ഇസ്‌ലാമോഫോബിയയുടെ കേരളീയ ഭൂപടം
സാമൂഹിക പഠനത്തിലെ പുതിയ പ്രവണതകളെയും വൈജ്ഞാനിക പ്രതിരോധ ധാരകളെ ഉപയോഗപ്പെടുത്തിയുള്ള മലയാളത്തിലെ ആദ്യ പുസ്തകമാണിത്
ആഗോളതലത്തിലും ഇന്ത്യയിലും പ്രകടമായ രീതിയില്‍ പല വിധത്തിലും ദൃശ്യമായിട്ടുള്ള ഇസ്‌ലാമോഫോബിയ കേരളത്തില്‍ എങ്ങനെയായിരിക്കും പ്രവര്‍ത്തിക്കുന്നത്? ഈ ചോദ്യം തന്നെ ഒരു പ്രശ്‌നമാണ്. ഇടത് മതേതര പുരോഗമന കേരള മോഡലില്‍ മുസ്‌ലിം വിരുദ്ധത ഉള്ളതായി അംഗീകരിക്കപ്പെടാന്‍ പ്രയാസമുണ്ട്. എന്നാല്‍ മലയാളികള്‍ വ്യത്യസ്തരാണ് എന്ന് പല കാര്യത്തിലും പറയാമെങ്കിലും ഇസ്‌ലാമോഫോബിയയുടെ കാര്യത്തില്‍ അങ്ങിനെയാണോ?
കേരളവും ഇന്ത്യയിലെ മറ്റേത് പ്രദേശങ്ങളെയും പോലെ, ലോകത്തിനൊത്ത്, ഇസ്‌ലാമോഫോബിക് ആയിരുന്നു എന്ന വസ്തുത ഇനി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സാമ്രാജ്യത്വ വിരുദ്ധത, ഇടതുപക്ഷ രാഷ്ട്രീയം ഒക്കെ ഉണ്ടെങ്കിലും കേരളവും ഇസ്‍മോഫോബിയയുടെ രാഷ്ട്രീയ ഭൂപടത്തിന്റെ ഭാഗമാണ്. അധികം പിന്നോട്ടതിനു പോകണം എന്നില്ല. കഴിഞ്ഞ പത്തു വര്‍ഷമായി അബ്ദുന്നാസര്‍ മഅദനി എന്ന മുസ്‌ലിം രാഷ്ട്രീയ തടവുകാരന്‍ മുതല്‍ ഫാത്തിമ ലത്തീഫ് എന്ന മുസ്‌ലിം വിദ്യാര്‍ഥിനിയുടെ സഥാപനവല്‍കൃത കൊലപാതകത്തോടുള്ള പ്രതികരണം വരെയുള്ള സംഭവങ്ങളിലൂടെ കണ്ണോടിച്ചാല്‍ കേരളത്തിന്റെ ഇസ്‍മോഫോബിയയുടെ സഞ്ചാരപഥം ആര്‍ക്കും ബോധ്യപ്പെടും. ഈയൊരു ചരിത്ര- അനുഭവ വീക്ഷണകോണില്‍ നിന്നുകൊണ്ട് കേരളത്തിലെ ഇസ്ലാമോഫോബിയയെ വിശദമായി അനാവരണം ചെയ്യുന്ന പുസ്തകമാണ് ഡോ: കെ. അഷ്റഫിന്റെ 'ഇസ്ലാമോഫോബിയ: മലയാള ഭൂപടം' എന്ന പുസ്തകം.
2009 മുതൽ 2019 വരെയും കേരളത്തിൽ നടന്ന മുസ്‍ലിം പ്രശ്നവുമായി ഇടപെട്ടുകൊണ്ട് അതാത് സംഭവസമയങ്ങളിൽ എഴുതിയ രാഷ്ട്രീയ പ്രതികരണ സ്വഭാവമുള്ള ലേഖനങ്ങളുടെ സമാഹരണമാണ് ഈ പുസ്തകം.
