ഐഫോണിനെ പിന്നിലാക്കുമോ ഗൂഗിൾ പിക്സൽ? 9 സീരീസിലെ കിടിലൻ ഫീച്ചറുകൾ അറിയാം
എ.ഐ സാങ്കേതികവിദ്യ സംയോജിപ്പിച്ചുള്ള ജെമിനി ലൈവും ആഡ് മീ കാമറാ ഫീച്ചറുകളും വെതർ ആപ്പും സാറ്റലൈറ്റ് എസ്.ഒ.എസുമെല്ലാം പിക്‌സൽ 9 സീരീസിന്റെ മാത്രം സവിശേഷതകളാണ്
വാഷിങ്ടൺ: ദിവസങ്ങൾക്കുമുൻപാണ് പുതിയ പിക്‌സൽ 9 സീരീസ് സ്മാർട്ട്‌ഫോണുകൾ ഗൂഗിൾ അവതരിപ്പിച്ചത്. ഐഫോണിനു വൻ വെല്ലുവിളി ഉയർത്തുന്ന ഫീച്ചറുകളുമായാണ് ഓരോ മോഡലും വിപണിയിലെത്തുന്നത്. ആപ്പിളിന്റെ എ.ഐ സാങ്കേതികവിദ്യയായ ആപ്പിൾ ഇന്റലിജൻസിനെ വെല്ലാൻ ജെമിനിയുടെ പുതുപുത്തൻ സങ്കേതങ്ങൾ സംയോജിപ്പിച്ചാണ് പിക്‌സൽ 9 സീരീസ് ഫോണുകളെല്ലാം ഒരുക്കിയിരിക്കുന്നതെന്നതു തന്നെയാണ് ഏറ്റവും പ്രധാന ആകർഷണം. ഇതോടൊപ്പം കിടിലൻ കാമറാ ഫീച്ചറുകളുമുണ്ട്.
ഗൂഗിൾ പിക്സൽ 9, പിക്‌സൽ 9 പ്രോ, പിക്‌സൽ 9 പ്രോ എക്സ്.എൽ, പിക്‌സൽ 9 പ്രോ ഫോൾഡ് എന്നിവയാണ് ഗൂഗിൾ പുതുതായി അവതരിപ്പിച്ച ആൻഡ്രോയ്ഡ് മോഡലുകൾ. ഐഫോൺ 16 ഫോണുകൾ വിപണിയിലിറങ്ങാനിരിക്കെയാണ് പിക്സൽ 9 സീരീസിലൂടെ ഗൂഗിൾ ഞെട്ടിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയ്ഡ് ഫോണുകളിൽനിന്ന് ആപ്പിളിലേക്കു ചുവടുമാറ്റിയ ഉപയോക്താക്കളെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഫീച്ചറുകളാണ് പിക്സൽ 9 മോഡലുകളിലുള്ളതെന്നാണ് ടെക്് വിദഗ്ധർ വിലയിരുത്തുന്നത്. ഐഫോണിനു നൽകാവുന്നതിനപ്പുറമുള്ള സാങ്കേതികത്തികവും മേന്മയുമാണ് പിക്സൽ 9 സീരീസിൽ ഗൂഗിൾ അവകാശപ്പെടുന്നത്.
പിക്സൽ 9 മോഡലുകളുടെ പ്രധാന ഫീച്ചറുകൾ ഇങ്ങനെയാണ്:
1. ടെൻസർ ജി4 ചിപ്
ഗൂഗിൾ ഡീപ്‌മൈൻഡ് വികസിപ്പിച്ച ടെൻസർ ജി4 ചിപ് ആണ് പിക്‌സൽ 9 സീരീസിന്റെ മസ്തിഷ്‌കം എന്നു തന്നെ പറയാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനന്തമായ സാധ്യതകളെ കൂടി ഉപയോഗപ്പെടുത്തിയുള്ള ഈ പ്രോസസർ പുത്തൻ അനുഭവമായിരിക്കും ഉപയോക്താക്കൾക്കു പകർന്നുനൽകുക. ഗൂഗിളിന്റെ തന്നെ ജെമിനി നാനോ ഉൾപ്പെടെയുള്ള അത്യാധുനികമായ എ.ഐ മോഡലുകളുമായി സംയോജിപ്പിച്ചായിരിക്കും ഇതിന്റെ പ്രവർത്തനം.
