ട്രംപും സാന്‍ഡേഴ്സും. അമേരിക്കക്ക് വേണ്ടിയുള്ള രണ്ട് പാഠപുസ്തകങ്ങള്‍

Update: 2016-08-02 08:15 GMT
Editor : Damodaran | Damodaran : Damodaran
ട്രംപും സാന്‍ഡേഴ്സും. അമേരിക്കക്ക് വേണ്ടിയുള്ള രണ്ട് പാഠപുസ്തകങ്ങള്‍
Advertising

സ്വയം ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന സാന്‍ഡേഴ്സ തന്നെയായിരുന്നു ട്രംപിനെക്കാളും ഹിലരിയെക്കാളും അഭിപ്രായ സര്‍വേകളില്‍ പലപ്പോഴും മുന്നിട്ട്.....

ണ്ട് പാര്‍ട്ടികള്‍ മാത്രം ജയിക്കാന്‍ സാധ്യതയുള്ള ഒരു തെരഞ്ഞെടുപ്പില്‍ രണ്ട് പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഇരുപാര്‍ട്ടികളിലും ഒരു പോലെ പ്രതിഷേധമുണരുക. അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരം ഒരു സാഹചര്യമൊരുങ്ങുന്നത്. ഒരാള്‍ സ്ഥാനാര്‍ത്ഥി പദത്തിലെത്തിയത് പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിന്റെ രഹസ്യ പിന്തുണയോടെയാണെന്ന് എതിരാളികള്‍ വാദിക്കുന്നു. മറ്റൊരാള്‍ പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലാത്തയാള്‍, ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി രംഗത്തെത്തി, പാര്‍ട്ടിക്കുള്ളിലെ പരിചയസന്പന്നരായ രാഷ്ട്രീയ നേതാക്കളെ മലര്‍ത്തിയടിച്ച് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി. രണ്ട് പാര്‍ട്ടിക്കുള്ളിലും അവരുടെ ഔദ്യോഗിക നിലപാടുകള്‍ക്കെതിരെ ശക്തമായ അതൃപ്തി നിലനില്‍ക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ ഡൊണാള്‍ഡ് ട്രംപ് രംഗപ്രവേശം ചെയ്തപ്പോള്‍ പരന്പരാഗത റിപ്പബ്ലിക്കന്‍ രാഷ്ട്രീയക്കാര്‍ ഉള്ളാലെ ചിരിക്കുകയായിരുന്നു. മാധ്യമങ്ങളോ രാഷ്ട്രീയ നിരീക്ഷകരോ ട്രംപിന് ഒരു സാധ്യതയും ഒരു വര്‍ഷം മുന്പ് പ്രചാരണമാരംഭിക്കുന്പോള്‍ കല്‍പിച്ചിരുന്നില്ല. മാത്രമല്ല, റിപ്പബ്ലിക്കന്‍ നിരയില്‍ അനുഭവസന്പത്തും പാരന്പര്യവുമുള്ള നിരവധി പ്രമുഖരുണ്ടായിരുന്നു. എന്നാല്‍, അവരെയെല്ലാം തറപറ്റിച്ചായിരുന്നു ട്രംപിന്റെ മുന്നേറ്റം. ഇതെങ്ങനെയാണ് സാധ്യമായത്? റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടുള്ള എന്തെങ്കിലും വിയോജിപ്പല്ല റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അവരുടെ പരന്പരാഗത നേതാക്കളെ കയ്യൊഴിഞ്ഞ് ട്രംപിനെ പിന്തുണക്കാന്‍ കാരണം. ട്രംപ് പറയുന്ന ചില കാര്യങ്ങളെങ്കിലും സത്യസന്ധമാണെന്നും പരന്പരാഗത രാഷ്ട്രീയക്കാര്‍ ചില കാര്യങ്ങളില്‍ മൌനം പാലിക്കുന്നുവെന്നും അവര്‍ വിശ്വസിക്കുന്നു.