സാമൂഹിക പഠനത്തിലെ പുതിയ പ്രവണതകളെയും വൈജ്ഞാനിക പ്രതിരോധ ധാരകളെ ഉപയോഗപ്പെടുത്തിയുള്ള മലയാളത്തിലെ ആദ്യ പുസ്തകമാണിത്. ആഗോള ഇസ്‍ലാമോഫോബിയയെക്കുറിച്ചുള്ള പഠനങ്ങളെ അവലംബിച്ചും മലയാള അനുഭവങ്ങളെ പ്രശ്നവൽകരിച്ചും എഴുതപ്പെട്ടവയാണ് ഇതിലെ ലേഖനങ്ങൾ. വിഷയങ്ങളോടുള്ള കേവല പ്രതികരണങ്ങളായോ കുറ്റപ്പെടുത്തലുകളായോ അല്ല ഈ ലേഖനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. പുതിയൊരു വിജ്ഞാന രാഷ്ട്രീയം ഈ പുസ്തകം സാധ്യമാക്കുന്നു. അത് മലയാളത്തിലെ ഇസ്‌ലാമോഫോബിയ പഠനങ്ങളിലെ വേറിട്ട വഴിയാണ്.
ബീമാപള്ളി പോലീസ് വെടിവെപ്പ്, മഅ്ദനിയുടെ തടവു ജീവിതം, മുസ്‌ലിം സംഘടനകാര്യാലങ്ങള്‍/പുസ്തകശാലകള്‍ എന്നിവിടങ്ങളിലുള്ള അന്യായമായ പോലീസ് റൈഡ്, ലൗ ജിഹാദ് വിവാദം, മുസ്‌ലിം ലീഗിന്റെ വിദ്യാഭ്യാസ മന്ത്രിമാര്‍ക്കെതിരെ നടന്ന പച്ചബോര്‍ഡ്, പച്ചബ്ലൗസ് വിവാദം തുടങ്ങി ലിബറല്‍ ഇടതുപക്ഷ ഫാസിസ്റ്റു വിരുദ്ധതയുടെ ഇസ്‍മോഫോബിയയും മുസ്‌ലിം ബഹിഷ്‌കരണങ്ങളും തുറന്നു കാണിച്ച അമാനവ സംഗമം വരെ ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. ഫൈസല്‍ കൊടിഞ്ഞി, റിയാസ് മൗലവി, തുടങ്ങിയ സംഘപരിവാര്‍ നടത്തിയ കൊലകളോടുള്ള കേരളത്തിന്റെ/ സ്റ്റേറ്റിന്റെ പ്രതികരണം, ഫാത്തിമ ലത്തീഫിന്റെ സഥാപനവല്‍കൃത കൊലപാതകതോടുള്ള പ്രതികരണം എന്നിവയിലൊക്കെയും അടങ്ങിയിരിക്കുന്ന ഇസ്‍മോഫോബിയ പുസ്തകം വിശകലനം ചെയ്യുന്നു.
മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വത്തെ നിയന്ത്രിക്കാന്‍ നടത്തുന്ന ശ്രമങ്ങളെയാണല്ലോ 'ഇസ്‍മോഫോബിയ' എന്ന് വിളിക്കുന്നത്. പുതിയ രീതിയില്‍ മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വത്തെ ഭാവന ചെയ്യുന്ന ഗൗരവമായ പഠനങ്ങളാണ് ഈ പുസ്തകത്തില്‍ അടങ്ങിയിട്ടുള്ളത്. ഇസ്‍മോഫോബിയയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ മുസ്‍ലിം രാഷ്ട്രീയ സ്വയം നിര്‍ണ്ണയവകാശം പ്രധാനമാണെന്ന സമീപനം ഈ പുസ്തകം ഉയര്‍ത്തിപിടിക്കുന്നു.
സംഘപരിവാര്‍ ദേശീയ വാദികള്‍ നടത്തുന്ന യാഥാസ്തിക ഇസ്‍ലാമോഫോബിയ ഇന്ന് ലോക വ്യാപകമായി തിരിച്ചറിയപ്പെടുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ മതേതര /ഇടത്/ലിബറല്‍ മുന്‍കൈയില്‍ നടക്കുന്ന പുരോഗമന ഇസ്‍മോഫോബിയ അധികം പഠിക്കപ്പെട്ടിട്ടില്ല. ആ കുറവ് ഈ പുസ്തകം നികത്തുന്നു.
