വില കുറഞ്ഞ 5ജി ഫോൺ അവതരിപ്പിക്കാനൊരുങ്ങി ജിയോ
ഏറ്റവും വിലകുറഞ്ഞ 5ജി ഫോണുകൾ വിൽക്കുന്ന റിയൽമി, റെഡ്മി എന്നിവയെ ഏറ്റെടുക്കാനാണ് ജിയോ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്.
ഇന്ത്യയിൽ 5ജി വിപ്ലവം ഈ വർഷം ആരംഭിക്കാനിരിക്കെ 5ജി ഫോൺ പുറത്തിറക്കാനൊരുങ്ങി റിലയൻസ് ജിയോ. ജിയോയിൽ നിന്നുള്ള ആദ്യത്തെ 5ജി ഫോൺ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 5ജി ഫോണായിരിക്കുമെന്നാണ് വാർത്തകൾ. ജിയോ 5ജി ഫോണിന് ഏകദേശം 10,000 രൂപയായിരിക്കും വില.
ഇന്ത്യയിൽ 13 നഗരങ്ങളിൽ തുടങ്ങി ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന 5G കവറേജ് ജിയോ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് 5ജി ഫോൺ അവതരിപ്പിക്കുന്നത്. ഇന്ത്യയിൽ ഇതിനു മുമ്പ് പുറത്തിറങ്ങിയ 5G ഫോൺ കഴിഞ്ഞ വർഷം ഏകദേശം 13,000 രൂപയ്ക്കാണ് എത്തിയത്. ഏറ്റവും വിലകുറഞ്ഞ 5ജി ഫോണുകൾ വിൽക്കുന്നറിയൽമി, റെഡ്മി എന്നിവയെ ഏറ്റെടുക്കാനാണ് ജിയോ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്.
കുറഞ്ഞ വിലയിൽ കുറഞ്ഞ സ്‌പെസിഫിക്കേഷനുകൾ മാത്രം ലഭിക്കുന്ന ഫോണിൽ നിന്ന് വ്യത്യസ്തമായി ജിയോ കുറച്ചുകൂടി മികച്ച ഹാർഡ് വെയറിലേക്ക് പോകുമെന്നാണ് സൂചന. ഫോൺ, എൻ3, എൻ5, എൻ28, എൻ40, എൻ78 എന്നീ ബാൻഡുകളെ പിന്തുണയ്ക്കും. ഇന്ത്യയിലുടനീളമുള്ള 5ജി നെറ്റ് വർക്കുകളെ ഇത് പിന്തുണയ്ക്കുമെന്നർത്ഥം.
മൈക്രോ എസ്ഡി കാർഡ് സ്ലോട്ടിനൊപ്പം 4 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജ്, എച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് എൽസിഡി ഡിസ്പ്ലേ, ആൻഡ്രോയിഡ് 11 തുടങ്ങിയവയിലാണ് ജിയോഫോൺ 5ജി ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഫോണിന്റെ പ്രോട്ടോടൈപ്പിംഗ് ഘട്ടത്തിലേക്ക് കടന്നതായാണ് വാർത്തകൾ. വാർഷിക ഷെയർഹോൾഡർ മീറ്റിംഗിൽ റിലയൻസ് ജിയോ 5ജി പ്ലാനുകളും 5ജി ഫോണും പ്രഖ്യാപിച്ചേക്കും.