സിലിഗുരി - നോര്‍ത്ത് ഈസ്റ്റിലേക്കുള്ള പ്രവേശന കവാടം
കേരളവും ബംഗാളും തമ്മിൽ സാംസ്ക്കാരികമായും രാഷ്ട്രീയമായുമെല്ലാം സാമ്യതയേറെയെന്നെന്നാണല്ലോ പറയാറ്. എന്നാൽ യാത്രയാരംഭിച്ചപ്പോളാണ് മറ്റൊന്നിൽ കൂടി സാമ്യതയുണ്ടെന്ന് തോന്നിയത്. ഭൂപ്രകൃതിയിൽ. ചുരുങ്ങിയപക്ഷം സിലിഗുരിയിലെങ്കിലും. .....
ഡൽഹിയിൽ നിന്ന് സിലിഗുരിയിലേക്ക് വിമാനം കയറുമ്പോൾ വലിയ പ്രതീക്ഷയായിരുന്നു. യാത്രമധ്യേ ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ കാഞ്ചൻജങ്കയുടെ ആകാശകാഴ്ച്ച കാണാമെന്ന പ്രതീക്ഷ. പക്ഷെ പടർന്നൊഴുകിയ മേഘങ്ങൾ കാഞ്ചൻജങ്കയെ മറച്ചു.
രണ്ടേക്കാൽ മണിക്കൂറോളം നീണ്ട വിമാനയാത്രയ്ക്കൊടുവിൽ ബാഗ്ദോഗ്രയിലെ വിമാനത്താവളത്തിലെത്തി. തീരെചെറിയ വിമാനത്താവളം. പക്ഷെ തിരക്കേറെയാണ് ബാഗ്ദോഗ്രയിൽ. സൈനിക ആവശ്യങ്ങൾക്കുപയോഗിക്കുന്ന വിമാനത്താവളം കൂടിയാണ് ഇത്. ആർമിയുടെ പറന്നുയരുന്ന ഡ്രോണർ വിമാനങ്ങളും ഹൈലിക്കോപ്റ്ററുകളുമെല്ലാം കാണാം.
ഹിമാലയത്തിൻറെ താഴ്വരയിൽ, സമുദ്രനിരപ്പിൽ നിന്ന് 400 അടി ഉയരത്തിലാണ് സിലിഗുരി. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും വലിയ പ്രാധാന്യമുണ്ട് ഉത്തരബംഗാളിലെ ഈ നഗരത്തിന്. തലസ്ഥാന നഗരമായ കൊൽക്കത്ത കഴിഞ്ഞാലത്തെ ഏറ്റവും വലിയ നഗരം കൂടിയാണ് സിലിഗുരി.
നോർത്ത് ഈസ്റ്റിലേക്കുള്ള പ്രവേശനകവാടം എന്നറിയപ്പെടുന്ന സിലിഗുരിക്ക് മൂന്ന് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നുവെന്ന പ്രത്യേകതയുമുണ്ട്. സിലിഗുരിയുടെ പടിഞ്ഞാറ് നേപ്പാളും വടക്ക് കിഴക്കായി ഭൂട്ടാനും തെക്ക് ഭാഗത്തായി ബംഗ്ലാദേശുമാണ് രാജ്യാതിർത്തി പങ്കിടുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി രാജ്യത്തെ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഇടനാഴികൂടിയാണ് ചിക്കൻസ് നെക്ക് (കോഴി കഴുത്ത്) എന്നറിയപ്പെടുന്ന സിലിഗുരി ഇടനാഴി. ഇതിലൂടെയാണ് ചൈനീസ് അതിർത്തിയിലെ സൈനികകേന്ദ്രങ്ങളിലേക്ക് ഇന്ത്യ ആയുധങ്ങളും സാമഗ്രികളും കൊണ്ടുപോകുന്നത്. അതിനാൽ തന്നെ ഈ ഇടനാഴിക്ക് രാജ്യത്തിൻറെ സുരക്ഷയുമായി ബന്ധപ്പെട്ടും വലിയപങ്കു വഹിക്കാനുണ്ട്.
രാഷ്ട്രീയപരമായും സിലിഗുരിക്ക് ഇപ്പോൾ ഏറെ മാനങ്ങളുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെ കാലം ബംഗാൾ അടക്കിഭരിച്ച സിപിഎം ഇപ്പോൾ ഭരണം കയ്യാളുന്നത് സിലിഗുരി മുൻസിപാലിറ്റിയിൽ മാത്രമാണ്. തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്താൻ സിപിഎമ്മിന് കഴിഞ്ഞത് ഇവിടെമാത്രമായിരുന്നു.
