തൽക്കാലം കണ്ണൂരേക്കില്ല; കൊച്ചിയിൽനിന്ന് സർവീസ് തുടങ്ങാൻ ആകാശ എയർ
ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്
നെടുമ്പാശ്ശേരി: രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയറിന്റെ കേരളത്തിലെ സർവീസ് കൊച്ചിയിൽനിന്ന്. ആഗസ്ത് ഏഴു മുതലാണ് ആകാശയുടെ യാത്ര ആരംഭിക്കുന്നത്. കൊച്ചിക്ക് പുറമേ, അഹമ്മദാബാദ്, ബംഗളൂരു, മുംബൈ നഗരങ്ങളിലാണ് വിമാനക്കമ്പനി സർവീസ് നടത്തുക. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
മുംബൈ-അഹമ്മദാബാദ് റൂട്ടിൽ 28 സർവീസുകളാണ് ആകാശ എയറിനുള്ളത്. ആഗസ്റ്റ് 13 മുതൽ കൊച്ചി-ബംഗളൂരു റൂട്ടിലും സർവീസ് ആരംഭിക്കും. കണ്ണൂർ ഉൾപ്പടെ കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് സർവീസ് ആരംഭിക്കുന്നതിനെ കുറിച്ച് ആകാശ എയർ പ്രതികരിച്ചിട്ടില്ല. രണ്ട് ബോയിങ് 737 മാക്‌സ് വിമാനം ഉപയോഗിച്ചാവും സർവീസ്.
ജൂലൈ ഏഴിന് ഡി.ജി.സി.എ ആകാശ എയറിന് അന്തിമാനുമതി നൽകിയിരുന്നു. ബോയിങ്ങിൽ നിന്നും 72 വിമാനങ്ങൾ വാങ്ങാനുള്ള കരാറിലാണ് ആകാശ എയർ ഒപ്പിട്ടിരിക്കുന്നത്. ആകാശ എത്തുന്നതോടെ ബജറ്റ് എയർട്രാവൽ മേഖലയിൽ മത്സരം കടുക്കും. നിലവിലെ മറ്റ് ആഭ്യന്തര വിമാന സർവീസുകളുടെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 500 മുതൽ 600 രൂപയുടെ കുറവ് ആകാശ വാഗ്ദാനം ചെയ്യുന്നുണ്ട്.
ആകാശ എയർ
എല്ലാവർക്കും വിമാനയാത്ര എന്നതാണ് ആകാശ എയർലൈൻ മുന്നോട്ട് വെക്കുന്ന ആശയം. ഇന്ത്യയിലെ ബജറ്റ് വിമാനകമ്പനിയായ ഇൻഡിഗോയെക്കാളും കുറഞ്ഞ ടിക്കറ്റ് നിരക്കിൽ സർവീസ് നടത്തുമെന്നാണ് ആകാശയുടെ അവകാശവാദം.
കോടീശ്വരനായ രാകേഷ് ജുൻജുൻവാലയുടെയും ഇൻഡിഗോയുടെ മുൻ പ്രസിഡന്റ് ആദിത്യ ഘോഷിന്റെയും പിന്തുണയുള്ള ആകാശ എയർലൈൻ 2021 ഓഗസ്റ്റിലാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നേടിയത്. ആകാശ എയർലൈൻ ഇതിനകം 72 ബോയിംഗ് 737 മാക്സ് വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. അതിൽ 19 എണ്ണം 189 സീറ്റുകളുള്ള MAX-8 ഉം 53 വിമാനങ്ങൾ ഉയർന്ന ശേഷിയുള്ള ബോയിംഗ് 737 MAX-8-200 ഉം ആയിരിക്കും. വിമാനത്തിൽ അധിക ലെഗ് സ്‌പേസുള്ള സീറ്റുകൾ ഉണ്ടായിരിക്കും.