ഡെമോക്രാറ്റുകള്‍ക്കിടയിലും ഇതേ പ്രശ്നമാണുള്ളത്. പാര്‍ട്ടിയിലെ പുരോഗമനവാദികളും ഇടത് ആഭിമുഖ്യമുള്ളവരുമായ പ്രവ‍ര്‍ത്തകരും വോട്ടര്‍മാരും ഹിലരി ക്ലിന്റണ് എതിരാണ്. അതിനര്‍ത്ഥം ഹിലരിയെ പിന്തുണക്കുന്ന ഒബാമക്കും അവര്‍ എതിരാണെന്നാണ്. ഈ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ അവര്‍ക്കുള്ള ഒരേയൊരു വഴിയായിരുന്നു, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിലൊരിക്കലുമില്ലാതിരുന്ന, നേതൃത്വത്തിന് ഒരിക്കലും അഭികാമ്യനല്ലാത്ത ബേണി സാന്‍ഡേഴ്സ് എന്ന മനുഷ്യന്‍. സ്വയം ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന സാന്‍ഡേഴ്സ തന്നെയായിരുന്നു ട്രംപിനെക്കാളും ഹിലരിയെക്കാളും അഭിപ്രായ സര്‍വേകളില്‍ പലപ്പോഴും മുന്നിട്ട് നിന്നിരുന്നത്. പക്ഷേ, ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്ന, എന്നാല്‍, പാര്‍ട്ടി അണികളല്ലാത്ത ലിബറലുകള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലുമാണ് ബേണി സാന്‍ഡേഴ്സിന് പിന്തുണയുണ്ടായിരുന്നത്. ഡെമോക്രാറ്റ് വോട്ടര്‍മാര്‍ക്കിടയില്‍ ഒരു പുതിയ രാഷ്ട്രീയ തരംഗമുണ്ടാക്കാന്‍ ബേണി സാന്‍ഡേഴ്സിന് കഴിഞ്ഞു. എങ്കിലും, പാര്‍ട്ടിയും പ്രസിഡന്റ് ഒബാമയും ഹിലരിക്ക് പിന്നില്‍ ഉറച്ച് നിന്നതോടെ, സാന്‍ഡ‍േഴ്സിന് രാജ്യത്തെന്പാടും ലഭിച്ച പിന്തുണ പാര്‍ട്ടി പിന്തുണയായി മാറിയില്ല. കഴിഞ്ഞയാഴ്ച വിക്കിലീക്സ് പുറത്ത് വിട്ട ഇമെയിലുകളില്‍ പാര്‍ട്ടി ഹിലരി ജയിക്കാന്‍ വേണ്ടി പക്ഷം പിടിച്ചു എന്ന് വ്യക്തമായിരുന്നു. ഇക്കാര്യം പ്രതീക്ഷിച്ചതായതിനാലും മുന്പേ ഈ ആരോപണങ്ങളുയര്‍ത്തിയിരുന്നതിനാലും സാന്‍ഡേഴ്സ ഹിലരിക്ക് പ്രഖ്യാപിച്ച പിന്തുണ പിന്‍വലിച്ചില്ല.


