ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ സൗദി ഭരണാധികാരി ഉദ്ഘാടനം ചെയ്തു

ആദ്യ മൂന്ന് ലൈനുകളിൽ ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കും

Update: 2024-11-28 09:04 GMT
Advertising

റിയാദ്: ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. 176 കി.മീ നീളത്തിലായി ആറു ലൈനുകളുള്ള മെട്രോയുടെ ആദ്യ മൂന്ന് ലൈനുകളിൽ ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കും. ഡിസംബർ 15ന് രണ്ടാം ഘട്ട ലൈനുകളും ജനുവരി അഞ്ചിന് മുഴുവൻ ലൈനുകളും തുറക്കും. രണ്ട് മണിക്കൂറിന് നാല് റിയാൽ മാത്രമാണ് യാത്രാ ചിലവ്.

2013ൽ അബ്ദുല്ല രാജാവിന്റെ ഭരണകാലത്ത് പ്രഖ്യാപിച്ച പദ്ധതിയാണ് റിയാദ് മെട്രോ. പത്ത് വർഷം പിന്നിട്ട കാത്തിരിപ്പിനൊടുവിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്.

 

മെട്രോയുടെ പ്രാഥമിക വിവരങ്ങൾ: 6 റൂട്ടുകൾ. 176 കി.മീ നീളത്തിൽ ലോകത്തിലെ ഏറ്റവും ദൈർഘ്യമുള്ള ലൈൻ. നാല് സെൻട്രൽ സ്റ്റേഷനുകളടക്കം ആകെ 85 സ്റ്റേഷനുകൾ. സ്റ്റേഷനുകളെ പരസ്പരം ബന്ധിപ്പിച്ച് ആയിരത്തോളം ബസ്സുകൾ സർവീസ് നടത്തുന്ന റിയാദ് ബസ് സർവീസുമുണ്ട്. റിയാദ് ബസ് സർവീസിന് ഉപയോഗിക്കുന്ന ദർബ് ആപ്പ് തന്നെയാണ് മെട്രോക്കും ഉപയോഗിക്കുക. രണ്ട് മണിക്കൂറിന് നാല് റിയാലാണ് യാത്രാ ചാർജ്. മൂന്ന് ദിവസം, ആഴ്ച, മാസം എന്നിങ്ങിനെ വ്യത്യസ്ത പാക്കേജുകൾ ലഭ്യമാണ്.

 

ബ്ലൂ, റെഡ്, ഓറഞ്ച്, യെല്ലോ, ഗ്രീൻ, പർപ്പ്ൾ എന്നീ ആറ് നിറങ്ങളാണ് റെയിൽ പാതക്കും ട്രയിനുകൾക്കും. ഇതിൽ ആദ്യ ഘട്ടത്തിൽ ഡിസംബർ ഒന്നിന് ഞായറാഴ്ച ബ്ലൂ, യെല്ലോ, പർപ്പ്ൾ ലൈനുകൾ സർവീസ് തുടങ്ങും. രാവിലെ ആറ് മുതൽ രാത്രി പന്ത്രണ്ട് വരെയാണ് സർവീസ്. രണ്ടാഴ്ച പൂർത്തിയാകുന്ന ഡിസംബർ 15ന് ഗ്രീൻ, റെഡ് ലൈനുകളും തുറക്കും. ജനുവരി അഞ്ചിനാണ് അവസാന റൂട്ടായ ഓറഞ്ച് ലൈൻ തുറക്കുക. റിയാദ് നഗരത്തിന്റെ മുക്കുമൂലകളെ ബന്ധിപ്പിക്കുന്ന വിധത്തിലാണിത്.

 

13 രാജ്യങ്ങളിൽ നിന്നുള്ള 19 കമ്പനികൾ ഉൾപ്പെടുന്ന മൂന്ന് കൺസോർഷ്യങ്ങൾക്കായിരുന്നു നിർമാണ ചുമതല. ഏഷ്യയിലെ ഏറ്റവും തിരക്കുള്ള അറബ് നഗരങ്ങളിലൊന്നായ റിയാദിന് മെട്രോ ആശ്വാസം നൽകുമെന്നാണ് കരുതുന്നത്. 2027 ഏഷ്യൻകപ്പ്, 2030 എക്‌സ്‌പോ, 2034 ഫിഫ വേൾഡ്കപ്പ് എന്നിവ കൂടി മുന്നിൽ കണ്ടാണ് റിയാദ് മെട്രോയുടെ വരവ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News