എങ്ങനെ എയർ ഇന്ത്യ എന്ന പേര് വന്നു? 75 വർഷം പഴക്കമുള്ള രഹസ്യം വെളിപ്പെടുത്തി ടാറ്റ

1946ലെ ടാറ്റയുടെ പ്രതിമാസ ബുള്ളറ്റിന്റെ ഒരു ഭാഗം പങ്കിട്ടാണ് 'എയര്‍ ഇന്ത്യ' എന്ന പേരുവന്ന കഥ ടാറ്റ വെളിപ്പെടുത്തിയത്

Update: 2022-02-06 16:25 GMT
Editor : Shaheer | By : Web Desk
Advertising

68 വർഷത്തെ ഇടവേളയ്ക്കുശേഷം എയർ ഇന്ത്യ വീണ്ടും ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലെത്തിയിരിക്കുകയാണ്. 18,000 കോടി രൂപയ്ക്കാണ് ടാറ്റ പൊതുമേഖലാ വിമാനക്കമ്പനിയെ ഏറ്റെടുത്തത്. കമ്പനി ഏറ്റെടുത്തതിനു പിന്നാലെ ഒട്ടനവധി മാറ്റങ്ങൾക്കും തുടക്കമിട്ടിരിക്കുന്നു. എന്നാൽ, എയർ ഇന്ത്യ എന്നൊരു പേര് എങ്ങനെ 75 വർഷം മുൻപ് ഇന്ത്യയുടെ ആദ്യ വിമാനകമ്പനിക്ക് വന്നുവെന്നത് എല്ലാവര്‍ക്കുമുള്ള സംശയമാകും. അതിനുള്ള മറുപടി ടാറ്റ തന്നെ നല്‍കിയിരിക്കുന്നു ഇപ്പോള്‍.

ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് എയർ ഇന്ത്യ എന്ന നാമകരണത്തിനു പിന്നിലെ കൗതുകകരമായ വിവരങ്ങൾ ടാറ്റ വെളിപ്പെടുത്തിയത്. 1946ലെ ടാറ്റയുടെ പ്രതിമാസ ബുള്ളറ്റിന്റെ ഒരു ഭാഗം പങ്കിട്ടാണ് ആ പേരുവന്ന കഥ ടാറ്റ പുറത്തുവിട്ടത്.

നേരത്തെ ടാറ്റാ സൺസ് കമ്പനിക്കു കീഴിൽ ഒരു ഉപവിഭാഗമായി ടാറ്റ എയർലൈൻസ് എന്ന പേരിലായിരുന്നു ഇന്ത്യയുടെ ആദ്യ വിമാനകമ്പനി പ്രവർത്തിച്ചിരുന്നത്. 1946ലാണ് ടാറ്റ എയർലൈൻസിനെ സ്വതന്ത്രമായ കമ്പനിയാക്കാൻ ടാറ്റ തീരുമാനിച്ചത്. ഈ സമയത്താണ് കമ്പനിക്ക് സ്വതന്ത്രമായൊരു പേരിടുന്നതിനെക്കുറിച്ചും ചർച്ച വന്നത്.

നാലുപേര്; ടാറ്റാ ജീവനക്കാർക്കിടയിലെ വോട്ടെടുപ്പ്

വിദഗ്ധരുമായി നടത്തിയ ആലോചനയിൽ നാലുപേരുകളാണ് ഉയർന്നുവന്നത്: ഇന്ത്യൻ എയർലൈൻസ്, പാൻ ഇന്ത്യൻ എയർലൈൻസ്, ട്രാൻസ് ഇന്ത്യൻ എയർലൈൻസ്, എയർ ഇന്ത്യ. ഇതിൽനിന്ന് ഏതു തെരഞ്ഞെടുക്കുമെന്നായി ചിന്ത. ഒടുവിൽ, പൊതുജനാഭിപ്രായം തേടാൻ തീരുമാനിക്കുകയായിരുന്നു ടാറ്റ. ടാറ്റയുടെ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ചരിത്രപ്രാധാന്യമുള്ള ബോംബെ ഹൗസിൽ ഗാലപ് പോളോ സാംപിൾ സർവേയോ നടത്താമെന്നു വച്ചു.

തുടർന്ന് ടാറ്റയുടെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുകയും അവർക്കിടയിൽ വോട്ടിങ് പേപ്പറുകൾ വിതരണം ചെയ്യുകയും ചെയ്തു. ഇവരോട് ഇഷ്ടപ്പെട്ട ആദ്യത്തെയും രണ്ടാമത്തെയും പേരുകൾ പേപ്പറിൽ എഴുതാൻ ആവശ്യപ്പെട്ടു. അങ്ങനെ നടത്തിയ വോട്ടിങ്ങിൽ കൂടുതൽ പേരും പിന്തുണച്ചത് എയർ ഇന്ത്യയെയായിരുന്നു. 64 പേർ എയർ ഇന്ത്യയ്ക്ക് വോട്ട് ചെയ്തപ്പോൾ 51 വോട്ടുമായി ഇന്ത്യൻ എയർലൈൻസായിരുന്നു രണ്ടാം സ്ഥാനത്ത്. ട്രാൻസ് ഇന്ത്യൻ എയർലൈൻസിനെ 28 പേരും പാൻ ഇന്ത്യൻ എയർലൈൻസിനെ 19 പേരും പിന്തുണച്ചു.

