'നിങ്ങള്‍ പാര്‍ട്ടിയെ ഗണ്‍പോയിന്റില്‍ നിര്‍ത്തുകയാണ്', പരാതി പിൻവലിക്കണമെന്ന് കുഞ്ഞാലിക്കുട്ടി; ഇല്ലെന്ന് ഹരിത നേതാക്കൾ
പരാതി പിന്‍വലിച്ചാല്‍ പി.കെ നവാസിനെ പരസ്യമായി ശാസിക്കാമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വാഗ്ദാനം
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസിനെതിരെ വനിതാ കമീഷനിൽ നൽകിയ പരാതി 24 മണിക്കൂറിനകം പിൻവലിക്കണമെന്ന മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിർദേശം ഹരിത നേതാക്കൾ തള്ളി. പാണക്കാട് കുടപ്പനക്കൽ തറവാട്ടിൽവെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ഹരിത നേതാക്കൾക്ക് കുഞ്ഞാലിക്കുട്ടി അന്ത്യശാസനം നൽകിയത്.
പി.കെ നവാസിനെതിരെ നടപടി സ്വീകരിച്ചാല്‍ പരാതി പിന്‍വലിക്കാമെന്നായിരുന്നു ഹരിത നേതാക്കളുടെ നിലപാട്. 'നിങ്ങള്‍ പാര്‍ട്ടിയെ ഗണ്‍പോയിന്റില്‍ നിര്‍ത്തുകയാണ് ആ ഗണ്‍ ആദ്യം മാറ്റൂ എന്നിട്ട് ചര്‍ച്ച നടത്താം' എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. പരാതി പിന്‍വലിച്ചാല്‍ പി.കെ നവാസിനെ പരസ്യമായി ശാസിക്കാമെന്നും ഒരു മാസത്തിന് ശേഷം എം.എസ്.എഫ് തലപ്പത്ത് മാറ്റം കൊണ്ടുവരാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മോശം പരാമർശം നടത്തിയ മലപ്പുറം ജില്ലാ സെക്രട്ടറി വി.എ. വഹാബിനെതിരെയെങ്കിലും നടപടി സ്വീകരിച്ചാൽ പരാതി പിൻവലിക്കാമെന്ന നിലപാട് ഹരിത നേതാക്കൾ അറിയിച്ചു. എന്നാൽ, മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാൻ തയാറല്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 24 മണിക്കൂറിനകം നിലപാട് അറിയിക്കാൻ ഹരിത നേതാക്കളോട് നിർദേശിച്ച കുഞ്ഞാലിക്കുട്ടി, ഹരിത നേതാക്കൾക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നൽകി.
പി.കെ. കുഞ്ഞാലിക്കുട്ടിയെ കൂടാതെ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ദുറഹ്മാൻ രണ്ടത്താണി, എം.എസ്.എഫ് ദേശീയ അധ്യക്ഷൻ ടി.പി. അഷ്റഫലി എന്നിവരും ഹരിതയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്‍റ് മുഫീദ തെസ്നിയും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയും ചർച്ചയിൽ പങ്കെടുത്തു.
ജൂൺ 22ന് എം.എസ്.എഫ് സംസ്ഥാന ഓഫിസായ കോഴിക്കോട്ടെ ഹബീബ് സെന്ററിൽ സംസ്ഥാന കമ്മിറ്റി യോഗം ചേർന്നിരുന്നു. യോഗത്തിൽ സംഘടന സംബന്ധിച്ച കാര്യങ്ങളിൽ ഹരിതയുടെ അഭിപ്രായമാവശ്യപ്പെട്ട് സംസാരിക്കവേ, നവാസ് അതിനെ വിശേഷിപ്പിച്ചത് 'വേശ്യക്കും വേശ്യയുടേതായ ന്യായീകരണമുണ്ടാകും' എന്നാണ്. ലൈംഗികചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായും സംഘടനാപരമായും വ്യക്തിപരമായും തകർക്കാൻ ശ്രമിക്കുകയുമാണെന്ന് 'ഹരിത' ഭാരവാഹികൾ ഇതിനെതിരെ പ്രതികരിച്ചിരുന്നു.
എം.എസ്.എഫ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വഹാബ് ഫോൺ മുഖേനയും മറ്റും അസഭ്യവാക്കുകൾ ഉപയോഗിച്ചാണ് അധിക്ഷേപിച്ചത്. ഹരിതയുടെ നേതാക്കൾ പ്രസവിക്കാത്ത ഒരു തരം ഫെമിനിസ്റ്റുകളാണെന്നും പ്രചാരണം നടത്തി പൊതുമധ്യത്തിൽ അപമാനിച്ചു. പൊതുരംഗത്ത് പ്രവർത്തിക്കുന്ന ഭാരവാഹികളെയും പ്രവർത്തകരെയും സ്വഭാവദൂഷ്യമുള്ളവരും അപമാനിതരുമാക്കുന്ന നവാസിനും വഹാബിനുമെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ച് പെൺകുട്ടികളുടെ ആത്മാഭിമാനത്തെ സംരക്ഷിക്കാൻ ഇടപെടണമെന്നാണ് പരാതിയിൽ അഭ്യർഥിച്ചിരുന്നത്.