പ്രതീക്ഷയോടെ ദുരിതബാധിതർ; ടൗൺഷിപ്പിൽ 1000 സ്ക്വയർ ഫീറ്റുള്ള ഒറ്റനില വീടുകൾ
വീടുകൾ വാഗ്‌ദാനം ചെയ്‌ത 38 സംഘടനകളുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തും
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ പുനർനിർമാണത്തിനുള്ള വിശദമായ കരട് പദ്ധതി രേഖ പ്രത്യേക മന്ത്രിസഭായോഗം ചർച്ച ചെയ്‌തു. 1000 സ്ക്വയർ ഫീറ്റുള്ള ഒറ്റനില വീടുകളാകും ടൗൺഷിപ്പിലുണ്ടാകുക. സഹായങ്ങള്‍ വാഗ്‌ദാനം ചെയ്‌ത 38 സംഘടനകളുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്താനും തീരുമാനിച്ചു..കരട് പദ്ധതി രേഖ അടുത്ത മന്ത്രിസഭായോഗം അംഗീകരിക്കും
മുണ്ടക്കൈയിലെ പുനർനിർമാണവുമായി ബന്ധപ്പെട്ട് കിഫ്ബി തയ്യാറാക്കിയ വിശദമായ പദ്ധതി രേഖയാണ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ചത്. നഷ്‌ടപ്പെട്ട വീടുകൾ മുതൽ കാലിത്തൊഴുത്ത് വരെ നിർമ്മിക്കുന്നതിൻ്റെ രേഖയാണ് അവതരിപ്പിച്ചത്. ഒറ്റ നിലയുള്ള ആയിരം സ്ക്വയർ ഫീറ്റ് വീടുകളാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്.
ടൗൺഷിപ്പ് നിർമിക്കാനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന്റെ നടപടിക്രമമാണ് ഒരു പ്രതിസന്ധി. അത് വേഗത്തിൽ ആക്കാൻ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. പുനരധിവാസ പദ്ധതിയിൽ പങ്കാളിയാകാൻ സന്നദ്ധത അറിയിച്ച 38 സംഘടനകൾ ഉണ്ട്.ഇവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ചർച്ച നടത്താൻ തീരുമാനിച്ചു.
ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ച കരട് പദ്ധതി രേഖ അടുത്ത മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്‌ത് അംഗീകരിക്കും. കേന്ദ്രസഹായം ലഭ്യമാക്കാൻ കൂടുതൽ സമ്മർദ്ദം ചെലുത്തും. ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ വയനാട്ടിലെ ദുരന്തബാധിതരുടെ ദുരിതാവസ്ഥ ബോധ്യപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.