12,000 രൂപയിൽ താഴെ വിലയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി
അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ രാജ്യത്തെ ആഭ്യന്തര ഇലക്ട്രോണിക്‌സ് ഉത്പാദനം 300 ബില്യൻ ഡോളർ (ഏകദേശം 23,90,500 കോടി രൂപ) ആയി വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
ന്യൂഡൽഹി: 12,000 രൂപയിൽ താഴെ വിലയുള്ള സ്മാർട് ഫോണുകൾ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ. അതേസമയം വരും വർഷങ്ങളിൽ സ്മാർട് ഫോൺ വിപണിയിൽ കൂടുതൽ ഇന്ത്യൻ ബ്രാൻഡുകൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽനിന്നുള്ള കയറ്റുമതി വർധിപ്പിക്കാൻ ചൈനീസ് മൊബൈൽ കമ്പനികളോട് അഭ്യർഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചൈനീസ് സ്മാർട് ഫോണുകൾ നിരോധിക്കുന്നത് സംബന്ധിച്ച് ഒരു ചർച്ചയും സർക്കാർ നടത്തിയിട്ടില്ല. എവിടെനിന്നാണ് അത്തരം വാർത്തകൾ വന്നതെന്നറിയില്ല. ഇന്ത്യയിൽനിന്ന് കൂടുതൽ കയറ്റുമതിയുണ്ടാവണം എന്നത് മാത്രമാണ് നമ്മുടെ ആവശ്യം. അത് വളരെ സുതാര്യമായ രീതിയിൽ ചില ചൈനീസ് കമ്പനികളെ അറിയിച്ചിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ആഭ്യന്തര മൂല്യവർധന സംബന്ധിച്ച റിപ്പോർട്ട് മന്ത്രി പുറത്തിറക്കി. അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ രാജ്യത്തെ ആഭ്യന്തര ഇലക്ട്രോണിക്‌സ് ഉത്പാദനം 300 ബില്യൻ ഡോളർ (ഏകദേശം 23,90,500 കോടി രൂപ) ആയി വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. നിലവിൽ അത് 76 ബില്യൻ ഡോളർ (ഏകദേശം 6,05,600 കോടി രൂപ) മാത്രമാണ്.
കയറ്റുമതി വർധിപ്പിക്കുന്നതിനും ഉഭയകക്ഷി, പ്രാദേശിക സ്വതന്ത്ര വ്യാപാര കരാറുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കയറ്റുമതിക്കുള്ള നിയന്ത്രണങ്ങളും ഗതാഗതച്ചെലവും കുറയ്ക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്.