‘’ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ തോൽക്കും, ബാക്കി 19 സീറ്റുകളും യു.ഡി.എഫിന്:’’- എന്തുകൊണ്ട് അലി അന്ന് അങ്ങനെ പ്രവചിച്ചു?

‘’ആ സ്റ്റാറ്റസ് കൃത്യമായി വിലയിരുത്തി നടത്തിയ പ്രവചനം തന്നെയാണ്, അതൊരിക്കലും ലക്ക് ആയിരുന്നില്ല’’: മുഹമ്മദ് അലി സംസാരിക്കുന്നു

Update: 2019-05-24 09:17 GMT
Advertising

ലോക്‍സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് നാദാപുരം വിലാതപുരം സ്വദേശി മുഹമ്മദ് അലി. 20ല്‍ 19 സീറ്റും നേടി യു.ഡി.എഫ് കേരളത്തെ ഞെട്ടിച്ചപ്പോള്‍, ഏപ്രില്‍ നാലിന് തന്നെ അക്കാര്യം ഫെയ്‍സ് ബുക്കിലൂടെ പ്രവചിച്ചിരുന്നു അലി. അന്ന് എല്ലാവരും പോസ്റ്റിന് താഴെ തെറിവിളിയുമായെത്തിയെങ്കിലും അലിയുടെ പ്രവചനം ഫലിച്ചതോടെ, പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ തോൽക്കും. ബാക്കി 19 സീറ്റുകളും യൂ ഡി എഫ് നേടും. വേണ്ടവർക്ക് സ്ക്രീൻഷോട്ട് എടുത്തു വെക്കാം

Posted by M'hd ALi PK on Thursday, April 4, 2019

‘ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ തോൽക്കും, ബാക്കി 19 സീറ്റുകളും യു.ഡി.എഫിന് ലഭിക്കും. വേണ്ടവർക്ക് സ്ക്രീൻഷോർട്ട് എടുത്തുവെക്കാം' എന്നായിരുന്നു ഏപ്രില്‍ 4 ന് രാത്രിയില്‍ മുഹമ്മദ് അലി തന്‍റെ ഫെയ്‍സ് ബുക്ക് പേജിലിട്ട സ്റ്റാറ്റസ്.

മുഹമ്മദ് അലി മീഡിയവണ്‍ വെബ്ബിനോട് സംസാരിക്കുന്നു...

എന്തുകൊണ്ടായിരുന്നും അന്ന് അങ്ങനെ ഒരു പ്രവചനം നടത്തി ഫെയ്‍സ്ബുക്കില്‍ സ്റ്റാറ്റസ് ആയി ഇട്ടത്?

ആ സ്റ്റാറ്റസ് കൃത്യമായി വിലയിരുത്തി നടത്തിയ പ്രവചനം തന്നെയാണ്.. അതൊരിക്കലും ലക്ക് ആയിരുന്നില്ല. ഷാനിമോള്‍ ഉസ്‍മാന്‍ എന്ന പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വന്നപ്പോള്‍ തന്നെ എനിക്ക് ആലപ്പുഴയില്‍ പാര്‍ട്ടിയുടെ തോല്‍വി ഉറപ്പായിരുന്നു. എ.എം ആരിഫ് ഇടതുപക്ഷത്തിന്‍റെ എം.എല്‍.എ എന്നതിനപ്പുറം എല്ലാ വിഷയങ്ങളിലും ഇടപെടുന്ന ജനകീയനായ എം.എല്‍.എയാണ്. ഷാനിമോള്‍ ഉസ്‍മാന്‍ എ. എം ആരിഫിന് പറ്റിയ ഒരു എതിരാളി ആയിരുന്നില്ല ഒരിക്കലും. അതുമാത്രമല്ല, വടകരയില്‍ മുല്ലപ്പള്ളിക്ക് പകരം മുരളീധരന്‍ വന്നതു പോലെ, കെ. സി വേണുഗോപാല്‍ എന്ന പ്രമുഖനായ വ്യക്തിക്ക് പകരം വെക്കാന്‍ പറ്റുന്ന ഒരു സ്ഥാനാര്‍ത്ഥി ആകണമായിരുന്നു ആലപ്പുഴയില്‍ വരേണ്ടിയിരുന്നത്. അങ്ങനെയായിരുന്നെങ്കില്‍ ആരിഫും കൂടി തോല്‍ക്കുമായിരുന്നു. അങ്ങനെയെങ്കില്‍ ട്വന്‍റി ട്വന്‍റി അടിച്ചേനെ. അതാണ് സത്യം.

എങ്കിലും പാലക്കാടും കോഴിക്കോടും ഒന്നും സംശയം ഉണ്ടായില്ലേ?

