കോപ്പ അമേരിക്ക: അർജന്റീന - ചിലി മത്സരം സമനിലയിൽ
പ്രതിരോധ മതിലിനു മുകളിലൂടെ പന്ത് വളച്ച് വലയുടെ വലതുമൂലയിലേക്ക് ഇറക്കിയെടുത്ത മെസ്സിയുടെ കിക്ക് തടയാൻ ചിലി കീപ്പർ ക്ളോഡിയോ ബ്രാവോ മുഴുനീള ഡൈവ് നടത്തിയെങ്കിലും വിഫലമായി
കോപ്പ അമേരിക്ക ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ അർജന്റീനയും ചിലിയും സമനിലയിൽ പിരിഞ്ഞു. ആദ്യപകുതിയിൽ ലയണൽ മെസ്സിയുടെ മനോഹരമായ ഫ്രീകിക്ക് ഗോളിൽ അർജന്റീന മുന്നിലെത്തിയെങ്കിലും 57ആം മിനുട്ടിൽ മരിയോ വർഗാസ് ചിലിയെ ഒപ്പമെത്തിക്കുകയായിരുന്നു. നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ച അർജന്റീനക്ക് മത്സരത്തിൽ മുൻതൂക്കം ഉണ്ടായിരുന്നെങ്കിലും കളി ഏറെ സമയവും വിരസമായിരുന്നു.
10 ദിവസം മുമ്പ് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടിയ എതിരാളികൾ തമ്മിലുള്ള മത്സരം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നതെങ്കിലും ഇരുടീമുകളും പ്രതീക്ഷിച്ച മികവ് പുലർത്തിയില്ല . 4-3-3 ഫോർമേഷനിൽ കളിതുടങ്ങിയ അർജന്റീന ആദ്യപകുതിയിൽ പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മുന്നിൽ നിന്നെങ്കിലും ലൗതുറോ മർട്ടിനസ് ഉറച്ച ഒന്നിലേറെ അവസരങ്ങൾ പാഴാക്കി. കളി അര മണിക്കൂർ പിന്നിട്ടതിനു തൊട്ടു പിന്നാലെ ചിലി ബോക്സിനു തൊട്ടു പുറത്തു ലഭിച്ച ഫ്രീകിക്ക് ലയണൽ മെസ്സി മനോഹരമായി ഗോളിലെത്തിച്ചതോടെ അർജന്റീന ലീഡ് നേടി. പ്രതിരോധ മതിലിനു മുകളിലൂടെ പന്ത് വളച്ച് വലയുടെ വലതുമൂലയിലേക്ക് ഇറക്കിയെടുത്ത മെസ്സിയുടെ കിക്ക് തടയാൻ ചിലി കീപ്പർ ക്ളോഡിയോ ബ്രാവോ മുഴുനീള ഡൈവ് നടത്തിയെങ്കിലും വിഫലമായി
രണ്ടാം പകുതിയുടെ തുടക്കത്തിൽ ആർജന്റീന സമ്മർദ്ദം ചെലുത്തി കളിച്ചെങ്കിലും കളിയുടെ ഗതിക്ക് വിപരീതമായി പെനാൽട്ടി വഴങ്ങിയത് തിരിച്ചടിയായി. ആർത്യൂറോ വിഡാൽ എടുത്ത പെനാൽട്ടി കിക്ക് അർജന്റീന കീപ്പർ മർട്ടിനസ് തടഞ്ഞെങ്കിലും ക്രോസ് ബാറിൽ തട്ടി ഉയർന്ന പന്ത് വലയിലേക്ക് ഹെഡ്ഡ് ചെയ്യുന്നതിൽ നിന്ന് വർഗാസിനെ തടയാൻ പ്രതിരോധത്തിന് കഴിഞ്ഞില്ല.
അവസാന മിനുട്ടുകളിൽ അർജന്റീന വെറ്ററൻ താരങ്ങളായ എയ്ഞ്ചൽ ഡി മരിയ, സെർജിയോ അഗുറോ എന്നിവരെ കളത്തിലിറക്കിയതോടെ അവരുടെ നീക്കങ്ങൾക്ക് മൂർച്ച കൈവന്നു. എന്നാൽ പ്രതിരോധത്തിൽ ഉറച്ചു നിന്ന ചിലി അർഹിച്ച പോയിന്റ് സ്വന്തമാക്കി.