മഹാനന്ദ നദിക്കരയിൽ കാടിനോട് ചേർന്നാണ് സിലിഗുരി. സിലിഗുരിയിലൂടെ യാത്രയാരംഭിക്കുമ്പോൾ ആദ്യം തന്നെ ശ്രദ്ധയിൽ പെടുക തേയില തോട്ടങ്ങളാണ്. നമ്മൾ ഹൈറേഞ്ചുകളിൽ മാത്രം കാണുന്ന തേയിലതോട്ടങ്ങൾ പക്ഷെ സിലിഗുരിയിലെത്തുമ്പോൾ ലോറേഞ്ചിലും കാണാം. ഇവിടുത്തെ ഭൂപ്രകൃതിയും കാലാവസ്ഥയുമെല്ലാം തേയിലകൃഷിക്കും അനുയോജ്യമാണ്.
കേരളവും ബംഗാളും തമ്മിൽ സാംസ്ക്കാരികമായും രാഷ്ട്രീയമായുമെല്ലാം സാമ്യതയേറെയെന്നെന്നാണല്ലോ പറയാറ്. എന്നാൽ യാത്രയാരംഭിച്ചപ്പോളാണ് മറ്റൊന്നിൽ കൂടി സാമ്യതയുണ്ടെന്ന് തോന്നിയത്. ഭൂപ്രകൃതിയിൽ. ചുരുങ്ങിയപക്ഷം സിലിഗുരിയിലെങ്കിലും.
സിലിഗുരിയിലൂടെ യാത്രചെയ്യുമ്പോൾ ഒരിക്കലും നമുക്ക് കേരളത്തെ മിസ് ചെയ്യില്ല. ഭൂപ്രകൃതി ഏതാണ്ട് കേരളത്തിനേത് സമാനം. വൈകുന്നേരം സിലിഗുരിയിലെ വനത്തിലൂടെ ഒരു യാത്രപോയി. തീസ്ത നദികരയിലേക്ക്. തനി വയനാട്. പുൽപളളി കാട്ടിലൂടെ യാത്രചെയ്ത അതേ പ്രതീതി. കാട് താണ്ടി പോകുമ്പോൾ ദൂരെ തീസ്തയുടെ ഇരമ്പൽ കേൾക്കാം. പലയിടത്തും വരണ്ടുണങ്ങിയും ചിലയിടത്ത് കുത്തിയൊഴുകിയും തീസ്ത നദി. നമ്മുടെ ഭാരതപുഴയെയും കമ്പനിയേയും പോലെ... മലമുകളിൽ നിന്ന് കോടമഞ്ഞ് അരിച്ചിറങ്ങുന്നുണ്ടെങ്കിലും തണുപ്പൊട്ടും അനുഭവപ്പെടുന്നില്ല. തീരത്ത് അങ്ങിങ്ങായി ചെറിയ വീടുകൾ, കൃഷിസ്ഥലങ്ങൾ. ഇടയിൽ തീസതയെ മുറിച്ച് ചെറിയ റെയിൽ പാലം. റെയിൽ വേ ട്രാക്ക് മുറിച്ച് മുന്നോട്ട് പോകുമ്പോൾ സവോക്കിലെത്താം.
സാവോക്കിലാണ് പ്രശസ്തമായ കോറോണേഷൻ പാലം. തീസ്തയ്ക്ക് കുറുകെ ഒരു എഞ്ചിനീയറിങ് വിസ്മയമായി ഇരുമ്പുപാലം. അതിന്കീഴെ കുത്തിയൊലിച്ച് മലനിരകളുടെ ഇടയിലൂടെ തീസ്ത ഒഴുകുന്നു. സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ് 1930 ൽ നിർമിച്ച ഈ പാലം. ബംഗാളിനേയും നോർത്ത് ഈസ്റ്റിനേയും ബന്ധിപ്പിക്കുന്നത് കോറേണേഷൻ പാലമാണ്. ഇരുവശത്തും രണ്ട് പുലികളുടെ ശിൽപമുള്ളതിനാൽ നാട്ടുകാർക്ക് ഇത് പുലിപാലമാണ്. പാലത്തിൽ നിന്നാൽ തീസ്തയുടെ സൌന്ദര്യം നന്നായി ആസ്വദിക്കാം. കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന മലനിരകളും അശാന്തമായി ഒഴുകുന്ന തീസ്തയും... തീസ്തയുടെ സൌന്ദര്യം നുകരുന്നതിനൊപ്പം ബംഗാളിൻറെ ഇഷ്ടവിഭവമായ മൊമോസും കഴിക്കാം. കടകളിൽ എപ്പോഴും ചൂടുള്ള മൊമോസ് തയ്യാറാണ്. 20 രൂപയ്ക്ക് 10 എണ്ണം ലഭിക്കും. വെജിറ്റേറിയനും നോൺ വെജിറ്റേറിയനും.
