കെ മുരളീധരനെ പേരാമ്പ്ര സി.കെ.ജി കോളജില്‍ എസ്.എഫ്.ഐക്കാര്‍ തടഞ്ഞു
കോളജിന്റെ ഇടനാഴിയില്‍ പ്രവേശിച്ചതോടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗോവണിയില്‍ നിന്ന് പി ജയരാജന് അനുകൂല മുദ്രാവാക്യം വിളിച്ച് തടഞ്ഞു.
വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരനെ പേരാമ്പ്ര സി.കെ.ജി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. തെരഞ്ഞെടുപ്പ് പര്യടനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. ഇതിനെ തുടര്‍ന്ന് എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.
ഒന്നാംഘട്ട പര്യടനത്തിന്റെ ഭാഗമായി പേരാമ്പ്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു മുരളീധരന്‍. യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും കെ.എസ്.യു നേതാക്കള്‍ക്കുമൊപ്പമാണ് മുരളീധരന്‍ സി.കെ.ജി കോളജിലെത്തിയത്. കോളജിന്റെ ഇടനാഴിയില്‍ പ്രവേശിച്ചതോടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗോവണിയില്‍ നിന്ന് പി ജയരാജന് അനുകൂല മുദ്രാവാക്യം വിളിച്ച് തടഞ്ഞു.
ഇതോടെ കെ.എസ്.യു പ്രവര്‍ത്തകരും മുദ്രാവാക്യം വിളി തുടങ്ങി. എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയിലുമെത്തി. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ സ്ഥാനാര്‍ത്ഥി തിരിച്ചുപോവുകയായിരുന്നു. അക്രമ രാഷ്ടീയത്തിന്റെ ഉദാഹരണമന്ന് സി.കെ.ജി കോളജില്‍ നടന്നതെന്ന് മുരളീധരന്‍ പറഞ്ഞു.