കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് യു.എ.ഇയിലേക്ക്; അബുദാബി കിരീടാവകാശിയുമായി ചര്‍ച്ച
കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യു.എ.ഇയിലേക്ക്. തിങ്കളാഴ്ച യു.എ.ഇയിലെത്തുന്ന മന്ത്രി സുഷമ സ്വരാജ് പ്രമുഖരുമായി ചർച്ച നടത്തും. വിവിധ ഇന്ത്യൻ കൂട്ടായ്മകളുടെ പ്രതിനിധികളെയും മന്ത്രി കാണുന്നുണ്ട്.
സാമ്പത്തിക സാങ്കേതിക രംഗങ്ങളിൽ സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ഇന്ത്യ-യു.എ.ഇ. ജോയിന്റ് കമ്മിഷൻ മീറ്റിങ്ങിനാണ് മന്ത്രിയും പ്രതിനിധി സംഘവും യു.എ.ഇയിലെത്തുന്നത്. യു.എ.ഇ. വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി മന്ത്രി ചർച്ച നടത്തും.
അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും മന്ത്രി ചർച്ച നടത്തും. അബൂദബിയിൽ ഗാന്ധി സായിദ് ഡിജിറ്റൽ മ്യൂസിയത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. അബുദാബിയിലെ ഇന്ത്യൻ സംഘടനാ പ്രതിനിധികളുമായും മന്ത്രി സംവദിക്കും.
എല്ലാ തുറകളിലും ഉഭയകക്ഷി ബന്ധം ഏറ്റവും മികച്ചു നിൽക്കുന്ന സന്ദർഭമാണിത്. അതുകൊണ്ടുതന്നെ വിദേശകാര്യമന്ത്രിയുടെ സന്ദർശനം കൂടുതൽ പങ്കാളിത്തങ്ങൾക്കും സഹകരണത്തിനും പാതയൊരുക്കും. യു.എ.ഇ വിദേശകാര്യ മന്ത്രി അടുത്തിടെ ഇന്ത്യ സന്ദർശിച്ചിരുന്നു. വിവിധ തലങ്ങളിലായി സുപ്രധാന കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ സന്ദർശനത്തെ ഏറെ പ്രാധാന്യപൂർവമാണ് യു.എ.ഇ നേതൃത്വവും മാധ്യമങ്ങളും നോക്കി കാണുന്നത്.