എന്തു കൊണ്ട് ട്രംപ്?
==================

എന്തുകൊണ്ടാണ് ട്രംപിന് അനുകൂലമായ ഒരു വികാരം റിപ്പബ്ലിക്കന്‍ വോട്ടര്‍മാരിലുണ്ടാവുന്നതെന്ന ചോദ്യം പ്രസക്തമാണ്. ട്രംപ് പറയുന്ന മണ്ടന്‍ അഭിപ്രായങ്ങളോ വംശീയ വിദ്വേഷ പ്രചാരണമോ വസ്തുതകളോ യുക്തിയോ ഇല്ലാത്ത ആരോപണങ്ങളോ അല്ല യഥാര്‍ത്ഥത്തില്‍ ട്രംപിന് അനുകൂലമായി ഭവിക്കുന്ന ജനവികാരം. അത് അമേരിക്കകത്ത് തന്നെ സംഭവിക്കുന്ന ചില രാഷ്ട്രീയ മാറ്റങ്ങള്‍ വഴിയാണ്. ജോര്‍ജ് ബുഷ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നടത്തിയ ഇറാഖ് - അഫ്ഗാന്‍ അധിനിവേശങ്ങള്‍. ഒരു പതിറ്റാണ്ട് നീണ്ട് നിന്ന ഈ അധിനിവേശങ്ങള്‍ക്കുള്ള പണം എവിടെ നിന്നായിരുന്നുവെന്നും അമേരിക്കയെ വലിയ സാന്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത് ഈ അധിനിവേശങ്ങളായിരുന്നുവെന്നും ഈ അധിനിവേശത്തിന്റെ ചെലവുകളുടെ ഭൂരിഭാഗവും വഹിച്ചത് അമേരിക്കയാണെന്നും അതിനാവശ്യമായ പണം കണ്ടെത്തിയത് കടമായിട്ടാണെന്നും അത്യാവശ്യം പത്രം വായിക്കുകയോ ടിവി കാണുകയോ ചെയ്യുന്ന ശരാശരി റിപ്പബ്ലിക്കന്‍ വോട്ടര്‍ക്ക് മനസിലായിത്തുടങ്ങിയിരിക്കുന്നു. നിരവധി അമേരിക്കന്‍ ഭടന്‍മാരുടെ ജീവന്‍ നഷ്ടപ്പെട്ട ആ അധിനിവേശങ്ങള്‍ക്കെതിരെ അവരുടെ ബന്ധുക്കളിലും യുദ്ധ വിരുദ്ധ പ്രവര്‍ത്തകരിലും മാത്രമൊതുങ്ങിയ വികാരം റിപ്പബ്ലിക്കന്‍ വോട്ടര്‍മാരിലേക്ക് കൂടി പടര്‍ന്നിരിക്കുന്നു. ജോര്‍ജ് ബുഷിന്റെ സഹോദരന്‍ ജെബ് ബുഷ് തന്റെ സ്ഥാനാര്‍ത്ഥി പ്രചാരണത്തിന് മുന്നോടിയായി, ഇറാഖ് യുദ്ധം ഒരു തെറ്റായിരുന്നുവെന്ന് തുറന്ന് പറഞ്ഞത് റിപ്പബ്ലിക്കന്‍ വോട്ടര്‍മാരില്‍ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. പരന്പരാഗത രാഷ്ട്രീയക്കാര്‍ നുണ പറയുന്നവരും സാധാരണക്കാരെ പറ്റിക്കുന്നവരുമാണെന്ന ധാരണയാണ് ഇത് ശരാശരി റിപ്പബ്ലിക്കന്‍മാരില്‍ സൃഷ്ടിച്ചത്.


ഇവിടെയാണ് നാറ്റോ എന്ന സൈനിക സഖ്യത്തില്‍ നിന്ന് അമേരിക്ക പിന്മാറണമെന്ന് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെടുന്നതിന്റെ ജനപ്രിയ രാഷ്ട്രീയം. നാറ്റോ ശീതയുദ്ധ കാലത്ത് മാത്രം പ്രസക്തമായ ഒന്നാണെന്നും ഇന്ന് നാറ്റോയുടെ പ്രസക്തി നഷ്ടമായെന്നും നാറ്റോയെ നിലനിര്‍ത്താന്‍ അമേരിക്ക വലിയ തോതില്‍ പണം ചെലവഴിക്കുന്നുവെന്നുമാണ് ട്രംപിന്റെ ആരോപണം. ഇതില്‍ വസ്തുതയുണ്ടാവും. എന്നാല്‍, നാറ്റോ ഇല്ലാതായാല്‍ എന്താണുണ്ടാവുക‌യെന്നോ നാറ്റോ ഇല്ലാതായാല്‍ സൃഷ്ടിക്കപ്പെടുന്ന സുരക്ഷാ ശൂന്യത എങ്ങനെ പരിഹരിക്കും തുടങ്ങിയ ചോദ്യങ്ങളൊന്നും ട്രംപിനോട് ചോദിക്കരുത്. അതിന് മറുപടി പറയുകയല്ല, തന്റെ ആരോപണം നിരന്തരം ഉന്നയിച്ച് കൃത്രിമമായ ഒരു ധാരണ ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുക മാത്രമാണ് ട്രംപ് ലക്ഷ്യം വെക്കുന്നത്. റിപ്പബ്ലിക്കന്‍ വോട്ടര്‍മാരില്‍ ഇത് കാര്യമായ ചലനം സൃഷ്ടിക്കുന്നുണ്ട്.

