ഇന്ത്യക്കാർക്ക് കീശ കാലിയാവാതെ യാത്ര ചെയ്യാവുന്ന അഞ്ച് രാജ്യങ്ങൾ
കൊവിഡ് സാഹചര്യം മാറിവരുമ്പോൾ ടൂറിസവും ഉണർവിലാണ്. വലിയ ചെലവില്ലാതെ ഈ രാജ്യങ്ങൾ സന്ദർശിക്കാം...
കൊവിഡ് നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കുകയാണ് വിദേശ രാജ്യങ്ങൾ. കൊവിഡ് സാഹചര്യത്തിന് ശമനമാകുമ്പോൾ പോക്കറ്റ് കാലിയാവാതെ യാത്ര ചെയ്യാൻ സാധിക്കുന്ന അഞ്ച് വിദേശ ടൂറിസ്റ്റ് കേന്ദ്രങ്ങളെ പരിചയപ്പെടാം.
1. ദുബായ്
ഇന്ത്യയിൽ നിന്ന് 3 മണിക്കൂർ 35 മിനുട്ടിനുള്ളിൽ വിമാന മാർഗം ദുബായിൽ എത്തിച്ചേരാൻ സാധിക്കും.ഷോപ്പിങ് ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച ചോയ്സുകളിലൊന്നാണ് ദുബായ്. കൂടാതെ ഒറ്റപ്പെട്ട ദ്വീപുകളും, മരുഭൂമിയിലൂടെയുള്ള സഫാരി യാത്രകളും ദുബായിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. പല ഭാവത്തിലും രുചിയിലുമുള്ള ഭക്ഷണം നൽകുന്ന നിരവധി സ്റ്റാർ ഹോട്ടലുകളുടെ സാന്നിധ്യം ദുബായ് വിനോദ സഞ്ചാരത്തെ ഉത്തേജിപ്പിക്കുന്നു.
18,000 മുതൽ 30,000 വരെയാണ് കൊച്ചിയിൽ നിന്ന് ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്ക്. വിവിധ ബജറ്റുകളിലുള്ള താമസ സൗകര്യവും ദുബൈയിൽ ലഭ്യമാണ്.
2.സിംഗപ്പൂർ
ടൂറിസം പ്രധാന വരുമാന മാർഗമായ സിംഗപ്പൂരിലേക്ക് ഇന്ത്യയിൽ നിന്ന് വ്യോമ മാർഗം അഞ്ച് മണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ കഴിയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികളെ സൽക്കരിക്കുന്ന കാര്യത്തിൽ കിഴക്കനേഷ്യൻ രാജ്യമായ സിംഗപ്പൂർ പ്രത്യേകം ശ്രദ്ധപുലർത്തി വരുന്നു. ആഡംബര ജീവിതവും സാഹസികതയും ഒരുപ്പോലെ ഇഷ്ടപ്പെടുന്നവർക്ക് സിംഗപ്പൂർ തുറന്നിടുന്നത് വിസ്മയങ്ങളുടെ ലോകമാണ്. കൂടാതെ ഫോട്ടോഗ്രാഫിയിൽ താത്പ്പര്യമുള്ളവർക്ക് സിംഗപ്പൂർ നല്ലൊരു ഓപ്ഷനാണ്.
3 മലേഷ്യ
സ്ട്രീറ്റ് ഫുഡും ഷോപ്പിങ്ങും ഭ്രമമായവർക്ക് ടിക്കറ്റ് എടുത്ത് നാല് മണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ കഴിയുന്ന ടൂറിസ്റ്റ് രാജ്യമാണ് മലേഷ്യ. ഇവയെ കൂടാതെ മനോഹരമായ ബീച്ചുകൾ മലേഷ്യയിൽ വർഷം മുഴുവൻ സഞ്ചാരികൾ എത്താൻ കാരണമാകുന്നുണ്ട്. ഇന്ത്യയിൽ നിന്ന് എപ്പോഴും കണക്ടിവിറ്റി ഉണ്ടെന്നതും ടൂറിസത്തിന് വലിയ പ്രാധാന്യം നൽകുന്നുവെന്നതും മലേഷ്യൻ ട്രിപ്പ് ഇന്ത്യക്കാർക്ക് ആയാസരഹിതമാക്കുന്നു.
4 മാലിദ്വീപ്
കുറഞ്ഞ ചെലവിൽ ശാന്തമായ കടൽത്തീരങ്ങൾ ആസ്വദിക്കണമെന്നുള്ളവർക്ക് ഇന്ത്യയിൽ നിന്ന് എളുപ്പം എത്തിച്ചേരാൻ സാധിക്കുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് അറബിക്കടലിൽ സ്ഥിതിചെയ്യുന്ന മാലിദ്വീപ്. ബജറ്റ് പ്രശ്നമില്ലെങ്കിൽ കടൽ തീരങ്ങളോട് ചേർന്നുള്ള വില്ലകളിൽ ആനന്ദം കണ്ടെത്താവുന്നതാണ്. സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾക്ക് വരെ ആസ്വാദ്യകരമായ വിവിധ പാക്കേജുകളും വിനോദങ്ങളും മാലിദ്വീപിൽ കാത്തിരിക്കുന്നു. ടൂറിസം പ്രധാന ഉപജീവനമായി കാണുന്ന ഈ ദ്വീപസമൂഹ രാഷ്ട്രം സഞ്ചാരികൾക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്.
5 സീഷെൽസ്
ഇന്ത്യയിൽ നിന്ന് അഞ്ച് മണിക്കൂറിനുള്ളിൽ എത്താൻ കഴിയുന്ന ഈസ്റ്റ് ആഫ്രിക്കൻ രാജ്യമാണിത്.അതിമനോഹരമായ കടൽത്തീരങ്ങൾ ,പവിഴപ്പുറ്റുകൾ, പരിസ്ഥിതി സംരക്ഷണ മേഖലകൾ എന്നിവ സീഷെൽസിലേക്ക് ലോകത്തിൻ്റെ പല കോണുകളിൽ നിന്നുള്ള സഞ്ചാരികളെ ആകർഷിക്കുന്നു.