എം.കെ രാഘവന്‍ കോഴ വിവാദത്തില്‍പ്പെട്ടപ്പോള്‍, എനിക്ക് തുടക്കത്തില്‍ ഒരു ആശങ്കയുണ്ടായിരുന്നു. പിന്നെ ആ സ്റ്റിംങ് ഓപ്പറേഷന്‍ സി.പി.എം നടത്തിയ ഗൂഢാലോചനയാണെന്ന് വ്യക്തമായി. പ്രദീപ് കുമാര്‍ ജനകീയനായ നേതാവാണ്. പക്ഷേ, എം. കെ രാഘവന്‍ പത്തുകൊല്ലം കൊണ്ട് ഉണ്ടാക്കിയ ഇമേജൊന്നും പ്രദീപ് കുമാറിന് കോഴിക്കോടില്ല.

പാലക്കാട് യു.ഡി.എഫ് ജയിക്കുമെന്ന് ഏതെങ്കിലും എക്സിറ്റ് പോള്‍ പറഞ്ഞിരുന്നോ? ഞാന്‍ ആ പോസ്റ്റ് ഇട്ടപ്പോള്‍ തന്നെ പലരും പാലക്കാടിന്‍റെ പേരില്‍ തര്‍ക്കിക്കാന്‍ വന്നിരുന്നു. എനിക്ക് അതില്‍ വ്യക്തത കുറവൊന്നുമുണ്ടായിരുന്നില്ല. ശ്രീകണ്ഠന്‍ ഇത്തവണ നടത്തിയ ഒരു യാത്രയുണ്ടായിരുന്നു. ഷാഫി പറമ്പിലും കൂടെയുണ്ടായിരുന്നു. ആ യാത്രയ്ക്ക് കിട്ടിയ ജനപിന്തുണ അത്രയേറെയായിരുന്നു. അതായിരുന്നു പാലക്കാട് ജയിക്കുമെന്ന എന്‍റെ പ്രവചനത്തിന്‍റെ അടിസ്ഥാനം.

യു.ഡി.എഫിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അത്രയും വിശ്വാസമുണ്ടായിരുന്നു എന്നാണോ?

ശരിക്കും, വിശ്വാസമായിരുന്നു. ഓരോരുത്തരും ഒന്നിനൊന്ന് മെച്ചപ്പെട്ട സ്ഥാനാര്‍ത്ഥികളായിരുന്നു. കാസര്‍കോട് രാജ്‍മോഹന്‍ ഉണ്ണിത്താന്‍, കണ്ണൂര്‍ കെ. സുധാകരന്‍, വടകര മുരളീധരന്‍, കോഴിക്കോട് എം. കെ രാഘവന്‍, തൃശൂരില്‍ ടി.എന്‍ പ്രതാപന്‍, ഇടുക്കിയില്‍ ‍ഡീന്‍ കുര്യാക്കോസ്, കൊല്ലത്ത് എം.കെ പ്രേമചന്ദ്രന്‍ തുടങ്ങി എല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ടവര്‍.

മാത്രമല്ല, ആലത്തൂരില്‍ രമ്യാ ഹരിദാസിന്‍റെ വിജയം പോലും എനിക്കുറപ്പായിരുന്നു. തൃത്താലയില്‍ വി.ടി ബല്‍റാം, പാലക്കാട് ഷാഫി പറമ്പില്‍, അനില്‍ അക്കര അടക്കമുള്ള ആളുകള്‍ രമ്യാ ഹരിദാസിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാനൊരു വടകര മണ്ഡലക്കാരനാണ്. പക്ഷേ എന്നിട്ടും ഞാന്‍ ഏറ്റവും കൂടുതല്‍ ഫെയ്‍സ്ബുക്കില്‍ പോസ്റ്റിട്ടത് രമ്യ ഹരിദാസിന് വേണ്ടിയാണ്.

പത്തു മണ്ഡലങ്ങളില്‍ ഒരു ലക്ഷത്തിന് മേലെയാണ് യു.ഡി..എഫിന് ലഭിച്ച ഭൂരിപക്ഷം. പൊന്നാനി പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച പി.വി അന്‍വര്‍ തോറ്റിരിക്കുന്നത് 193000 ത്തിലധികം വോട്ടിനാണ്. . മുല്ലപ്പള്ളി എന്‍റെ നാട്ടുകാരനാണ്. എന്നാല്‍ മുല്ലപ്പള്ളി മത്സരിച്ചപ്പോള്‍ പോലും കിട്ടാത്ത ഭൂരിപക്ഷമാണ്, തിരുവനന്തപുരത്ത് നിന്ന് വടകരയിലേക്ക് വന്ന് മുരളീധരന്‍ മത്സരിച്ചപ്പോള്‍ കിട്ടിയത്. അത് മുരളീധരന്‍റെ കഴിവ് മാത്രമല്ല, അവര്‍ പറയുന്നത് അത് ബി.ജെ.പി വോട്ടാണെന്ന്. ബി.ജെ.പി വോട്ട് കഴിഞ്ഞ തവണ 75000 ആയിരുന്നു. അത് ഇത്തവണ 80000 ആയി വര്‍ധിച്ചിട്ടുമുണ്ട്.