മറ്റൊന്നാണ് വ്യാപാര കരാറുകളില്‍ നിന്ന് അമേരിക്ക പിന്മാറണമെന്ന ആവശ്യം. യഥാര്‍ത്ഥത്തില്‍ തീവ്ര ഇടതുപക്ഷവും റാഡിക്കലുകളും ഉന്നയിക്കുന്ന ഈ ആവശ്യം ഒരു തീവ്രവലതുപക്ഷക്കാരന്‍ ആരോപിക്കുന്നത് കൌതുകകരമാണ്. ഈ ആവശ്യം ഉന്നയിക്കുന്നത് കൊണ്ട് ട്രംപിന് പ്രത്യേകിച്ച് നഷ്ടമൊന്നുമില്ല. വ്യാപാര കരാറുകള്‍ വഴി അമേരിക്കയിലെ നിരവധി തൊ ഴിലുകള്‍ ഔട്ട് സോഴ്സിങ് ചെയ്യപ്പെട്ട് മൂന്നാം ലോക രാജ്യങ്ങളിലേക്ക് പോയിട്ടുണ്ട്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ അമേരിക്ക ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറുകള്‍ വഴി അമേരിക്കയിലെ ഉല്‍‌പാദന മേഖലയില്‍ അറുപത് ലക്ഷം തൊഴിലുകളെങ്കിലും നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഇത് ചെറിയ ഒരു സംഖ്യയല്ല. ബിസിനസ് ഔട്ട്സോഴ്സ് വഴി അമേരിക്കയിലെ തൊഴില്‍ ദിനങ്ങള്‍ മൂന്നാം ലോകരാജ്യങ്ങളിലേക്ക് പോയത് വഴി തൊഴില്‍ നഷ്ടമായ അമേരിക്കക്കാര്‍ക്ക് ട്രംപിന്റെ വാദം ആസ്വാദ്യകരമായി തോന്നാം. ഇടത്തരം തൊഴിലാളികളുടെ വരുമാനത്തിലും വേതനത്തിലും ഇടിവുണ്ടായിരിക്കുന്നു. ഇതിന് കാരണം, സ്വതന്ത്ര വ്യാപാര കരാറുകളാണെന്ന ബോധം അമേരിക്കയിലെ അധ്വാനവര്‍ഗത്തിനിടയിലുണ്ടായി എന്നതാണ് ട്രംപിന്റെ വാദങ്ങള്‍ക്ക് പിന്തുണ ലഭിക്കാനുള്ള മറ്റൊരു കാരണം. ട്രംപ് പറയുന്ന മറ്റ് മണ്ടത്തരങ്ങളോ വംശീയ-വര്‍ണ വെറി പ്രചാരണമോ അധ്വാനവര്‍ഗത്തിലെ ഈ വലിയ വിഭാഗം ശ്രദ്ധിക്കുന്നില്ല. ചിലര്‍ ശ്രദ്ധിച്ചാലും അത് തങ്ങളെ ബാധിക്കുന്നതായി കരുതുന്നില്ല. കാരണം, ഈ വിഭാഗം ഭൂരിഭാഗവും വെള്ളക്കാരായ ഇടത്തരക്കാരാണ്.