ഇതിൽനിന്ന് കുറഞ്ഞ വോട്ടുകൾ കിട്ടിയ ട്രാൻസ് ഇന്ത്യൻ എയർലൈൻസിനെയും പാൻ ഇന്ത്യൻ എയർലൈൻസിനെയും ഒഴിവാക്കി. വീണ്ടും ജീവനക്കാർക്കിടയിൽ വോട്ടെടുപ്പ് നടത്തി. ഒരിക്കൽകൂടി കൂടുതൽ അഭിപ്രായം ലഭിച്ചത് എയർ ഇന്ത്യയ്ക്ക് അനുകൂലമായായിരുന്നു. 72 പേർ എയർ ഇന്ത്യ എന്ന പേരിനെ പിന്തുണച്ചപ്പോൾ 58 പേരാണ് ഇന്ത്യൻ എയർലൈൻസിന് വോട്ട് ചെയ്തത്. അങ്ങനെയാണ് പുതിയ കമ്പനിക്ക് ടാറ്റ മാനേജ്‌മെന്റ് എയർ ഇന്ത്യ എന്നു പേരുനൽകുന്നത്.


പിറന്ന കൈകളിൽ വീണ്ടും

ജനുവരി 27നാണ് എയർ ഇന്ത്യ ഏഴു പതിറ്റാണ്ടിനുശേഷം വീണ്ടും ടാറ്റ ഗ്രൂപ്പിന്റെ കൈകളിലേക്ക് ഔദ്യോഗികമായി തിരിച്ചെത്തിയത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകളുടെ മുഴുവൻ ഓഹരിയും എയർ ഇന്ത്യയുടെ കാർഗോ വിഭാഗമായ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരിയുമാണ് കേന്ദ്രസർക്കാർ ടാറ്റയ്ക്ക് കൈമാറിയത്.

കടത്തിൽ മുങ്ങിയ എയർ ഇന്ത്യയെ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ പലതവണ നടത്തിയ ശ്രമത്തിനൊടുവിൽ കഴിഞ്ഞ ഒക്ടോബറിലാണ് 18,000 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് ലേലത്തിനെടുത്തത്. എയർ ഇന്ത്യയുടെ ആകെ കടത്തിൽ 15,300 കോടി രൂപ ടാറ്റ ഏറ്റെടുക്കും. ടെൻഡർ തുകയിൽ ബാക്കിയുള്ള 2,700 കോടി രൂപ കേന്ദ്രസർക്കാരിന് പണമായി കൈമാറും. സ്പൈസ് ജെറ്റും എയർ ഇന്ത്യയെ വാങ്ങാനായി ലേലത്തിനുണ്ടായിരുന്നു. യുഎസ് ആസ്ഥാനമായ ഇന്റർ അപ്സ് കമ്പനിയും രംഗത്തുണ്ടായിരുന്നെങ്കിലും ഇടയ്ക്കുവച്ച് പിന്മാറി.

1932ൽ ടാറ്റ സൺസ് ആരംഭിച്ച ടാറ്റ എയർലൈൻസ്(ആദ്യം ടാറ്റ എയർ സർവീസ്) ആണ് 1946ൽ എയർ ഇന്ത്യയായത്. 1953ൽ ദേശസാത്കരണത്തിന്റെ ഭാഗമായി ടാറ്റയിൽനിന്ന് കമ്പനി കേന്ദ്ര സർക്കാർ ഏറ്റെടുത്തു. 2.8 കോടി രൂപ കൊടുത്താണ് കമ്പനിയുടെ മുഴുവൻ ഓഹരിയും അന്ന് സർക്കാർ വാങ്ങിയത്.

1977 വരെ ജെആർഡി ടാറ്റ ആയിരുന്നു എയർ ഇന്ത്യയുടെ ചെയർമാൻ. 2001ൽ എയർ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും തൽക്കാലം വിൽപന വേണ്ടെന്നു സർക്കാർ തീരുമാനിച്ചു. 2013ൽ ടാറ്റ രണ്ടു വിമാന കമ്പനികൾ ആരംഭിച്ചു -എയർ ഏഷ്യ ഇന്ത്യയും (സഹപങ്കാളി-മലേഷ്യയിലെ എയർ ഏഷ്യ), വിസ്താരയും(സഹപങ്കാളി-സിംഗപ്പുർ എയർലൈൻസ്).

Summary: More than 75 years ago, an opinion poll among Tata employees to choose from four names resulted in the country's first airline company being named as 'Air India', Tata group reveals

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News