ലോങ് ഡ്രൈവ് പോകുന്നവര്‍ സൂക്ഷിക്കുക, ഹൈവേ ഹിപ്നോസിസ് നിങ്ങളെയും പിടികൂടാം
ലോക്ക് ഡൌണിനു ശേഷം ലഡാക്ക് പോലുള്ള ദീർഘദൂര യാത്രകള്‍ക്കായി ഒരുങ്ങുന്നവര്‍ ഇത് വായിക്കാതെ പോകരുത്.
റോഡ് യാത്രകൾ എല്ലായ്പ്പോഴും സാഹസികതയും രസകരമായ കാര്യങ്ങളും നിറഞ്ഞതാണ്. ലോകത്തെ മുഴുവൻ ചക്രങ്ങളിലൂടെ സഞ്ചരിക്കാനും പര്യവേക്ഷണം ചെയ്യാനുമുള്ള ഏറ്റവും ആവേശകരമായ മാർഗമാണ് റോഡ് യാത്രകൾ. എന്നാൽ അത്തരം യാത്രകളുമായി ബന്ധപ്പെട്ട ചില സാഹചര്യങ്ങളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
റോഡ് യാത്രകളുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു പദമുണ്ട്, ഹൈവേ ഹിപ്നോസിസ്. അതായത്, ഡ്രൈവറുടെ ബോധമുള്ള മനസ്സ് മറ്റെവിടെയെങ്കിലും കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും അയാൾ ഡ്രൈവിംഗ് തുടരുന്നു. അതുമൂലം ദേശീയപാതയിൽ നിരവധി അപകടങ്ങൾക്ക് കാരണമായി മാറുന്ന അവസ്ഥയെ ആണ് ഹൈവേ ഹിപ്പ്നോസിസ് എന്നത് കൊണ്ടുദ്ദേശിക്കുന്നത്. ഹൈവേ ഹിപ്നോസിസ് എന്നത് ക്ഷീണിതനായിരിക്കുന്നതിനോ, ഉറക്കമില്ലായ്മയിൽ വാഹനമോടിക്കുന്നതിനോ തുല്യമല്ല. ആ സമയത്ത് നിങ്ങൾ ഉറക്കത്തിൽ ആയിരിക്കില്ല. നിങ്ങളുടെ തലച്ചോർ പൂർണ്ണമായും പ്രവർത്തനക്ഷമമായിരിക്കുകയും ചെയ്യും. അതായത് ഹൈവേ ഹിപ്നോട്ടിസം സംഭവിക്കുന്ന സമയത്തും ആവശ്യമായ എല്ലാ ജോലികളും നിങ്ങൾ നിർവഹിച്ചുകൊണ്ടിരിക്കും, പക്ഷേ അത് സ്വബോധത്തിൽ ആയിരിക്കില്ല എന്നേയുള്ളൂ.
ഇത് എങ്ങനെയാണ് ഒരു ബൈക്ക് റൈഡറെ ബാധിക്കുന്നത് എന്ന് നോക്കാം. ഒരു റൈഡറെ ഹൈവെ ഹിപ്പ്നോട്ടിസം ബാധിക്കുന്നത് വളവില്ലാത്ത കണ്ണെത്താ ദൂരത്തേക്ക് നീണ്ട് പരന്ന് കിടക്കുന്ന എക്സ്പ്രസ്സ് ഹൈവേ പോലുള്ള റോഡുകളിലായിരിക്കും. ഇത്തരം സ്ഥലങ്ങളിലൂടെ ബൈക്ക് പോലുള്ള വാഹനത്തിൽ സഞ്ചരിക്കുന്ന സഞ്ചാരികൾ ബൈക്കിൻ്റെ ഹാന്‍ഡിൽ പിടിച്ച് ഇരിക്കുക മാത്രമായിരിക്കും ചെയ്യുക. കാരണം, സാധാരണ പോക്കറ്റ് റോഡുകളിലും തിരക്കുള്ള റോഡുകളിലും ബൈക്ക് ഓടിക്കുന്നത് പോലെ ആയിരിക്കില്ല എക്സ്പ്രസ്സ് ഹൈവെ പോലുള്ള സ്ഥലങ്ങളിൽ വാഹനം ഓടിക്കുന്നത്. ഒരു നിശ്ചിത സ്പീഡിൽ ആക്സിലേറ്റർ കൊടുത്ത് ബ്രൈക്ക്, ക്ലച്ച് ഒന്നും ഉപയോഗിക്കാതെ ഒരേ സ്പീഡിൽ തന്നെ മണിക്കൂറുകൾ സഞ്ചരിക്കും.