ബറാക് ഒബാമയും ആദ്യവട്ടം പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്പോള്‍ വ്യാപാര കരാറുകള്‍ പുനഃപ്പരിശോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പ്രസിഡന്റായ ശേഷം വ്യാപാര കരാറുകളെ കുറിച്ച് മിണ്ടിയില്ലെന്ന് മാത്രമല്ല, പുതിയവ കൊണ്ടുവരികയാണ് ചെയ്തത്. അമേരിക്കന്‍ കന്പനികളെ അമേരിക്കയില്‍ തന്നെ നിക്ഷേപിക്കാന്‍ നിര്‍ബന്ധിക്കുമെന്നും ട്രംപ് പറയുന്നു. ഇതൊക്കെ എങ്ങനെ സാധ്യമാകും? അമേരിക്കയിലെ കോര്‍പ്പറേറ്റുകളുടെ നിക്ഷേപ-പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ എങ്ങനെ തടയും എന്നൊന്നും ട്രംപ് പറയുന്നില്ല. അങ്ങനെ എന്തെങ്കിലും ആശയം ട്രംപിനില്ല താനും. സാന്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറിയെന്ന് ഒബാമ അവകാശപ്പെടുന്പോഴും തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവെന്ന് അവകാശപ്പെടുന്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന മറ്റ് ചില കാര്യങ്ങളുണ്ട്. അമേരിക്കക്കാര്‍ക്ക് നഷ്ടമായ തൊഴിലുകളല്ല തിരിച്ചുവന്നിരിക്കുന്നത്. കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലുകളാണ് ഒബാമ ഭരണകൂടം സൃഷ്ടിച്ചത്. ഈ തൊഴിലാളിവര്‍ഗത്തിന്റെ മക്കളെ സംബന്ധിച്ച് ഈ തൊഴിലുകള്‍ ആകര്‍ഷണീയവുമല്ല.


കുടിയേറ്റം നിയന്ത്രിക്കുമെന്ന ട്രംപിന്റെ വാദത്തിനും സമാനമായ രാഷ്ട്രീയ പശ്ചാത്തലമുണ്ട്. ഇത് കേവലം, ഇസ്ലാമോഫോബിയയോ കറുത്തവര്‍ക്കും സ്പാനിഷ് വംശജര്‍ക്കുമെതിരായ വികാരങ്ങള്‍ സൃഷ്ടിക്കലോ മാത്രമല്ല. വെള്ളക്കാരുടെ ജനസംഖ്യ അമേരിക്കയില്‍ കുറഞ്ഞ് വരികയും മറ്റ് വംശീയവിഭാഗങ്ങളുടെ ജനസംഖ്യ കൂടുകയും ചെയ്യുന്നുണ്ട്. ഇത് സൃഷ്ടിക്കുന്ന കറുത്തവര്‍ഗക്കാര്‍ക്കെതിരായ അക്രമങ്ങളുടെ വര്‍ധന, അമേരിക്കയിലെ വെള്ളക്കാരുടെ മനസിലെ ഇക്കാര്യത്തിലെ ആശങ്കയുടെ ഫലം കൂടിയാണ്. ജനസംഖ്യാപരമായ ഇത്തരം മാറ്റങ്ങള്‍ സ്വാഭാവികമായും സൃഷ്ടിക്കുന്ന അവസര നഷ്ടങ്ങളെയും, സാംസ്കാരി സന്നിഗ്ധതകളെയും വളരെ ബുദ്ധിപൂര്‍വം മുതലാക്കുകയാണ് ട്രംപ് തന്റെ വിദ്വേഷ പ്രചാരണത്തിലൂടെ. അമേരിക്കയിലെ ഒരു ശരാശരി രാഷ്ട്രീയക്കാര‍ന്‍, അയാള്‍ എത്ര തീവ്ര വലതുവാദിയായാലും എത്ര മോശം വംശീയവാദിയായാലും, പറയാന്‍ മടിക്കുന്നത് ട്രംപ് വിളിച്ചു പറയുന്നത് അത്തരം ചില ആശങ്കകളുള്ളവരുടെ പിന്തുണ നേടിയെടുക്കാന്‍ വേണ്ടിയാണ്. ഈപറയുന്നതെല്ലാ ട്രംപ് സീരിയസായി പറയുന്നതാവാനും വഴിയില്ല. അത് വ്യാപാര കരാറുകളെ കുറിച്ചായാലും വംശവെറിയായാലും. കാരണം, അമേരിക്കക്കാരുടെ തൊഴിലുകള്‍ കൂടുതലും തട്ടിയെടുക്കുന്നത്, അല്ലെങ്കില്‍ മികച്ച ശന്പളം ലഭിക്കുന്ന അമേരിക്കന്‍ ജോലികള്‍ ചെയ്യുന്നത്, തൊഴില്‍ വിസയിലെത്തുന്ന ഏഷ്യന്‍ വംശജരാണ്. അവര്‍ക്കെതിരെ ട്രംപ് ഒന്നും പറയുന്നില്ലെന്ന് ശ്രദ്ധിക്കുക. കോര്‍പ്പറേറ്റുകള്‍ക്ക് വിദേശങ്ങളില്‍ നിക്ഷേപം നടത്താന്‍ കഴിയും വിധം ഒബാമ ഭരണകുടം നികുതി വ്യവസ്ഥ എളുപ്പമാക്കിക്കൊടുത്തതും ട്രംപിന് വിഷയമല്ല. ട്രംപിന് പ്രശ്നം മെക്സിക്കോക്കാര്‍ അനധികൃതമായി അമേരിക്കയിലെത്തുന്നതും ചൈനയുമായുള്ള വ്യാപാര കരാറുകളുമാണ്.


