ഐഫോൺ 16: ആവശ്യക്കാരേറും, പ്രോയുടെയും പ്രോ മാക്‌സിന്റെയും ഉത്പാദനം കൂട്ടി ആപ്പിൾ

ഐഫോൺ 16 പ്രോ മാക്സാണ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത്. മൊത്തം ഉത്പാദനത്തിന്റെ 37 ശതമാനവും പ്രോ മാക്‌സ് ആണെന്നാണ് റിപ്പോർട്ടുകൾ

Update: 2024-08-26 10:52 GMT
Editor : rishad | By : Web Desk
Advertising

ന്യൂയോര്‍ക്ക്: ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവ ഉൾപ്പെടുന്ന ഐഫോൺ 16 സീരീസ്, സെപ്റ്റംബർ രണ്ടാം വാരത്തിൽ തന്നെ അവതരിപ്പിച്ചേക്കും. 

മോഡലുകളിലടങ്ങിയ ഫീച്ചറുകള്‍ ഇതിനകം തന്നെ അഭ്യൂഹങ്ങളായി പുറത്തുവന്നിട്ടുണ്ട്. ആപ്പിള്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ(എ.ഐ) എത്തുന്ന ഫീച്ചറുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ മോഡലുകളുടെ ഉത്പാദനവുമായി ബന്ധപ്പെട്ട് പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുന്നു.

ഈ വർഷം ഏകദേശം 90.1 മില്യണ്‍( ഒമ്പത് കോടിയിലേറെ) ഐഫോൺ യൂണിറ്റുകൾ ഉത്പാദിപ്പിക്കാൻ തയ്യാറെടുക്കുന്നതായാണ് വിവരം. ഇതില്‍ തന്നെ ഐഫോൺ 16 പ്രോ മാക്‌സാണ് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നത്. മൊത്തം ഉൽപാദനത്തിൻ്റെ 37 ശതമാനവും പ്രോ മാക്സ് ആണെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. പ്രോയാണെങ്കില്‍ ഉൽപാദനത്തിൻ്റെ 30 ശതമാനവും വരും. അതായത്  മൊത്തം ഉൽപ്പാദനത്തിൻ്റെ 67 ശതമാനവും പ്രോ- പ്രോ മാക്സ് മോഡലുകളാണ്.

ശേഷിക്കുന്ന 33 ശതമാനമാണ് നോൺ-പ്രോ മോഡലുകൾ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പ്രോ മോഡലുകളുടെ ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഐഫോൺ 15 പ്രോ മാക്‌സും ഐഫോൺ 15 പ്രോയും കഴിഞ്ഞ വർഷത്തെ മൊത്തം ഉൽപ്പാദനത്തിൻ്റെ 60 ശതമാനമായിരുന്നു.

പുതിയ ഐഫോൺ പ്രോ മോഡലുകളിലുള്ള ഡിമാൻഡാണ് പ്രൊഡക്ഷന്‍ വര്‍ധിപ്പിക്കാന്‍ കാരണം. ആപ്പിള്‍ ഇന്റലിജന്‍സ് അതിന്റെ 'ഫുള്‍ എക്സ്പീരിയന്‍സില്‍' ഉപയോഗപ്പെടുത്തണമെങ്കില്‍ പ്രോ മാക്സ് തന്നെ വേണ്ടിവന്നേക്കും. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് പ്രൊഡക്ഷന്‍ വര്‍ധിപ്പിക്കുന്നത് എന്നും പറയപ്പെടുന്നു. ആപ്പിൾ ഇന്റലിജൻസ് വരും എന്ന് മാത്രം പറയുന്നത് അല്ലാതെ ഏത് മോഡലിൽ എങ്ങനെയൊക്കെ വരും എന്ന് കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ ആപ്പിളുമായി ബന്ധപ്പെട്ട വിശ്വസനീയ കേന്ദ്രങ്ങൾ നൽകുന്ന വിവരം പ്രോ മാകിൽ തന്നെയായിരിക്കും എ.ഐ മുഴുവനായും ഉപയോഗപ്പെടുത്താനാവുക എന്നാണ്. 

അതോടൊപ്പം പ്രോ മോഡലുകളിലാണ് ആപ്പിളിന്റെ ഏറ്റവും പുതിയ ചിപ്സെറ്റായ എ18  ഉള്‍പ്പെടുത്തുക. എന്നാല്‍ നോൺ-പ്രോ മോഡലുകളിലും ഇക്കുറി എ18 ബയോണിക് ചിപ്പ് സജ്ജീകരിക്കുമെന്ന് പറയപ്പെടുന്നുണ്ട്. എ.ഐ മുന്‍നിര്‍ത്തിയാണ് നോണ്‍ പ്രോ മോഡലുകളിലേക്കും എ18 ചിപ്സെറ്റ് കൊണ്ടുവരുന്നത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News