി ടെക് ഭീമൻ ആപ്പിൾ.
വെർച്വൽ അസിസ്റ്റന്റായ സിരിയിലൂടെ ആളുകളുടെ സംഭാഷണങ്ങൾ അനുമതിയില്ലാതെ ആപ്പിൾ ചോർത്തുന്നു എന്നായിരുന്നു ആപ്പിളിനെതിരെ ഉയർന്നുവന്ന ആരോപണം.
സിരി റെക്കോഡ് ചെയ്ത സംഭാഷണങ്ങൾ പരസ്യദാതാക്കളുമായി പങ്കുവെച്ചുവെന്നും ആരോപണമുണ്ട്. യുഎസ് കാലിഫോർണിയയിലെ കോടതിയിലായിരുന്നു കേസ് വാദിച്ചത്.
'ഹേയ് സിരി' എന്ന് പറയുന്നതിലൂടെയാണ് വെർച്വൽ അസിസ്റ്റന്റ് ആക്ടീവാകുന്നത്. എന്നാൽ ചില സമയങ്ങളിൽ സിരി സ്വയം ആക്ടീവാകുകയും ശബ്ദങ്ങളും സംഭാഷണങ്ങളും നിരീക്ഷിക്കുകയും, സംഭാഷണങ്ങളിൽ ചർച്ച ചെയ്ത ഉപകരണങ്ങളെക്കുറിച്ചോ വസ്തുക്കളെക്കുറിച്ചോ പിന്നീട് ഫോണിൽ പരസ്യം വരുന്നതിനെക്കുറിച്ച് വ്യാപകമായി പരാതി ഉയർന്നുവന്നിരുന്നു.
2014 സെപ്തംബർ, 17 മുതൽ 2024 ഡിസംബർ 31 വരെ ആപ്പിളിന്റെ വെർച്വൽ അസിസ്റ്റ് ഉള്ള ഉപകരണങ്ങൾ ഉപയോഗിച്ചവർക്ക് ഓരോരുത്തർക്കും 20 ഡോളർ വെച്ചാണ് ആപ്പിൾ നൽകുക. ഇതില് കോടിക്കണക്കിന് ഉപഭോക്താക്കൾ ഉൾപ്പെടുന്നു. കേസിൽ വാദിച്ച അഭിഭാഷകർ ഒത്തുതീർപ്പ് തുകയിൽ നിന്ന് 28.5 മില്യൺ ഡോളർ ഫീസായും, മറ്റു ചെലവുകൾക്കായി 1.1 മില്യൺ ഡോളറും ആവശ്യപ്പെടും.
തങ്ങൾക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ നിഷേധിച്ച ആപ്പിൾ കൂടുതൽ നിയമനടപടികൾ നേരിടാതിരിക്കാനാണ് ഇത്രയും വലിയ തുക നൽകി ഒത്തുതീർപ്പിലേക്ക് പോകുന്നത്.
95 മില്യൺ ഡോളർ ആപ്പിളിനെ സംബന്ധിച്ച് ചെറിയ തുകയാണ്. കഴിഞ്ഞ വർഷം മാത്രം ടെക് ഭീമൻ ഉണ്ടാക്കിയ ലാഭം 93.74 ബില്യൺ ഡോളറാണ്. ഒത്തുതീർപ്പ് തുക ആപ്പിളിന്റെ ഒമ്പത് മണിക്കൂർ നേരത്തെ വരുമാനം മാത്രമാണ്.