തോറ്റിട്ടും ജനപ്രിയനായി സാന്‍ഡേഴ്സ്

ട്രംപിനെ പറ്റി റിപ്പബ്ലിക്കന്മാര്‍ കരുതിയത് പോലെയായിരുന്നു സാന്‍ഡ‍േഴ്സിനെ പറ്റി ഡെമോക്രാറ്റുകളും കരുതിയത്. എന്നാല്‍, സാന്‍ഡേഴ്സ് വളരെ വേഗം നഗരവാസികളും മധ്യവര്‍ഗക്കാരും പുരോഗമനവാദികളുമായി ഡെമോക്രാറ്റുകള്‍ക്കിടയില്‍ വലിയ ജനപ്രീതി നേടി. അമേരിക്കയുടെ കോര്‍പ്പറ്റേറ്റുകള്‍ രാഷ്ട്രീയത്തിലും രാഷ്ട്രീയപാര്‍ട്ടികളിലും ഇടപെടുന്നതും ഒരു ശതമാനം വരുന്ന സന്പന്നര്‍ക്ക് വേണ്ടി ഭരണകൂടം ബഹുഭൂരിഭാഗത്തിന്റെയും താല്‍പര്യങ്ങള്‍ ഹനിക്കുന്നതും ക്ഷേമപദ്ധതികള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറക്കുന്നതും മറ്റുമായിരുന്നു സാന്‍ഡേഴ്സ് ഉയര്‍ത്തിയ രാഷ്ട്രീയ പ്രശ്നങ്ങള്‍. ഇതിനെല്ലാം വലിയ തോതിലുള്ള പിന്തുണ അമേരിക്കയില്‍ ലഭിച്ചു. ഒരു ഘട്ടത്തില്‍ ദേശീയ തലത്തിലുള്ള അഭിപ്രായ സര്‍വേകളില്‍ ഹിലരിയെയും ട്രംപിനെയും പിന്തള്ളി സാന്‍ഡേഴ്സ് മുന്നിലെത്തി. എന്നാല്‍ , ഈ ജനപ്രീതി ഡെമോക്രാറ്റുകള്‍ക്കിടയില്‍ നേടാന്‍ സാന്‍ഡേഴ്സിന് കഴിഞ്ഞില്ല. അല്ലെങ്കില്‍ പാര്‍ട്ടിയിലെ സാന്‍ഡേഴ്സിന്റെ സ്വാധീനം ഡെമോക്രാറ്റിക് പാര്‍ട്ടി അട്ടിമറിച്ചു.

