മണ്ണിനടിയിൽ നൂറുകണക്കിന് മൃതദേഹം; സിറിയയിൽ വീണ്ടും കൂട്ടക്കുഴിമാടം കണ്ടെത്തി
ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുമെന്ന് അധികൃതർ
ദമസ്കസ്: സിറിയയിലെ അലെപ്പോയിൽ നൂറുകണക്കിന് മൃതദേഹം അടങ്ങിയ കൂട്ടക്കുഴിമാടം കണ്ടെത്തി. പ്രദേശത്തുകാരനായ വ്യക്തി നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് അലെപ്പോ പൊലീസ് തിരച്ചിൽ നടത്തിയത്. നൂറുകണക്കിന് മൃതദേഹങ്ങൾ സംസ്കരിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്ന് ഇയാൾ പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് ബ്രിഗേഡിയർ ജനറൽ അഹമ്മദ് ലതൗഫിെൻറ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഡിസംബർ എട്ടിന് അസദ് ഭരണകൂടം വീണശേഷം നിരവധി കൂട്ടക്കുഴിമാടങ്ങളാണ് സിറിയയിൽനിന്ന് കണ്ടെത്തിയിട്ടുള്ളത്. തലസ്ഥാനമായ ദമസ്കസിൽനിന്ന് 70 കിലോമീറ്റർ അകലെയുള്ള അൽ ഖുദൈഫാ നഗരത്തിന് സമീപം കണ്ടെത്തിയതാണ് ഇതുവരെയുള്ള ഏറ്റവും വലിയ കൂട്ടക്കുഴിമാടം. പതിനായിരക്കണക്കിന് മൃതദേഹങ്ങൾ ഇവിടെ സംസ്കരിച്ചതായാണ് വിവരം.
അസദിെൻറ ഭരണകാലത്ത് ലക്ഷക്കണക്കിന് പേരെ അനധികൃതമായി ജയിലിലടിച്ചിരുന്നു. ഇതിൽ നല്ലൊരു ശതമാനം പേരെയും ജയിലിൽവെച്ച് കൊലപ്പെടുത്തിയതായുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അസദിെൻറ ഭരണകാലത്ത് കാണാതായ ഒരു ലക്ഷത്തോളം പേർ മരിച്ചിട്ടുണ്ടാകുമെന്നാണ് സിറിയയിലെ മനുഷ്യാവകാശ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നത്. മനുഷ്യാവകാശങ്ങൾക്കായുള്ള സിറിയൻ കൂട്ടായ്മയുടെ തലവൻ ഫാദൽ അബ്ദുൽഗനി പറയുന്നത് അസദിന്റെ ഭരണകാലത്ത് 1,36,000 പേരെ പിടികൂടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നാണ്. ഇതിൽ 5000ഓളം പേർ കുട്ടികളാണ്.
അബ്ദുൽഗനിയും 21 പേരടങ്ങുന്ന സംഘവും ഇത്തരത്തിൽ കാണാതായവരുടെ വിവരങ്ങൾ ശേഖരിച്ചുവെച്ചിട്ടുണ്ട്. അസദ് ഭരണം ഇല്ലാതായതോടെ സംഘം എല്ലാ ജയിലുകളും സന്ദർശിക്കുകയും അവിടെനിന്ന് മോചിപ്പിച്ച തടവുകാരുടെ വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. അസദിെൻറ ഭരണം വീണതോടെ 31,000 പേരെ മാത്രമാണ് വിട്ടയച്ചിട്ടുള്ളത്. അതിനാൽ തന്നെ ബാക്കി വരുന്ന ഒരു ലക്ഷത്തോളം പേർ കൊല്ലപ്പെട്ടിട്ടുണ്ടാകാനാണ് സാധ്യതയെന്ന് അബ്ദുൽ ഗനി പറയുന്നു.