സ്വാഭാവികമായും ഈ സമയത്ത് ബൈക്കിൽ ഇരിക്കുന്ന വ്യക്തിക്ക് വണ്ടിയുടെ ചെറിയ വൈബ്രേഷൻ കൊണ്ട് അയാളുടെ പേശികൾ മുഴുവനും അയവ് വരികയും പിന്നീട് അയാളുടെ ശരീരം ഒന്ന് ശാന്തമാകുകയും ചെയ്യും. അത് പിന്നീട് നമ്മുടെ തലച്ചോറിനെ ബാധിക്കുന്നു. ആ സമയത്ത് തന്നെ നമ്മുടെ കണ്ണുകളുടെ നോട്ടം മുന്നിലുള്ള ഒരു ബിന്ദുവിലേക്കു മാത്രം കേന്ദ്രീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ആ സമയത്ത് ആണ് നമ്മുടെ തലച്ചോറിൽ ഓട്ടോമാറ്റിക്കായി ഹിപ്പ്നോട്ടിസം സംഭവിക്കുന്നത്. അതായത് നമ്മൾ വാഹനം ഓടിക്കുന്നുണ്ടെങ്കിലും നമ്മുടെ മനസ്സ് വേറെ ലോകത്തേക്ക് മാറുന്നു. ആ സമയത്ത് നമ്മൾ അറിയാതെ വണ്ടിയുടെ സ്പീഡ് കൂടാം, അതുപോലെ മുമ്പിലുള്ള വണ്ടിയുമായി നമ്മുടെ വണ്ടി കൂട്ടി ഇടിച്ച് നമുക്ക് മരണം വരെ സംഭവിക്കാം. മിക്ക ഹൈവേ അപകടങ്ങളും ഈ രീതിയിൽ ആണ് സംഭവിക്കുന്നത്.
ഇത്തരം കാര്യം നമ്മുടെ ജീവിതത്തിൽ സ്ഥിരമായി സംഭവിക്കാറുണ്ട്; പക്ഷേ നമ്മൾ അത് കാര്യമായി എടുക്കുന്നില്ല എന്നേയുള്ളൂ. അതിന് ഒരു ഉദാഹരണമാണ് ബസ്സ് യാത്ര. നമ്മൾ യാത്ര ചെയ്യാൻ ബസ്സിൽ കയറുന്നു. ബസ്സിൽ നമുക്ക് ഇഷ്ട്ടപ്പെട്ട ഒരു പാട്ട് വെച്ചിട്ടുണ്ട്. നമുക്ക് കിട്ടിയ സീറ്റ് ആണെങ്കിൽ പുറം കാഴ്ചകൾ കാണുന്ന വിന്‍ഡോ സീറ്റും. യാത്ര തുടങ്ങിയാൽ നമുക്ക് സംഭവിക്കുന്നത് എന്താണ്? നമ്മൾ ബസ്സിൽ ഇരുന്ന് കൊണ്ട് പുറം കാഴ്ചകൾ കണ്ട്, പാട്ട് ആസ്വദിച്ച, യാത്ര ചെയ്യുന്നുണ്ടെങ്കിലും ആ ബസ്സ് യാത്രയുമായി ഒരു ബന്ധവുമില്ലാത്ത ചിന്തകളിൽ ആയിരിക്കും നമ്മൾ മുഴുകി ഇരിക്കുന്നത്. ഇപ്പോൾ നിങ്ങൾക്ക് ഞാൻ മുകളിൽ പറഞ്ഞ കാര്യം പിടികിട്ടിക്കാണും എന്ന് കരുതുന്നു. വാഹനം ഓടിക്കുമ്പോൾ ആണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിൽ നമ്മൾ എത്ര വലീയ അപകടത്തിലേക്ക് ആയിരിക്കും എത്തുന്നത് എന്നാലോചിക്കുക.
എൻ്റെ ലഡാക്ക് യാത്രയിൽ തന്നെ ഒത്തിരി റൈഡർമാർ ഇത്തരത്തിൽ അപകടത്തിൽ പെട്ടത് ഞാൻ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് ലഡാക്കിൽ നിന്ന് മണാലിയിലേക്കുള്ള യാത്രക്കിടയിൽ ആണ് കൂടുതലും അപകടം സംഭവിക്കുന്നത്. നീളത്തിലുള്ള നല്ല റോഡും, നീലാകാശവും മലകളാൽ ചുറ്റപ്പെട്ട വിജനമായ ഭൂപ്രകൃതിയും നിലനിൽക്കുന്ന പ്രദേശങ്ങളിലൂടെയുള്ള യാത്രയിൽ ആണ് മിക്ക റൈഡേഴ്സും അപകടത്തിൽ പെടുന്നത്.
ഇനി റൈഡിനിടയിൽ ഹൈവെ ഹിപ്പ്നോസിസ് ബാധിക്കാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം.?
1. അതിരാവിലെ നിങ്ങളുടെ യാത്ര ആരംഭിക്കുക. ഈ സമയത്ത് ശാരീരിക ഊർജ്ജം അതിന്റെ ഏറ്റവും ഉയർന്ന തലത്തില്‍ ഉണ്ടാവുക. അതുപോലെ നമ്മുടെ മനസ്സ് ശാന്തവുമായിരിക്കും. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മൈലുകൾ സഞ്ചരിക്കാൻ ഇത് നിങ്ങളെ സഹായിക്കും.