ഹിലരി ക്ലിന്റണ്‍ അമേരിക്കയിലെ കോര്‍പ്പറേറ്റുകളുടെ പ്രിയങ്കരിയാണ്. ഹിലരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കുള്ള സംഭാവനയില്‍ വലിയ ഒരു ഭാഗം കോര്‍പ്പറേറ്റുകളുടെ സംഭാവനയാണ് . അതേസമയം, ബേണി സാന്‍ഡേഴ്സ് പൊതുജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിച്ചാണ് പ്രചാരണം നടത്തിയത്. ഈ ഇമേജ് ട്രംപിനുമുണ്ടായിരുന്നു. സ്വയം സന്പന്നനായതിനാല്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് പണം സ്വീകരിക്കേണ്ട സാഹചര്യം ട്രംപിനുമുണ്ടായിരുന്നില്ല.

സാന്‍ഡേഴ്സ് തോല്‍ക്കേണ്ടത് അമേരിക്കയിലെ കോര്‍പ്പറേറ്റുകളുടെ കൂടി ആവശ്യമായിരുന്നു. കാരണം, ട്രംപ് ഉന്നയിക്കുന്ന ജനപ്രിയ രാഷ്ട്രീയവായ്ത്താരിയുടെ പിന്നിലുള്ള യഥാര്‍ത്ഥ സാന്പത്തിക-രാഷ്ട്രീയ കാരണങ്ങളെ ചൂണ്ടിക്കാട്ടിയത് സാന്‍ഡേഴ്സ് ആയിരുന്നു. അതെങ്ങാനും അമേരിക്കന്‍ വോട്ടര്‍മാരെ സ്വാധീനിച്ചാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് കാര്യമായി ദൂഷ്യം ചെയ്യുമായിരുന്നു.

ഹിലരിയാകട്ടെ, അഭിഭാഷകയായിരുന്ന കാലത്ത് മോണ്‍സാന്റോ ഉള്‍പ്പടെ പല കോര്‍പ്പറേറ്റുകളുടെയും നിയമോപദേശകയായിരുന്നു. വിദേശകാര്യസെക്രട്ടറിയായിരിക്കെ അത്തരം കുത്തകകളുടെ ലോബിയിങ് ഏജന്‍റായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ ഹിലരി. വിദേശകാര്യ സെക്രട്ടറിയെന്ന നിലയില്‍ വിദേശരാജ്യങ്ങളില്‍ നടത്തിയിട്ടുള്ള സന്ദര്‍ശനങ്ങളുടെയും ആ രംഗത്തെ അനുഭവപരിചയത്തിന്റെയും കരുത്ത് ഹിലരിക്കുണ്ട്. എന്നാല്‍ , സാന്‍ഡേഴ്സ് ആ രംഗത്ത് കാര്യമായ പിടിപാടില്ലാത്തയാളായിരുന്നു. ഇതൊക്കെയാണെങ്കിലും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെങ്കിലും ഒരു മാറ്റമുണ്ടാക്കാന്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യം സാന്‍ഡേഴ്സിനുണ്ട്.

രണ്ട് ഉദ്ദേശത്തിലും രണ്ട് അര്‍ത്ഥതലത്തിലുമാണെങ്കിലും ട്രംപും സാന്‍ഡേഴ്സും ഉന്നയിക്കുന്ന രാഷ്ട്രീയം അമേരിക്കയിലെ വോട്ടര്‍മാര്‍ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. ഷേവ് ചെയ്യാതെ വേദിയില്‍ പ്രസംഗിച്ചാല്‍ വോട്ടു കുറയുമോ എന്ന ആശങ്കയല്ല ഇനി അമേരിക്കന്‍ രാഷ്ട്രീയക്കാര്‍ക്ക് വേണ്ടത്, മറിച്ച് രാഷ്ട്രീയ പ്രശ്നങ്ങള്‍, പ്രത്യേകിച്ചും അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയം അമേരിക്കക്കാര്‍ കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന ബോധമാണ്. ആ പാഠമാണ് സാന്‍ഡേഴ്സും ട്രംപും അമേരിക്കക്ക് നല്‍കുന്നത്.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Damodaran - Damodaran

contributor

Similar News