കേരളത്തില്‍ ബി.ജെ.പി വിരുദ്ധ വികാരം യു.ഡി.എഫിന് അനുകൂലമായി അല്ലേ?

ബി.ജെ.പി വിരുദ്ധത മാത്രമല്ല, ഇടതുപക്ഷത്തിന്‍റെ ധിക്കാരപരമായ സമീപനങ്ങളും ജനം മാറിചിന്തിക്കാന്‍ ഒരു ഘടകമായി. എന്‍റെ നാട്ടുകാരെ എനിക്കറിയാം. അവരുമായി നിരന്തരം ഇടപഴകുന്ന ഒരാളാണ് ഞാന്‍. ജയരാജന്‍, അയാള്‍ക്ക് ഞങ്ങള്‍ വോട്ടു ചെയ്യില്ലെന്ന് എന്നോട് പലരും തുറന്ന് പറഞ്ഞിട്ടുമുണ്ട്. കാരണം, മനുഷ്യത്വമാണത്. രണ്ടാമതേ രാഷ്ട്രീയം വരുന്നുള്ളൂ... ഷുക്കൂര്‍, അസ്‍‍ലം, ശരത് ലാല്‍, കൃപേഷ് എല്ലാവരെയും കുത്തിമലര്‍ത്തിയത് ആരാണ്... ആ കൃപേഷിനെയൊക്കെ ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ തോന്നുമോ? ഇതിനൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഇയാളാണ്.. നൂറുശതമാനം ഉറപ്പാണത്.

മാത്രമല്ല, ഒരു മുഖ്യമന്ത്രി ഒരിക്കലും പറയാന്‍ പാടില്ലാത്ത വാക്കുകളല്ലേ, കടക്കു പുറത്ത് എന്നൊക്കെ.. വോട്ടു ചെയ്ത് ജയിപ്പിച്ച ജനങ്ങളെ ഒരു വിലയുമില്ലാതെയാക്കുന്ന രീതിയില്‍ ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി തന്നെ നടത്തുന്ന ചില പ്രസ്താവനകള്‍.. അതൊന്നും കേരളത്തെ പോലെ സാക്ഷരതയുള്ള ഒരു സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഒന്നല്ലല്ലോ... നമ്മളെ തെര‍ഞ്ഞെടുത്ത് അയച്ചവര്‍ക്ക് ജനപ്രതിനിധി അതിനനുസരിച്ചുള്ള പരിഗണന കൊടുക്കണം. നമ്മള്‍ പൊതുസമൂഹത്തില്‍ ഇടപെടുകയാണെങ്കില്‍ ആ രീതിയില്‍ ഇടപെടണം. എങ്കില്‍ ജനപിന്തുണയുണ്ടാകും അത് ഉറപ്പാണ്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ സമൂഹത്തില്‍ ഇടപെട്ടതിന്‍റെ ഫലം തന്നെയാണ് പാര്‍ട്ടിക്ക് ഇത്തവണ തെരഞ്ഞെടുപ്പില്‍ ലഭിച്ച വിജയം. ഇല്ലെങ്കില്‍ ജനങ്ങളോട് ഇടപെടുമ്പോള്‍, ഇടപെടുന്ന രീതിയില്‍ ഇടപെട്ടു കഴിഞ്ഞാല്‍ ആ വ്യക്തിക്ക് ജനങ്ങളുടെ ഇടയില്‍ ഒരു വിലയുണ്ടാകും. ഇല്ലെങ്കില്‍ അയാള്‍ സീറോ ആയിരിക്കും.

രാഹുല്‍ തരംഗം കേരളത്തിന് അനുകൂലമായെങ്കിലും കേന്ദ്രത്തില്‍ ചലനം സൃഷ്ടിച്ചില്ലല്ലോ?