മറ്റൊരു ടെക് ഭീമനായ ഗൂഗിളും സമാനമായ കേസിൽ നിയമനടപടിക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഗൂഗിളിന്റെ വെർച്വൽ അസിസ്റ്റന്റ് സമാനമായ രീതിയിൽ സംഭാഷണങ്ങൾ റെക്കോഡ് ചെയ്ത് പരസ്യദാതാക്കൾക്ക് ഇത് കൈമാറുന്നുവെന്നാണ് കേസ്. ആപ്പിളിന്റെ കേസ് വാദിച്ച വടക്കൻ കാലിഫോർണിയയിലെ അതേ കോടതി തന്നെയാണ് ഗൂഗിളിന്റെ കേസും പരിഗണിക്കുന്നത്. ആപ്പിളിനെതിരെ വാദിച്ച അതേ അഭിഭാഷകരാണ് ഗൂഗിളിനെതിരെയും വാദിക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ നിരവധി കേസുകളും ആരോപണങ്ങളുമായിരുന്നു ആപ്പിളിനെതിരെ ഉയർന്നുവന്നത്.
2024 ജനുവരിയിൽ മുൻ മോഡലുകളുടെ പ്രവർത്തനവേഗത പുതിയ മോഡലുകൾ ഇറങ്ങുമ്പോൾ കുറയ്ക്കുന്നു എന്ന പരാതിയിൽ യുഎസിൽ ആപ്പിളിന് 500 മില്യൺ ഡോളർ പിഴയടക്കാൻ വിധിച്ചിരുന്നു. പിന്നീട് ഇത് 490 മില്യൺ ആയി കുറച്ചു.
സ്റ്റോറേജ് സേവനമായ ഐക്ലൗഡിന് അനധികൃത പണം ഈടാക്കുന്നെന്ന് ആപോപിച്ച് നവംബറിൽ ആപ്പിളിനെതിരെ മറ്റൊരു കേസും ഉയർന്നുവന്നിട്ടുണ്ട്.
ഇവ കൂടാതെ സ്വന്തം ജീവനക്കാരുടെ വ്യക്തിഗത ഡിവൈസുകളിലും കൗഡ് അക്കൗണ്ടുകളിലും അനധികൃതമായി നിരീക്ഷണം നടത്തിയെന്ന പരാതിയിൽ ടെക് ഭീമൻ ആപ്പിളിനെതിരെ നിയമനടപടി ഉയർന്നുവന്നിരുന്നു. ശമ്പളവും തൊഴിൽ സാഹചര്യവും ചർച്ച ചെയ്യുന്നതിൽ നിന്നും തടഞ്ഞുവെന്നും പരാതിയുണ്ട്. ആപ്പിളിന്റെ ഡിജിറ്റൽ പരസ്യമേഖലയിൽ പ്രവർത്തിക്കുന്ന അമർ ഭക്ത എന്ന ജീവനക്കാരനാണ് കാലിഫോർണിയ കോടതിയിൽ ആപ്പിളിനെതിരെ പരാതിപ്പെട്ടത്. കമ്പനിയിലെ തൊഴിലാളികളോട് ആപ്പിൾ അവരുടെ വ്യക്തിഗത ഇ-മെയിൽ, ഫോട്ടോ ലൈബ്രറികൾ, ആരോഗ്യം നിരീക്ഷിക്കുന്ന ആപ്പുകൾ എന്നിവയിൽ ആക്സസ് ഉള്ള സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്നുവെന്നാണ് ഭക്ത സമർപ്പിച്ച പരാതിയിലുള്ളത്. ഇവ കൂടാതെ ജോലിക്കാരുടെ വീടുകളുടെ റിമോട്ട് ആക്സസ് സേവനത്തിനായുള്ള സ്മാർട്ട് ഹോം ഫീച്ചറും, മറ്റ് സ്വകാര്യ വിവരങ്ങളും ആപ്പിൾ നിരീക്ഷിക്കുന്നുണ്ടെന്നും പരാതിയിലുണ്ട്. ഈ ആരോപണങ്ങൾക്ക് പുറമെ തൊഴിൽ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിൽ നിന്നും, ഈ വിവരങ്ങൾ മറ്റുള്ളവരുമായി നിയമപരമായി പങ്കുവെക്കുന്നതിൽ നിന്നും ജീവനക്കാരെ വിലക്കുന്ന നടപടികളും ആപ്പിൾ സ്വീകരിക്കുന്നുണ്ടെന്നും പരാതിയിലുൾപ്പെടുന്നു.