കേരളത്തില്‍ ഇസ്‍ലാമോഫോബിയ ആഴ്ന്നിറങ്ങുകയും ഔപചാരിക/അനൗപചാരിക അധികാര സ്ഥാപനങ്ങളാല്‍ ഏറെ വളര്‍ത്തപ്പെടുകയും ചെയ്തിട്ടുള്ളതാണ്. ഇവയെ അടയാളപ്പെടുത്തുന്ന അനേകം സംഭവങ്ങള്‍ പുസ്തകത്തിന്റെ ഉള്ളടക്കം പരിശോദിച്ചാല്‍ എളുപ്പത്തില്‍ ആര്‍ക്കും കണ്ടെത്താന്‍ കഴിയുന്നതാണ്.
സത്യത്തില്‍ ഈ സംഭവങ്ങളൊന്നും കേവലം 'ചരിത്രപരം' എന്ന പ്രസക്തി മാത്രമുള്ള സംഭവങ്ങളല്ല. ആ സംഭവങ്ങള്‍ തന്നെയുമോ അല്ലെങ്കില്‍ അവക്ക് സമാനമായതോ ഇന്നും മതേതര പുരോഗമന പ്രബല കേരളത്തില്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കപ്പെടുന്നവയായി നമുക്ക് കാണാന്‍ കഴിയും. ഇസ്ലാമോഫോബിയയുടെ ആവര്‍ത്തനത്തെ അതിനാല്‍ തന്നെ പുസ്തകം ഗൗരവത്തില്‍ വിശകലനം ചെയ്യുന്നു.
ആഗോളതലത്തില്‍ പടിഞ്ഞാറ് ഇസ്‌ലാമിനെയും വ്യത്യസ്ത കീഴാളസാനിധ്യങ്ങളെയും വ്യവസ്ഥാപരമായ വംശീയതയുടെ പേരില്‍ കീഴൊതുക്കുമ്പോള്‍, ഇന്ത്യന്‍ ഹിന്ദുത്വ സവര്‍ണ്ണ ദേശീയത ഇസ്ലാമിനെ തന്നെ ദേശീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി പലവിധ ഹിംസകളും മുസ്‌ലിംകളോട് ചെയ്യുന്നു. അതൊക്കെയും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്ന മലയാളിക്ക് തനിക്ക് ചുറ്റും നടന്നിട്ടുള്ളതും തുടര്‍ന്നും നടന്നു കൊണ്ടിരിക്കുന്നതുമായ മുസ്‌ലിം വിരുദ്ധത വലിയ അസ്വസ്ഥതകളാണ് സൃഷ്ടിക്കേണ്ടിയിരുന്നത്. പക്ഷെ ഒറ്റക്കും തെറ്റക്കും കേരളത്തിന്റെ മുസ്‌ലിം വിരുദ്ധത മറനീക്കി പുറത്തുവന്നപ്പോള്‍ ചുരുങ്ങിയ ആയുസ്സുള്ള പ്രതികരണങ്ങളിലേക്ക് ഒതുങ്ങുന്ന പതിവാണ് നാം ഇതുവരെ കണ്ടത്. അത്തരം പ്രതികരണങ്ങള്‍ പോലും വളരെ ഏറെ മുസ്‌ലിം വിരുദ്ധതയോടു കൂടിയാണ് കേരളത്തില്‍ അഭിസംബോധന ചെയ്യപ്പെട്ടിട്ടുള്ളത്. ഇവ്വിഷയത്തില്‍ ചിട്ടയോട് കൂടിയുള്ള എഴുത്തുകള്‍ വരാത്തത് ഒരു പരിമിതിയായോ പ്രതിസന്ധിയായോ നമുക്ക് മനസ്സിലാക്കം. ആ കുറവിനെയാണ് ലേഖകന്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകളായി കേരളത്തില്‍ ആവര്‍ത്തിക്കപ്പെട്ട മുസ്‍ലിം വിരുദ്ധ ഉള്ളടക്കമുള്ള സംഭവങ്ങളെ വളരെ സൂക്ഷ്മമായി മനസ്സിലാക്കി ഏകീകരിച്ചു പുസ്തകമാക്കുമ്പോള്‍ നികത്തിയിരിക്കുന്നത്.