2. യാത്ര തുടങ്ങുന്നതിന് മുമ്പ് ഭക്ഷണം അമിതമായി വാരിവലിച്ച് കഴിക്കുന്നത് ഒഴിവാക്കുക. കാരണം അമിതമായി ഭക്ഷണം കഴിക്കുന്നത് ഒരുതരം മയക്കത്തിലേക്ക് നമ്മൾ എത്താൻ കാരണമാകും. അത് അപകടം സംഭവിക്കാൻ ഇടവരുത്തും.
3. ക്ലച്ചും ബ്രൈക്കും ഉപയോഗിക്കാതെ സ്ട്രെയ്റ്റ് ആയിട്ടുള്ള റോഡിൽ കൂടി വാഹനം ഓടിക്കുമ്പോൾ നിങ്ങളുടെ കണ്ണുകൾ ഇടക്കിടക്ക് രണ്ട് സൈഡിലും ചലിപ്പിച്ചു കൊണ്ടിരിക്കുക. അതുപോലെ നിങ്ങളുടെ വാഹനത്തിൻ്റെ സൈഡ് മിറർ വഴി വാഹനത്തിൻ്റെ പിൻ കാഴ്ചയും ഇടയ്ക്കിടെ പരിശോധിക്കുക.
4. വാഹനം ഓടിക്കുന്നതിൽ നിന്ന് ലയിച്ചിരിക്കാതെ നിങ്ങൾക്ക് ചുറ്റുമുള്ള എല്ലാ റോഡ് അടയാളങ്ങളും ട്രാഫിക്കും കാഴ്ചകളും ശ്രദ്ധിക്കുക.
5. നിങ്ങൾക്ക് കൂട്ടായി നിങ്ങളുടെ വാഹനത്തിൽ സഹയാത്രികർ ആയിട്ട് ആരെങ്കിലും ഉണ്ടെങ്കിൽ ആ വ്യക്തിയുമായി യാത്രക്കിടയിൽ നന്നായിട്ട് സംസാരിക്കുക.
6. യാത്രയുടെ ഇടവേളകളിൽ കാണുന്ന മനോഹരമായ സ്ഥലങ്ങൾ എത്തുമ്പോൾ വാഹനം നിർത്തി നമ്മുടെ മൊബൈലിൽ അല്ലെങ്കിൽ ക്യാമറകളിൽ ഫോട്ടോ പകർത്താം, ബ്ലോഗ്ചെയ്യുന്നവരാണെങ്കിൽ അത് ചെയ്യാം.
7. വാഹനം ഓടിക്കുമ്പോൾ വളഞ്ഞിരിക്കാതെ നിവർന്ന് ഇരുന്ന് കൊണ്ട് വാഹനം ഓടിക്കുക.
8. നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ ദൂരംകുറവും വേഗതയേറിയതും തിരക്കൊഴിഞ്ഞതുമായ എക്സ്പ്രസ്സ് ഹൈവെ പോലുള്ള നിരവധി മാർഗങ്ങളുണ്ടെങ്കിലും, ഇടക്ക് ചെറിയ ആൾത്തിരക്കുള്ള പട്ടണങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും യാത്ര ചെയ്യുന്നത് യാത്രാ വിരസതയും ഹൈവേ ഹിപ്പ്നോട്ടിസവും ഇല്ലാതിരിക്കാൻ നിങ്ങളെ സഹായിക്കും. കാരണം തിരക്കുള്ള റോഡാകുമ്പോൾ നമ്മുക്ക് വാഹനത്തിൽ വെറുതെ ഇരിക്കാതെ നന്നായി പണിയെടുക്കേണ്ടി വരും.
9. ഡ്രൈവിനിടയിൽ ശാന്തമായ സംഗീതങ്ങൾ, റേഡിയോ പ്രോഗ്രാമുകൾ എന്നിവ കേൾക്കുന്നത് നമ്മുടെ ശ്രദ്ധ മാറിപ്പോകാനും, അതിലൂടെ അപകടത്തിലേക്ക് എത്തിപ്പെടാനും ഇടവരുത്തും.
10. യാത്രകളിൽ നന്നായിട്ട് വെള്ളം കുടിക്കുക. അതുപോലെ തന്നെ നിങ്ങൾക്ക് സമ്മർദ്ദം അനുഭവപ്പെട്ടാലും ഇല്ലെങ്കിലും, കുറച്ച് മണിക്കൂറിലൊരിക്കൽ നിങ്ങളുടെ വാഹനം നിർത്തി പുതിയ അന്തരീക്ഷത്തിൽ ചുറ്റിനടക്കുക എന്നത് ഒരു പരിശീലനമായി മാറ്റുക. ഇത് നിങ്ങളുടെ പേശികൾ ഉണർന്നിരിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.
(എഴുത്തിന് നിർദേശങ്ങൾ തന്ന് സഹായിച്ചത് സുഹൃത്തും റൈഡറുമായ മഞ്ജരി മാര്‍ഗരറ്റ് മിഷേല്‍ )