2. ജെമിനി ലൈവ്
ചാറ്റ് ജി.പി.ടി ഉടമകളായ ഓപൺ എ.ഐയ്‌ക്കെതിരെ ഗൂഗിൾ ഇപ്പോൾ അവതരിപ്പിച്ച എ.ഐ വോയിസ് അസിസ്റ്റന്റ് ആപ്പ് ആണ് ജെമിനി ലൈവ്. ഗൂഗിളിന്റെ എ.ഐ ചാറ്റ്‌ബോട്ട് സെർച്ച് എൻജിനായ ജെമിനിയിലേക്ക് വോയ്‌സ് ചാറ്റ് ഫീച്ചർ കൂടി ചേർത്താണ് ഇപ്പോൾ ജെമിനി ലൈവ് പുറത്തിറക്കിയിരിക്കുന്നത്. വോയ്‌സ് ചാറ്റിലൂടെ എ.ഐ ബോട്ടുമായി ആശയവിനിമയം നടത്താനാകും. കൂടുതൽ വേഗത്തിലും വ്യക്തതയിലും മറുപടിയും ലഭിക്കുമെന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്.
നിലവിൽ ജെമിനി അഡ്വാൻസ്ഡ് ഉപയോക്താക്കൾക്കു മാത്രമാണ് ജെമിനി ലൈവും ലഭ്യമായിട്ടുള്ളത്. എന്നാൽ, ഗൂഗിൾ പിക്സലിന്റെ 9 പ്രോ, 9 പ്രോ എക്സ്.എൽ, 9 പ്രോ ഫോൾഡ് മോഡലുകളിലെല്ലാം ഒരു വർഷത്തേക്ക് ജെമിനി ലൈവ് സേവനം ലഭിക്കും.
3. എ.ഐ കാമറാ ഫീച്ചറുകൾ
എ.ഐ സാങ്കേതികവിദ്യയ്ക്കൊപ്പം കാമറ തന്നെയാകും പുതിയ പിക്സൽ സീരീസിലും എല്ലാവരും ഉറ്റുനോക്കുന്നത്. എ.ഐ സംയോജിപ്പിച്ചുള്ള അത്യാധുനിക ഫീച്ചറുകൾ തന്നെ പിക്സൽ ഒരുക്കിയിട്ടുണ്ട്.
-ആഡ് മീ
'ആഡ് മീ' ആണ് കൂട്ടത്തിൽ ഏറ്റവും കൗതുകമുണർത്തുന്ന ഫീച്ചർ. കോളജ് സംഗമത്തിലോ ഫാമിലി മീറ്റിലോ കാമറാമാൻ ഫോട്ടോയിൽനിന്നു പുറത്തായിപ്പോകുന്ന സങ്കടം ഇനി വേണ്ട. ഇതിനായി ട്രൈപോഡുകൾ ഉപയോഗിക്കുകയും അപരിചിതരുടെ സഹായം തേടുകയും വേണ്ട. അതിനാണ് പിക്സലിന്റെ ആഡ് മീ ഫീച്ചർ. ഈ ഫീച്ചറിൽ ക്ലിക്ക് ചെയ്താൽ കാമറാമാനും സാധാരണ ഫോട്ടോയിൽ തന്നെ ചിത്രത്തിൽ ഇടംപിടിക്കാനാകും.
-റീബിൽറ്റ് പനോരമ
ഇരുണ്ട വെളിച്ചത്തിലും മോശം കാലാവസ്ഥയിലും വ്യക്തതയോടെ ചിത്രങ്ങൾ പകർത്താൻ റീബിൽറ്റ് പനോരമ സഹായിക്കും. ഇതുവരെ പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകളിൽ ഏറ്റവും മികച്ച ലോ-ലൈറ്റ് പനോരമ കാമറയാണിതെന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്.
-മാജിക് എഡിറ്റർ
ഗൂഗിൾ ഫോട്ടോയിലെ മാജിക് എഡിറ്ററിൽ പുതിയ ഫീച്ചറുകൾ ചേർത്താണ് പിക്സൽ 9 സീരീസ് തയാറാക്കിയത്. കൂടുതൽ മികവോടെ ഫ്രെയിം സെറ്റ് ചെയ്യാൻ സഹായിക്കുന്ന ഓട്ടോഫ്രെയിം ആണ് ഇതിന്റെ പ്രത്യേകതകളിലൊന്ന്. എന്തൊക്കെയാണ് നിങ്ങൾക്കു ഫ്രെയിമിൽ കാണേണ്ടതെന്ന് ടൈപ്പ് ചെയ്തുകൊടുത്താൽ മതിയാകും, അതപ്പടി ഫോട്ടോയിൽ പകർത്തിവച്ചിരിക്കും മാജിക് എഡിറ്റർ.
