ഐഫോൺ എസ്ഇ 4 ഞെട്ടിക്കും; അടിമുടി മാറി വരുന്ന മോഡലിൽ ആപ്പിൾ ഇന്റലിജൻസും
വില നോക്കുകയാണെങ്കില്‍ ഐഫോൺ 15 നേക്കാളും കുറവായിരിക്കും. എന്നിരുന്നാലും ഫീച്ചറുകളിലെ സമ്പന്നത കൊണ്ട് ശ്രദ്ധ നേടുകയും ചെയ്യും
ന്യൂയോര്‍ക്ക്: വിലക്കുറവിലൊരു ഐഫോണ്‍, അതാണ് ഐഫോണിന്റെ എസ്ഇ( സ്പെഷ്യല്‍ എഡിഷന്‍- പ്രത്യേക പതിപ്പ്) മോഡലുകളെ വ്യത്യസ്തമാക്കുന്നത്. ഐഫോണിന്റെ ഏത് മോഡലുകൾ ഇറങ്ങിയാലും എസ്ഇക്കായി ആളുകൾ കാത്തിരിക്കുന്നത് തന്നെ മോഡലിന്റെ വിലക്കുറവാണ്. ഇപ്പോഴിതാ എസ്ഇയുടെ ഫോർത്ത് ജനറേഷനെക്കുറിച്ചുള്ള കൂടുതല്‍ വാർത്തകൾ പുറത്തുവരുന്നു.
2025ൽ അതായത് അടുത്ത വർഷം എസ്ഇ ഫോർ(SE 4) വിപണിയിലെത്തുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ. 2022ൽ ഇറങ്ങിയ എസ്ഇ 3യിൽ നിന്നും(SE 3) അടിമുടി മാറ്റം വരുത്തിയായിരിക്കും എസ്ഇ 4 എത്തുക. ഫീച്ചറുകളിലും ഡിസൈനിലുമെല്ലാം മാറ്റം പ്രതീക്ഷിക്കാം. ഐഫോൺ എസ്ഇ സീരീസ് ഫോണുകൾ എല്ലായ്പ്പോഴും മുൻ തലമുറ മോഡലുകളിൽ നിന്ന് ഡിസൈൻ കടമെടുത്തതാണ് വിപണിയിലെത്താറ്. അത് ഇക്കുറിയും അങ്ങനെത്തന്നെയാകുമെങ്കിലും 'വൗ ഫാക്ടര്‍' പ്രതീക്ഷിക്കാമെന്നാണ് ആപ്പിളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്ന സൈറ്റുകളൊക്കെ പറയുന്നത്.
ആപ്പിള്‍ ഐഫോണുകളില്‍ ലഭിച്ചിരുന്ന പ്രീമിയം ഫീച്ചറുകള്‍ കുറഞ്ഞ വിലയില്‍ ആപ്പിള്‍ ആരാധകര്‍ക്ക് ലഭ്യമാക്കിക്കൊണ്ടാണ് ഇതിന് മുമ്പ് വന്ന മൂന്ന് ഐഫോണ്‍ എസ്ഇ മോഡലുകളും വിപണിയില്‍ എത്തിയിരുന്നത്.
ഇനി ഡിസൈനിലേക്ക് വരികയാണെങ്കില്‍, 2007മുതൽ ഉണ്ടായിരുന്നു ഹോം ബട്ടൺ 2025ലെ എസ്ഇയിൽ ഉണ്ടാകില്ല. എസ്ഇ മോഡലിന്, ഐഫോൺ 14ന് സമാനമായ ഒരു പുതിയ ഡിസൈൻ ആയിരിക്കും നൽകുക. ഐഫോൺ 14ന് സമാനമായി എഡ്ജ്-ടു-എഡ്ജ് ഡിസ്‌പ്ലേയായിരിക്കും. 6.1 ഇഞ്ചായിരിക്കും വലിപ്പം. അതും ഒഎല്‍ഇഡി ഡിസ്‌പ്ലേ.
നിലവിലെ മോഡലിൻ്റെ 4.7 ഇഞ്ച് എൽസിഡി സ്‌ക്രീനിൽ നിന്നുള്ള വന്‍ അപ്ഗ്രേഡേഷനാണ് പുതിയ മോഡലില്‍ വരുത്തിയിരിക്കുന്നത്. മാത്രമല്ല, എ18 ചിപ്പ് നൽകുന്നതായും പറയപ്പെടുന്നു. ആപ്പിള്‍ ഇന്റലിജന്‍സിനെ പിന്തുണക്കുന്നത് എ18 ചിപ്സെറ്റിലാണ്. അതിനാല്‍ 16 പരമ്പരയെ വേറിട്ട് നിര്‍ത്തുന്ന എഐ ഫീച്ചറുകള്‍ എസ്ഇയിലും ഉണ്ടാകുമെന്ന് ഉറപ്പായി. 16 പരമ്പരയിലെ നാല് മോഡലുകളിലും എ18 ചിപ്സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.
ഐഫോൺ 14യിലേത് പോലെ ഡ്യുവൽ ക്യാമറയായിരിക്കില്ല. ക്യാമറ ഡിസൈന്‍ എങ്ങനെയെന്ന് പറയുന്നില്ലെങ്കിലും, റിപ്പോര്‍ട്ടുകള്‍ ശരിയാവുകയാണെങ്കില്‍ മുൻ മോഡലിൽ നൽകിയ 12എംപി ക്യാമറയേക്കാൾ മെച്ചപ്പെടുത്തിയ 48എംപി ക്യാമറയുമായാകും എസ്ഇ 4 വരിക. ഫൈവ് ജിയെക്കൂടാതെ യുഎസ്ബി സി പോര്‍ട്ടും എത്തും. യൂറോപ്യന്‍ യൂണിയന്റെ നിര്‍ബന്ധം കാരണമാണ് ആപ്പിള്‍ സി പോര്‍ട്ടിലേക്ക് മാറിയത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വിലയിലും നേരിയ വര്‍ധനവ് പ്രതീക്ഷിക്കാം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് എസ്ഇ 4 മോഡലിന്റെ വില 40,000 കടക്കുമെന്നാണ് വിവരം. മുൻ മോഡലിൽ അതിൽ താഴെയായിരുന്നു വില നിലവാരം. വില നോക്കുകയാണെങ്കില്‍ ഐഫോൺ 15 നേക്കാളും കുറവായിരിക്കും. ഫീച്ചറുകളിലെ സമ്പന്നത കൊണ്ട് ശ്രദ്ധ നേടുകയും ചെയ്യും. ഈ നേരിയ വില വർധനവിന് കാരണം ആപ്പിൾ ഈ ഫോണിൽ പുതുതായി ഉൾപ്പെടുത്തിയേക്കാവുന്ന ചില ഫീച്ചറുകൾ കാരണമാണ്. അതില്‍ പ്രധാനപ്പെട്ടതാണ് ആപ്പിള്‍ ഇന്റലിജന്‍സ്. ഐഫോൺ എസ്ഇ 4നൊപ്പം നെക്സ്റ്റ് ജനറേഷന്‍ ഐപാഡ് മിനി, ഐപാഡ് എയർ എന്നീ മോഡലുകളും ആപ്പിള്‍ 2025ല്‍ അവതരിപ്പിച്ചേക്കും.