കഴിഞ്ഞ അച്ചുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്തു നടന്ന ആറു പേര്‍ കൊല്ലപ്പെട്ട ബീമാപള്ളി പോലീസ് വെടിവെപ്പും അതേ കാലത്തുണ്ടായ മുസ്‌ലിം വേട്ടകളും സംഘടനാ ഓഫീസ് റെയ്ഡുകളും മാധ്യമങ്ങള്‍ നടത്തിയ ലവ് ജിഹാദ് കാമ്പയിനും പില്‍ക്കാല ഇസ്ലാമോഫോബിയയുടെ പൂര്‍വ - പാഠങ്ങളായിരുന്നു. മുസ്‌ലിം ലീഗിന്റെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായപ്പോള്‍ ഇടതു / ലിബറല്‍ വ്യവഹാരങ്ങള്‍ നിര്‍മിച്ച പച്ച ബ്ലൗസ്, പച്ച ബോര്‍ഡ് വിവാദത്തെക്കുറിച്ച് പറയുമ്പോള്‍ ലേഖകന്‍ പറയുന്നത് ഇവ്വിധമാണ്. 'മാധ്യമങ്ങള്‍ എല്ലായ്‌പ്പോഴും സംശയാസ്പദവും ചോദ്യം ചെയ്യപ്പെടേണ്ടതായ, ജന്മനാ കുറ്റക്കാരായ ഒന്നായി മുസ്‌ലിം ന്യൂനപക്ഷത്തെ കാണുന്നു '.
വായനക്കാര്‍ക്ക് എളുപ്പത്തില്‍ വായിച്ചുപോകാവുന്ന തരത്തിലാണ് പുസ്തകത്തിന്റെ ക്രമീകരണം. എങ്കിലും നേരത്തെ സൂചിപ്പിച്ച പോലെ സാമൂഹിക പഠനത്തിലെ പുതിയ പ്രതിരോധ ധാരകളെ ഉപയോഗപ്പെടുത്തിയും, ആഗോള ഇസ്‍മോഹോബിയ പഠനങ്ങളെയും ഈ മേഖലയിലെ പ്രമുഖരായ ഗവേഷകരെയും പരിചയപ്പെടുത്തി മുന്നോട്ട് പോവുന്ന പുസ്തകം പുതിയ രീതിയിലുള്ള മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വത്തെ ഭാവന ചെയ്യുന്നു.
കേരളത്തില്‍ ഭരണ നേതൃത്വം നല്‍കുന്ന വ്യവസ്ഥാപിത ഇടതുപക്ഷം രാഷ്ട്രീയ തിരഞ്ഞെടുപ്പുകളുള്ള മുസ്‌ലിം സാന്നിധ്യത്തെ അങ്ങേയറ്റം അപകടകരമായി അവതരിപ്പിക്കുന്നതു ഇന്നും തുടരുന്നു. ഒരു വേള സംഘപരിവാര്‍ ഈ ആഖ്യാനങ്ങളെ ഏറ്റെടുക്കുന്നു. അച്ചുതാനന്ദനെ എടുത്തുദ്ധരിച്ചാണ് യോഗി ആദിത്യനാഥ് മുസ്‍ലിം വിരുദ്ധതക്ക് ന്യായം കണ്ടെത്തുന്നത്. മുസ്‌ലിം വിരുദ്ധത ഇന്നും തുടരുന്ന സാഹചര്യത്തില്‍ പുസ്തകത്തിന്റെ വായന കൂടുതല്‍ സമകാലികമാണ്. ഇസ്‍മോഫോബിയയുടെ കേരളീയ പരിസരത്തെ വിശകലനം ചെയ്യുന്ന ഈ പുസ്തകം ഇവ്വിഷയകമായി ആദ്യത്തെ സംരംഭമാണ്.