ഗവി ആസ്വദിക്കാം, ആനവണ്ടിയില്‍; യാത്രാപ്രേമികൾക്ക് കെ.എസ്.ആർ.ടി.സിയുടെ മറ്റൊരു സമ്മാനം

ഉച്ചഭക്ഷണവും ബോട്ടിങ്ങും ഉൾപ്പെടുന്ന ഗവി പാക്കേജ് ഞായറാഴ്ച ആരംഭിക്കും

Update: 2022-12-01 09:20 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: ജംഗിൾ സഫാരിക്കും ചതുരംഗപ്പാറയ്ക്കും മലക്കപ്പാറയ്ക്കും പിന്നാലെ യാത്രാ പ്രേമികൾക്ക് കോതമംഗലം കെ.എസ്.ആർ.ടി.സിയുടെ മറ്റൊരു സമ്മാനം. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായ ഗവിയിലേക്ക് കോതമംഗലത്തുനിന്ന് പുതിയ പാക്കേജ് ആരംഭിക്കുകയാണ്. ഞായറാഴ്ച പുലർച്ചെ നാലിന് ആദ്യ ഗവി ട്രിപ്പിന് തുടക്കമാകും.

ഒരാൾക്ക് 2,000 രൂപയാണ് നിരക്ക്. ഉച്ചഭക്ഷണവും ബോട്ടിങ്ങും ഉൾപ്പെടുന്നതാണ് പാക്കേജ്. പുലർച്ചെ നാലിന് കോതമംഗലം ഡിപ്പോയിൽനിന്ന് പുറപ്പെട്ട് രാത്രി തിരികെയെത്തും വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ വിനോദസഞ്ചാരകേന്ദ്രമാണ് ഗവി. കാനനഭംഗിയുടെ ഒരു വേറിട്ട അനുഭവമാണ് ഓരോ സഞ്ചാരിക്കും ഗവി സമ്മാനിക്കുക. കാടിനെ തൊട്ടറിഞ്ഞും അനുഭവിച്ചുമുള്ള എഴുപതിലധികം കിലോമീറ്റർ വരുന്ന യാത്രയാണ് പ്രധാന ആകർഷണം. പച്ച പുതച്ച മലനിരകളും, കളകളാരവം മുഴക്കുന്ന അരുവികളും, മനുഷ്യന്റെ കരവിരുതിൽ പിറന്ന ഡാമുകളും, വന്യമൃഗങ്ങളും.. അങ്ങനെയങ്ങനെ നിരവധി കാഴ്ചകളാണ് ഈ പാതയിൽ കാത്തിരിക്കുന്നത്.

പത്തനംതിട്ടയിൽനിന്ന് മൈലപ്ര, മണ്ണാറകുളഞ്ഞി, വടശ്ശേരിക്കര, പെരുനാട്, ചിറ്റാർ, സീതത്തോട്, ആങ്ങാമൂഴി, മൂഴിയാര, കക്കി ഡാം വഴിയാണ് ഗവിയിൽ എത്തിച്ചേരുന്നത്. പത്തനംതിട്ട ജില്ലയിലാണ് ഗവി സ്ഥിതിചെയ്യുന്നതെങ്കിലും ഇടുക്കി വണ്ടിപ്പെരിയാറിൽനിന്ന് 14 കിലോമീറ്റർ ദൂരമാണ് ഗവിയിലേക്കുള്ളത്.

ഗവി യാത്ര നടത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യണം. ബുക്കിങ്ങിനുള്ള നമ്പർ: 9447984511, 9446525773.

Summary: KSRTC is launching a new travel package from Kothamangalam to Gavi, which is one of the favorite destinations of tourists

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News