നേരം ഇരുട്ടിയതോടെ തൊട്ടപ്പുറത്തെ ചെറിയകടയിൽ നിന്ന് ചായയും മൊമോസും കഴിച്ചു. അതിഗംഭീരമായ ചായ. ഉത്തരേന്ത്യയിലെ യാത്രക്കിടയിൽ ഇത്രയും നല്ല ചായ ആദ്യം. "കുഭ് ഭാലോ ച്ചാ" (ബംഗാളിയിൽ നല്ല ചായ എന്നർത്ഥം) എന്ന് ചായക്കടക്കാരി ചേച്ചിയെ അഭിനന്ദിച്ച് മടങ്ങി. പിന്നെയും പലതവണ കണ്ടു. പകൽവെളിച്ചത്തിൽ, മഞ്ഞുപുതച്ച ഹിമാലയമലനിരകളുടെ ഇടയിലൂടെ ആർമാദിച്ചൊഴുകുന്ന തീസ്തയെ...
ഷോപ്പിങ്ങിനും ഏറെ പ്രശസ്തമാണ് സിലിഗുരി. ഷോപ്പിങ് മോളുകൾ നിരവധിയുണ്ടെങ്കിലും ഏവർക്കും പ്രിയം സിലിഗുരിയിലെ ഹോങ്കോങ് മാർക്കറ്റ് തന്നെയാണ്. ഈ ലോക്കൽ മാർക്കറ്റിൽ ലഭിക്കാത്തതൊന്നുമില്ല. ചൈനയുടേയും ഭൂട്ടാൻറേയും നേപ്പാളിൻറേയുമെല്ലാം അതിർത്തികടന്നെത്തുന്ന വിവിധ ഉത്പന്നങ്ങൾ, അസമിലേയും ഡാർജിലിങ്ങിലേയും തോട്ടങ്ങളിൽ നിന്നെത്തുന്ന ചായപ്പൊടികൾ, തണുപ്പിനെ പ്രതിരോധിക്കാനുള്ള ജാക്കറ്റുകളും കയ്യുറകളും. ബുദ്ധമതവിശ്വാസവുമായി ബന്ധപ്പെട്ട മാലകളും പ്രാർത്ഥനകെളുഴുതിയ കൊടിതോരണങ്ങളും മണികളും. പ്രശസ്തമായ ബംഗാൾ സ്വീറ്റ്സ് മറ്റൊരിടത്ത്. അതിനാൽ തന്നെ ഓരോകടയിലും തിരക്കും ഏറെയാണ്. വിലതാരതമ്യേന കുറവാണെങ്കിലും വിലപേശൽ സ്ഥിരംകാഴ്ച്ചതന്നെ. വൈകുന്നേരങ്ങളിൽ ഹോങ്കോങ് മാർക്കറ്റിലെ തിരക്കേറിയ റോഡിലൂടെ ഗുൽഫിയും നുണഞ്ഞ് അലഞ്ഞ് നടക്കുന്നവരും ഏറെയാണ്...
കടകൾക്കിടയിലെ തിരക്കേറിയ ചെറിയ നിരത്തുകളിലെപ്പോഴും യാത്രക്കാരെ തിരഞ്ഞ് സൈക്കിൾ റിക്ഷകൾ തലങ്ങും വിലങ്ങും നീങ്ങികൊണ്ടേയിരിക്കും. സൈക്കിൾ റിക്ഷകൾക്കും ഷെയർ ഓട്ടോകൾക്കും പുറമെ ഇലക്ട്രിക്ക് എഞ്ചിനിൽ പ്രവർത്തിക്കുന്ന ടോടോ റിക്ഷകളും സിലിഗുരിയിലെ നിരത്തിൽ കാണാം. 3 ചക്രങ്ങളുള്ള ടോടോ റിക്ഷകളുടെ ബാറ്ററി ഒരുതവണ ഫുൾ ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ ഓടിക്കാം. 10 രൂപയാണ് മിനിമം ചാർജ്. യാത്രയാണെങ്കിൽ സുഖകരം. പരിസ്ഥിതിക്ക് ഒട്ടും ദോഷം വരുത്താത്ത ഇത്തരം മാതൃകകൾ നമുക്കും പരീക്ഷിക്കാവുന്നതാണ്.
മഹാനന്ദ നദിയുടെ തീരത്ത് കൌതുകങ്ങൾ ഇനിയും ഏറെയുണ്ട്. മധുബൻ പാർക്കും സാലുഗാര മൊണാസ്ട്രിയും ഇസ്കോൺ ക്ഷേത്രവുമെല്ലാം അവയിൽ ചിലത് മാത്രം.