ബംഗ്ലാദേശിനായി ബൂട്ടണിയാൻ ഷെഫീൽഡ് താരം ഹംസ ചൗധരി; ഇന്ത്യക്കെതിരെ കളത്തിലിറങ്ങും
ലെസ്റ്റർ സിറ്റി താരമായിരുന്ന ചൗധരി കഴിഞ്ഞ ജനുവരിയിൽ ലോണിലാണ് ഇംഗ്ലീഷ് സെക്കന്റ് ഡിവിഷൻ ടീമായ ഷെഫീൽഡിൽ എത്തുന്നത്


എ.എഫ്.സി ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനായി ബൂട്ടണിയാൻ ഷെഫീൽഡ് യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ ഹംസ ചൗധരി. ഇന്ത്യക്കെതിരായ മത്സരത്തിൽ ചൗധരി കളത്തിലിറങ്ങും. ലെസ്റ്റർ സിറ്റിക്കായി കളിച്ചിരുന്ന ചൗധരി കഴിഞ്ഞ ജനുവരിയിൽ ലോണിലാണ് ഇംഗ്ലീഷ് സെക്കന്റ് ഡിവിഷൻ ടീമായ ഷെഫീൽഡിൽ എത്തുന്നത്. ഇതാദ്യമായാണ് ചൗധരി തന്റെ മാതൃരാജ്യമായ ബംഗ്ലാദേശിനായി കളത്തിലിറങ്ങുന്നത്.
ഇംഗ്ലണ്ടിന്റെ അണ്ടർ 21, അണ്ടർ 23 ടീമുകൾക്കായി ബൂട്ടണിഞ്ഞിട്ടുള്ള ചൗധരി കഴിഞ്ഞ ഡിസംബറിലാണ് ബംഗ്ലാദേശ് സീനിയർ ടീമിനായി കളത്തിലിറങ്ങാൻ തീരുമാനിച്ചത്. ഫിഫ റാങ്കിങ്ങിൽ 185ാം സ്ഥാനത്താണ് ബംഗ്ലാദേശ്. ഇന്ത്യയാവട്ടെ 126ാം റാങ്കിലും. കളത്തിലും കണക്കിലും ഇന്ത്യയേക്കാള്‍ ഏറെ പിറകിലാണെങ്കിലും ചൗധരിയുടെ വരവ് ബംഗ്ലാദേശ് ടീമിന് ഇരട്ടിയൂർജം നൽകുമെന്നാണ് വിലയിരുത്തൽ. മാർച്ച് 25 നാണ് മത്സരം. കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെത്തിയ ചൗധരിക്ക് വൻ സ്വീകരണമാണ് ലഭിച്ചത്.
അതേ സമയം കഴിഞ്ഞ 15 മാസത്തിനിടെ ഇന്ത്യൻ ദേശീയ ടീം വിജയം എന്താണെന്നറിഞ്ഞിട്ടില്ല. 2023 നവംബറിൽ കുവൈത്തിനെതിരെയാണ് ഇന്ത്യ അവസാനമായി ഒരു അന്താരാഷ്ട്ര മത്സരത്തിൽ വിജയിച്ചത്. ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയ സൂപ്പർ താരം സുനിൽ ഛേത്രിയുടെ മടങ്ങി വരവ് ഇന്ത്യൻ ടീമിന് ഊർജമാകും.