'ട്രെയിനിലെ ബ്ലാങ്കറ്റുകൾ അലക്കുന്നത് മാസത്തില്‍ ഒരിക്കല്‍'; വിശദീകരണവുമായി റെയിൽവേ മന്ത്രി

കോൺഗ്രസ് എംപി കുൽദീപ് ഇൻഡോറയുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രി അശ്വിനി വൈഷ്ണവ്

Update: 2024-11-29 05:51 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ട്രെയിനിൽ യാത്രക്കാർക്കു നൽകുന്ന പുതപ്പുകൾ മാസത്തിൽ ഒരിക്കൽ മാത്രമാണ് അലക്കുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജസ്ഥാനിലെ ഗംഗാനഗറിൽനിന്നുള്ള കോൺഗ്രസ് എംപിയായ കുൽദീപ് ഇൻഡോറയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ലോക്‌സഭയിലായിരുന്നു കുൽദീപ് റെയിൽവേ ശുചിത്വത്തെ കുറിച്ചുള്ള ചോദ്യമുയർത്തിയത്. അടിസ്ഥാന ശുചിത്വ മാനദണ്ഡം പുലർത്തുന്ന കിടക്കകൾക്കുകൂടി യാത്രക്കാർ പണം നൽകുന്നുണ്ടെന്നും എന്നാൽ, മാസത്തിൽ ഒരിക്കൽ മാത്രമാണോ കമ്പിളി പുതപ്പുകൾ അലക്കുന്നതെന്നുമായിരുന്നു ചോദ്യം. ഇതിനോട് എഴുതിനൽകിയ മറുപടിയിലാണു മന്ത്രി പ്രതികരിച്ചത്.

മറുപടിയിൽ പറയുന്നത് ഇങ്ങനെയാണ്: 'നിലവിലെ നിർദേശങ്ങൾ പ്രകാരം ഇന്ത്യൻ റെയിൽവേയിൽ ഉപയോഗിക്കുന്ന പുതപ്പുകൾ ഭാരം കുറഞ്ഞവയാണ്. അതുകൊണ്ട് അലക്കാനും എളുപ്പമാണ്. സുഖപ്രദമായ യാത്രാനുഭവം പകരുന്നതുമാണിത്.'

യാത്രക്കാരുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ചും മന്ത്രി വിവരിക്കുന്നുണ്ട്. മെച്ചപ്പെട്ട നിലവാരം ഉറപ്പാക്കാനായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സ്(ബിഐഎസ്) നിർദേശിക്കുന്നതനുസരിച്ചുള്ള ലിനൻ തുണികളാണ് ഉപയോഗിക്കുന്നത്. ശുചിത്വമുള്ള തുണികളുടെ ലഭ്യത ഉറപ്പാക്കാനായി വാഷിങ് മെഷീനുകളും സംവിധാനിച്ചിട്ടുണ്ട്. നിർദേശിക്കപ്പെട്ട രാസവസ്തുക്കളാണ് വസ്ത്രങ്ങൾ അലക്കാൻ ഉപയോഗിക്കുന്നത്. ഇത് അലക്കുന്നതുൾപ്പെടെ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.

അലക്കിയ തുണികളുടെ നിലവാരം ഉറപ്പാക്കാനായി വൈറ്റ് മീറ്ററുകളും ഉപയോഗിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തുണിത്തരങ്ങളുടെ കാലാവധി മുൻപ് നിർദേശിക്കപ്പെട്ട സമയത്തിൽനിന്നും കുറച്ചിട്ടുണ്ട്. പകരം പുതിയവ എത്തിക്കുകയും ചെയ്യുന്നു. കിടക്കവിരിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ 'റെയിൽമദദ്' പോർട്ടലിൽ എത്തുന്ന യാത്രക്കാരുടെ പരാതികൾ പരിശോധിക്കാൻ ഓരോ മേഖലാ-ഡിവിഷൻ ആസ്ഥാനങ്ങളിലും വാർ റൂമുകൾ സജ്ജമാക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.

Summary: 'Blankets provided in train are washed at least once a month': Railways Minister Ashwini Vaishnaw in Parliament

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News