കോവിഡ് അവിടെ നിൽക്കട്ടെ, സഞ്ചാരികളേ വരൂ; സ്വാഗതം ചെയ്ത് ഈ യൂറോപ്യൻ രാജ്യം
കോവിഡ് പ്രതിസന്ധി അവസാനിക്കാത്ത ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാഷ്ട്രങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കടുത്ത നിയന്ത്രണമുണ്ട്
കോവിഡ് പ്രതിസന്ധിക്കിടെ സഞ്ചാരികൾക്കായി വാതിൽ തുറന്ന് സ്‌പെയിൻ. വാക്‌സിൻ എടുത്ത വിദേശികൾക്കാണ് രാജ്യം ടൂറിസം ഡെസ്റ്റിനേഷനുകൾ തുറന്നു നൽകുന്നത്. ബീച്ചുകളിലേക്കും ക്രൂയിസ് കപ്പലുകളിലേക്കും സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതലാണ് നിയന്ത്രണങ്ങൾ നീക്കിയത്.
ഫൈസർ-ബയോഎൻടെക്, മൊഡേണ, ആസ്ട്ര സെനിക്ക, ജാൻസൺ, സിനോഫാം, സിനോവാക്-കൊറോണ എന്നീ വാക്‌സിനുകള്‍ എടുത്തവര്‍ക്കാണ് പ്രവേശനം. രാജ്യത്ത് പ്രവേശിക്കുന്നതിന് 14 ദിവസം മുമ്പെങ്കിലും വാക്‌സിനെടുത്തിരിക്കണം. ആറു വയസ്സു വരെയുള്ള കുട്ടികൾക്ക് വാക്‌സിനെടുക്കേണ്ടതില്ല. ഇതിന് മുകളിലുള്ള കുട്ടികൾക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
യൂറോപ്യൻ യൂണിയനിലെ 27 രാഷ്ട്രങ്ങളിൽ നിന്നുള്ള വാക്‌സിനെടുക്കാത്ത സഞ്ചാരികൾക്കും രാജ്യത്തേക്ക് പ്രവേശനമുണ്ട്. 72 മണിക്കൂർ മുമ്പുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോടെയാണ് ഇവർക്ക് പ്രവേശനം സാധ്യമാകുക.
അതേസമയം, കോവിഡ് പ്രതിസന്ധി അവസാനിക്കാത്ത ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാഷ്ട്രങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കടുത്ത നിയന്ത്രണമുണ്ട്. അവശ്യസേവനങ്ങൾക്കു മാത്രമാണ് ഈ രാജ്യത്തു നിന്നുള്ളവർക്ക് പ്രവേശനം.
ടൂറിസ്റ്റുകൾക്ക് സ്‌പെയിൻ ഇപ്പോൾ സുരക്ഷിതമായ ഇടമാണെന്ന് സ്‌പെയിൻ ആരോഗ്യമന്ത്രി കരോലിന ഡറിയാസ് പറഞ്ഞു. ടൂറിസത്തിൽ ആഗോള നേതൃത്വം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് രാജ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌പെയിനിന്റെ പ്രധാനവരുമാന മാർഗങ്ങളിലൊന്നാണ് ടൂറിസം. 2019ൽ മൊത്തം ജിഡിപിയുടെ 12 ശതമാനവും ടൂറിസത്തിൽ നിന്നായിരുന്നു. ജൂലൈ-സെപ്തംബർ മാസങ്ങളിൽ 14.5-15.5 ദശലക്ഷം സഞ്ചാരികളെയാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.