4. പിക്‌സൽ സ്‌ക്രീൻഷോട്ട്
ഫോണിൽ സ്‌ക്രീൻഷോട്ട് എടുക്കുന്നന്നവ കളക്ഷൻ പോലെ സൂക്ഷിച്ചുവയ്ക്കാനും ആവശ്യം വരുമ്പോൾ വേഗത്തിൽ എടുത്ത് ഉപയോഗിക്കാനും സഹായിക്കുന്നതാണ് ഈ ഫീച്ചർ.
5. എ.ഐ പിന്തുണയുള്ള പിക്‌സൽ വെതർ ആപ്പ്
ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങൾ കൂടുതൽ കൃത്യതയോടെ നിങ്ങളെ അറിയിക്കും പിക്സൽ വെതർ ആപ്പ്. എ.ഐ പിന്തുണ കൂടി ആകുമ്പോൾ കൃത്യതയും വ്യക്തതയും ഇരട്ടിയാകും. പുതിയ കാലാവസ്ഥാ മാറ്റങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകൾ അപ്പപ്പോൾ തന്നെ വിശദമായി തന്നെ ഉപയോക്താക്കൾക്കു ലഭ്യമാക്കും.
6. ഓഡിയോ ക്വാളിറ്റിയും കോൾ നോട്ടുകളും
ഓഡിയോ നിലവാരം പഴയതിലും ഇരട്ടിയാകും പുതിയ സീരീസിൽ. ഫോൺ കോളുകൾ ഉൾപ്പെടെ എല്ലാത്തിനും ഇനി കൂടുതൽ തെളിച്ചമുണ്ടാകും. കോൾ അവസാനിച്ചാൽ ഫോൺ സംഭാഷണത്തിന്റെ സംഗ്രഹം തയാറാക്കിനൽകുന്ന കോൾ നോട്ട്സ് എന്ന ഫീച്ചറും ഇതോടൊപ്പമുണ്ട്. സ്വകാര്യത സംരക്ഷിക്കാനായി ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്താൽ കോളിന്റെ മറുവശത്തുള്ളയാൾക്ക് അതിന്റെ നോട്ടിഫിക്കേഷനും ലഭിക്കും.
7. സാറ്റലൈറ്റ് എസ്.ഒ.എസ്
അടിയന്തര ഘട്ടങ്ങളിൽ സന്ദേശം കൈമാറുന്നതിനായി ഗൂഗിളിന്റെ പുതിയ സാറ്റലൈറ്റ് എസ്.ഒ.എസിന്റെ സേവനം പിക്സൽ 9 സീരീസിലും ലഭിക്കും. ഗൂഗിൾ സാറ്റലൈറ്റ് എസ്.ഒ.എസുകൾ ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭ്യമാക്കുന്നതും ഇതാദ്യമായാണ്. സെല്ലുലാർ സർവീസില്ലാതെ തന്നെ നമ്മുടെ ലൊക്കേഷൻ കൈമാറാൻ ഇതുവഴി സാധിക്കും.
പിക്സൽ 9ൽ 12 ജി.ബിയും പ്രോ വേരിയന്റുകളിൽ 16 ജി.ബിയുമാണ് റാം. പിക്സൽ 9ൽ 6.3 ഇഞ്ച് ആക്ച്വാ ഒ.എൽ.ഇ.ഡിയും പ്രോയിലും പ്രോ എക്സ്.എല്ലിലും യഥാക്രമം 6.3, 6.8 സൂപ്പർ ആക്ച്വാ ഇഞ്ച് ഡിസ്പ്ലേയുമാണുള്ളത്. അതിസൂക്ഷ്മമായ വസ്തുക്കൾ പോലും പകർത്താൻ ശേഷിയുള്ള, എ.ഐ സാങ്കേതികവിദ്യയുടെ പിൻബലമുള്ള സൂപ്പർ റെസ് സൂം വിഡിയോയും 8കെ വിഡിയോ ബൂസ്റ്റും ഈ ഫോണുകളിലെല്ലാം ഉണ്ടാകും. പിക്സൽ 9ന് 79,999ഉം പിക്സൽ 9 പ്രോയ്ക്ക് 1,09,999 രൂപയുമാണ് ഇന്ത്യൻ വിപണിവില. പിക്സൽ 9 പ്രോ എക്സ്.എൽ സ്വന്തമാക്കാൻ 1,24,999 രൂപയും പിക്സൽ 9 പ്രോ ഫോൾഡിന് 1,79,999 രൂപയും നൽകേണ്ടിവരും.
Summary: Top features of the new Google Pixel 9 series: Gemini AI, Tensor G4, camera features, SOS