ഡെലിവറി ബോയ് വധം: യു.കെയിൽ ഇന്ത്യൻ വംശജരായ നാല് യുവാക്കൾക്കെതിരെ കൊലക്കുറ്റം
ഔർമാന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അറിയാനുള്ള അന്വേഷണങ്ങൾ തുടരുകയാണ്.
ലണ്ടൻ: ഡെലിവറി ബോയിയെ കൊലപ്പെടുത്തിയ കേസിൽ യു.കെയിൽ നാല് ഇന്ത്യൻ വംശജരായ യുവാക്കൾക്കെതിരെ കൊലക്കുറ്റം. പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഷ്രൂസ്ബറിയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. 23കാരനായ ഔർമാൻ സിങ്ങാണ് കൊല്ലപ്പെട്ടത്.
കേസിൽ അറസ്റ്റിലായ അർഷ്ദീപ് സിങ് (24), ജഗ്ദീപ് സിങ് (22), ശിവ്ദീപ് സിങ് (26), മൻജോത് സിങ് (24) എന്നിവർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. നഗരത്തിലെ ബെർവിക്ക് അവന്യൂ ഏരിയയിലാണ് ആക്രമണം നടന്നത്. ഔർമാൻ സിങ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി വെസ്റ്റ് മേഴ്സിയ പൊലീസ് അറിയിച്ചു.
അതേസമയം, കുറ്റവാളികളെ സഹായിച്ചെന്ന സംശയത്തിന്റെ പേരിൽ അറസ്റ്റിലായ ആളെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു. കൊല്ലപ്പെട്ട ഔർമാന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി വെസ്റ്റ് മേഴ്സിയ പൊലീസിലെ മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥനും ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടറുമായ മാർക്ക് ബെല്ലമി പ്രതികരിച്ചു.
ഔർമാന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അറിയാനുള്ള അന്വേഷണങ്ങൾ തുടരുകയാണ്. കൊല്ലപ്പെട്ട യുവാവൊരു ഡെലിവറി ബോയി ആയിരുന്നു എന്നത് കൊലയ്ക്കുള്ള കാരണമായി കാണുന്നില്ല. മോഷണമാണ് പിന്നിലെന്നും കരുതുന്നില്ല- അദ്ദേഹം പറഞ്ഞു.
“പ്രതികൾ പരസ്പരം അറിയാവുന്നവരാണെന്നും ഷ്രൂസ്ബറിയിലോ വെസ്റ്റ് മേഴ്സിയ പൊലീസ് സ്റ്റേഷൻ പരിധിയിലോ ഉള്ളവരല്ലെന്നും കരുതുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് മേഖലയിലെ ടിപ്‌ടൺ, ഡഡ്‌ലി, സ്മെത്‌വിക്ക് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പ്രതികൾ. അതേസമയം, ദുരന്തം തങ്ങളുടെ കുടുംബത്തിൽ ഉണ്ടാക്കിയ ആഘാതം വിശദീകരിക്കാൻ വാക്കുകളില്ലെന്ന് ഇരയുടെ കുടുംബം പൊലീസ് മുഖേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
”ഞങ്ങൾക്ക് സംഭവിച്ചത് മറ്റൊരു കുടുംബത്തിന് സംഭവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഈ ദുഷ്‌കരമായ സമയത്ത് അന്വേഷണം ഊർജസ്വലമായി നടത്തുന്നതിനും ഞങ്ങളെ പിന്തുണച്ചതിനും പൊലീസിന് നന്ദി അറിയിക്കുന്നു”- പ്രസ്താവനയിൽ വിശദമാക്കുന്നു. ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങളോ ഡിജിറ്റൽ ദൃശ്യങ്ങളോ ഉള്ളവർ മുന്നോട്ടുവരണമെന്ന് പൊലീസ് അഭ്യർഥിച്ചു.