തുടര്‍ച്ചയായി മത്സരിച്ചവരെ ഒഴിവാക്കിയതിനെ ന്യായീകരിച്ച് എസ്.ആര്‍.പിയുടെ ലേഖനം

ചിലര്‍ക്ക് മാത്രം മികച്ച പ്രവര്‍ത്തനം നടത്തിയെന്ന പേരില്‍ ഇളവ് നല്‍കാനാവില്ല. അങ്ങനെ നല്‍കിയാല്‍ ചിലരുടെ പ്രവര്‍ത്തനം മാത്രം അംഗീകരിക്കപ്പെട്ടുവെന്ന് വിലയിരുത്തപ്പെടുമെന്നും ലേഖനത്തില്‍ പറയുന്നു.

Update: 2021-05-27 09:56 GMT
Advertising

നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചവരെ ഇത്തവണ ഒഴിവാക്കിയതിനെക്കുറിച്ച് വിശദീകരിച്ച് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രപിള്ളയുടെ ലേഖനം. ദേശാഭിമാനി പത്രത്തില്‍ 'സ്ഥാനാര്‍ത്ഥി, മന്ത്രിസഭാ രൂപീകരണം: സി.പി.എം നിലപാട്' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് എസ്.ആര്‍.പി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തെക്കുറിച്ച് വിശദീകരിക്കുന്നത്.

എം.എല്‍.എമാരിലോ മന്ത്രിമാരിലോ ഏതെങ്കിലും ഒരാള്‍ക്കോ കുറച്ചുപേര്‍ക്കോ മാത്രമായി ഇളവ് നല്‍കിയാല്‍ അത് തെറ്റിദ്ധാരണക്ക് കാരണമാവുമായിരുന്നു എന്ന് ലേഖനത്തില്‍ പറയുന്നു. എല്ലാ മന്ത്രിമാരും എം.എല്‍.എമാരും മികച്ച പ്രവര്‍ത്തനം നടത്തിയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ചിലര്‍ക്ക് മാത്രം മികച്ച പ്രവര്‍ത്തനം നടത്തിയെന്ന പേരില്‍ ഇളവ് നല്‍കാനാവില്ല. അങ്ങനെ നല്‍കിയാല്‍ ചിലരുടെ പ്രവര്‍ത്തനം മാത്രം അംഗീകരിക്കപ്പെട്ടുവെന്ന് വിലയിരുത്തപ്പെടുമെന്നും ലേഖനത്തില്‍ പറയുന്നു.

അതേസമയം പ്രായപരിധിയില്‍ ഇളവ് വാങ്ങി ഇപ്പോഴും പോളിറ്റ്ബ്യൂറോ അംഗമായി തുടരുന്ന എസ്.ആര്‍.പിക്ക് ഈ വിഷയത്തില്‍ ലേഖനമെഴുതാന്‍ എന്താണ് അവകാശമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ചോദ്യമുയരുന്നുണ്ട്. 75 വയസാണ് പി.ബി അംഗങ്ങളുടെ പ്രായപരിധി. വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ പി.ബിയില്‍ നിന്ന് ഒഴിവാക്കിയത് ഈ കാരണം പറഞ്ഞുകൊണ്ടായിരുന്നു. എന്നാല്‍ എസ്.ആര്‍.പിക്ക് 75 വയസ് പിന്നിട്ടിട്ടും ഇളവ് നല്‍കി പി.ബി അംഗമായി തുടരാന്‍ അനുവദിക്കുകയായിരുന്നു.

തുടര്‍ച്ചയായി മത്സരിച്ചവരെയും കെ.കെ ഷൈലജ അടക്കം മികച്ച പ്രവര്‍ത്തനം നടത്തിയവരേയും ഒഴിവാക്കാന്‍ കാരണമായി ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ എസ്.ആര്‍.പിയെ തന്നെ തിരിഞ്ഞുകുത്തുന്നതാണ്. ഏതെങ്കിലും ഒരാള്‍ക്ക് മാത്രം ഇളവ് നല്‍കുന്നത് വിവേചനമാവും എന്നാണ് ലേഖനത്തില്‍ പറയുന്നത്. അതേ ന്യായം എസ്.ആര്‍.പിക്ക് ഇളവ് നല്‍കുമ്പോഴും ബാധകമല്ലേയെന്നാണ് ചോദ്യമുയരുന്നത്. അധികാരസ്ഥാനങ്ങളില്‍ കടിച്ചുതൂങ്ങുന്ന ബൂര്‍ഷ്വാപാര്‍ട്ടികളുടെ രീതി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ലെന്നും ലേഖനത്തില്‍ പറയുന്നു. ഇതും എസ്.ആര്‍.പിക്ക് തന്നെ തിരിച്ചടിയാവുന്നു. ഇതുപോലെ നിരവധി വൈരുദ്ധ്യങ്ങള്‍ ലേഖനത്തിലുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

എസ്.ആര്‍.പിയുടെ മകന്‍ പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമാണ്. പി.ബി അംഗമെന്ന അധികാരമുപയോഗിച്ചാണ് ഇത് നേടിയെടുത്തതെന്നും ആരോപണമുണ്ട്. സ്വന്തം മകന് വേണ്ടി ഇടപെടല്‍ നടത്തുന്ന എസ്.ആര്‍.പിക്ക് മുതിര്‍ന്ന നേതാക്കളെയും മികച്ച പ്രവര്‍ത്തനം നടത്തിയ മന്ത്രിമാരെയും ഒഴിവാക്കിയതിനെക്കുറിച്ച് പറയാന്‍ എന്ത് യോഗ്യതയാണുള്ളതെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News