‘വടക്കൻ ഗസ്സയിൽ കീഴടങ്ങാത്ത എല്ലാവരെയും കൊല്ലണം’; പ്രതിരോധ മന്ത്രിക്ക് കത്തയച്ച് ഇസ്രായേൽ പാർലമെൻറ് അംഗങ്ങൾ
വൈദ്യുതി, ഭക്ഷണ, കുടിവെള്ള സ്രോതസ്സുകൾ നശിപ്പിക്കണമെന്നും ആവശ്യപ്പെട്ടു
തെൽ അവീവ്: ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തുന്ന ആക്രമണത്തിെൻറ തീവ്രത വർധിപ്പിക്കണമെന്ന ആവശ്യവുമായി ഇസ്രായേലി നിയമനിർമാണ സഭയായ നെസെറ്റിലെ തീവ്ര വലതുപക്ഷ അംഗങ്ങൾ. നെസെറ്റിെൻറ വിദേശകാര്യ, പ്രതിരോധ കമ്മിറ്റിയിലെ എട്ട് അംഗങ്ങളാണ് ഇതുസംബന്ധിച്ച് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിനോട് ആവശ്യമുന്നയിച്ചത്.
വടക്കൻ ഗസ്സയിൽനിന്ന് മുഴുവൻ ആളുകളെയും ഒഴിപ്പിച്ച് എല്ലാ കുടിവെള്ള, ഭക്ഷണ സ്രോതസ്സുകളും നശിപ്പിക്കണം. ഇന്ധനം, സോളാർ സംവിധാനങ്ങൾ, ജനറേറ്ററുകൾ, പവർ ലൈനുകൾ തുടങ്ങി എല്ലാ വൈദ്യുതി സ്രോതസ്സുകൾ തകർക്കാനും ഉത്തരവിടണം. കീഴടങ്ങാൻ സന്നദ്ധരാവാത്ത പുരുഷൻമാരെയും സ്ത്രീകളെയും കുട്ടികളെയും കൊല്ലണമെന്നും അംഗങ്ങൾ ആവശ്യപ്പെടുന്നു.
ഭരണകക്ഷിയായ ലിക്കുഡ് പാർട്ടി, സഖ്യകക്ഷികളായ റിലീജിയസ് സയണിസം, ജ്യൂയിഷ് പവർ ആൻഡ് ഷാസ് തുടങ്ങിയ പാർട്ടികളിലെ അംഗങ്ങളാണ് കത്തയച്ചത്. ഹമാസിെൻറ ഭരണവും സൈനിക പ്രവർത്തനങ്ങളും തകർക്കുന്നതിൽ ഇസ്രായേൽ സൈന്യം പരാജയപ്പെട്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
ഉപരോധിക്കപ്പെട്ട വടക്കൻ ഗസ്സയിൽനിന്ന് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം ‘ശരിയായ’ രീതിയിൽ പുറത്താക്കുന്നില്ല. അവരെ ശത്രുക്കളായി ഇപ്പോഴും കാണുന്നില്ല. ഇസ്രായേൽ സൈന്യം സമ്പൂർണ ഉപരോധം ഏർപ്പെടുത്തണം. അടിസ്ഥാന ആവശ്യങ്ങൾ നശിപ്പിച്ച് ‘പൂർണമായ ശുദ്ധീകരണം’ ഉറപ്പാക്കുകയും വേണം. ഗസ്സയുടെ മറ്റു ഭാഗങ്ങളിലും ഇത്തരം ക്രൂരമായ തന്ത്രങ്ങൾ പ്രയോഗിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
വടക്കൻ ഗസ്സയിൽ നിലവിൽ 70,000ത്തോളം പേർ താമസസൗകര്യവും ഭക്ഷണവുമില്ലാതെ വലയുകയാണ്. ഇവിടേക്കുള്ള മാനുഷിക സഹായവിതരണം ഇസ്രായേൽ നിരന്തരം തടയുന്നുണ്ട്. ഇതിനിടയിലാണ് നെസെറ്റ് അംഗങ്ങളുടെ കത്ത് പുറത്തുവരുന്നത്. ഇവിടത്തെ മിക്ക ആശുപത്രികളും സൈന്യം തകർത്തിട്ടുണ്ട്. ബെയ്ത് ലഹിയയിലെ ഇന്തോനേഷ്യൻ ആശുപത്രിയിൽനിന്ന് എല്ലാവരോടും ഒഴിഞ്ഞുപോകാൻ കഴിഞ്ഞദിവസം സൈന്യം ഉത്തരവിട്ടു.
വെള്ളിയാഴ്ചയും വലിയ രീതിയിലുള്ള ആക്രമണമാണ് ഇസ്രായേൽ ഗസ്സയിൽ നടത്തിയത്. 35 പേർ കൊല്ലപ്പെട്ടു. മധ്യ ഗസ്സയിലെ ആക്രമണത്തിൽ മാത്രം 19 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മാധ്യമപ്രവർത്തകരും ഇസ്രായേലി ആക്രമണത്തിന് ഇരയായി. ഇതോടെ 15 മാസമായി തുടരുന്ന ആക്രമണത്തിനിടെ 202 പേർ കൊല്ലപ്പെട്ടന്ന് ഗസ്സ സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു.
അതേസമയം, കഴിഞ്ഞദിവസങ്ങളിലായി നിലച്ച വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിച്ചിട്ടുണ്ട്. ഖത്തറിൽ നടക്കുന്ന മധ്യസ്ഥ ചർച്ചകൾക്കായി മൊസാദ്, ഷിൻബെത്, സൈന്യം എന്നിവയുടെ പ്രതിനിധികളെ നിയോഗിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിെൻറ ഓഫീസ് അറിയിച്ചു. ഗസ്സയിൽനിന്ന് എല്ലാ ഇസ്രായേലി സൈനികരെയും ഉടൻ പിൻവലിക്കണമെന്ന ആവശ്യത്തിൽനിന്ന് ഹമാസ് പിൻവാങ്ങാൻ സാധ്യതയുണ്ടെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഈ നിബന്ധനയിൽ അയവ് വേണമെന്ന് ഖത്തർ, ഈജിപ്ത് മധ്യസ്ഥർ കനത്ത സമ്മർദം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.