മലയാളികള്‍ക്ക് ചിന്തിക്കാനുള്ള കഴിവുണ്ട്. കേരളം മാറിനില്‍ക്കുന്നത് അതുകൊണ്ടാണ്. എന്നാല്‍ അതല്ല, വടക്കേ ഇന്ത്യയുടെ സ്ഥിതി. ഒരു അഞ്ഞൂറോ, നൂറോ കിട്ടിക്കഴിഞ്ഞാല്‍ അവിടെയുള്ളവര്‍ സന്തോഷിക്കും. ആ പണം തന്നവരുടെ ആവശ്യമെന്താണോ അത് ജനങ്ങള്‍ അനുസരിക്കും. മോദിക്ക് തുടര്‍ഭരണം ഉണ്ടാവാന്‍ അവിടങ്ങളിലെ ഈ സാക്ഷരത കുറവ് തന്നെയാണ് പ്രധാന ഘടകം. കാരണം, ഇന്നത്തെ സമൂഹം ചിന്തിക്കുന്ന സമൂഹമാണ്. അതാണ് കേരളത്തില്‍ കണ്ടത്. യു.ഡി.എഫിന്‍റെ കേരളത്തിലെ ജയം പോലും അതാണ് പറയുന്നത്. ശക്തമായി ചിന്തിക്കുന്ന, വ്യക്തമായ ബോധ്യമുള്ള ആള്‍ക്കാരാണ് ഇപ്പോ കേരളത്തിലുള്ളത്. നമ്മുടെ സാക്ഷരതയാണ് നമ്മളിന്നലെ കാണിച്ചത്. ‌

ഇങ്ങനെയൊക്കെ ആവൂന്ന് അറിഞ്ഞിരുന്നെങ്കിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി കൂടി ആക്കാമായിരുന്നു ബല്ലാത്തൊരു പ്രവചനം...

Posted by M'hd ALi PK on Thursday, May 23, 2019

രാഹുല്‍ അത്രയ്ക്കും തുറന്ന കാഴ്ചപ്പാടുകളുമായി പ്രവര്‍ത്തിക്കുന്ന നേതാവാണ്. ഇത്രയും ഭൂരിപക്ഷത്തില്‍ കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാന്‍ പോകുന്നു വെന്നത് എനിക്കിപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. അത് ഞങ്ങള്‍ സ്വപ്നത്തില്‍പോലും പ്രതീക്ഷിക്കാത്ത റിസള്‍ട്ടാണ്. പ്രിയങ്ക കൂടി ഇറങ്ങിയതുകൊണ്ട് മികച്ച രീതിയില്‍ ഇരുവരും യുപിയിലടക്കം പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേഠിയിലടക്കം രാഹുല്‍ തോല്‍ക്കുക എന്നുപറഞ്ഞാല്‍. അതും ഇന്ത്യ മുഴുവന്‍ ഉറ്റുനോക്കിക്കൊണ്ടു നിന്ന ഒരു നേതാവ് സ്വന്തം മണ്ഡലത്തില്‍ തോല്‍ക്കുക എന്ന പറഞ്ഞാല്‍ അത് അസംഭവ്യമല്ലേ. ഇത് ജനാധിപത്യപരമായ ഒരു വിധിയല്ലെന്ന് തന്നെയാണ് എന്‍റെ വിലയിരുത്തല്‍. ഇത്രയേറെ വിജയം നേടിയിട്ടും ആഹ്ലാദിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളത്.

മുമ്പ് എന്തെങ്കിലും പ്രവചനം നടത്തിയിരുന്നോ?

മുമ്പും പലതരം പ്രവചനം നടത്താറുണ്ട്. 2010ല്‍ സ്പെയിന്‍ ലോകകപ്പ് നേടുമെന്ന് പറഞ്ഞിരുന്നു. അന്ന് എഫ് ബി ഇത്ര സജീവമല്ല, ഓര്‍ക്കൂട്ടാണ്. അന്ന് ഈ വടകര താലൂക്കില്‍ ഒരുപക്ഷേ, ഞാനേ ഉള്ളൂ എന്ന തോന്നുന്നു സ്‍പെയിന്‍ ഫാനായിട്ട്. അന്നത്തെ പ്രവചനത്തിന് കാരണം അതായിരുന്നു. അന്ന് സ്‍പെയിന്‍ കപ്പ് അടിച്ചപ്പോള്‍ എല്ലാവരും ഞെട്ടി.

മുസ്‍ലിം ലീഗിന്‍റെ സജീവ പ്രവര്‍ത്തകനാണ് ഇരുപത്തെട്ടുകാരനായ മുഹമ്മദ് അലി. ഇപ്പോള്‍ പ്രവാസിയാണ്. വിവാഹത്തിനും തെരഞ്ഞെടുപ്പിനും കൂടി വേണ്ടി നാട്ടിലെത്തിയതാണ് അലി. മെയ് മൂന്നിനായിരുന്നു അലിയുടെ വിവാഹം. വിവാഹത്തിന് വേണ്ടിയല്ല, തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു നാട്ടിലെത്തിയ അലി. എന്‍റെ കല്യാണത്തിനേക്കാളും എനിക്ക് പ്രധാനം ജയരാജനെ പരാജയപ്പെടുത്തുകയായിരുന്നുവെന്നും അലി തുറന്നു പറയുന്നു.

Tags:    

Similar News