22 സൈനികര്‍, 42 വാഹനങ്ങള്‍, യുദ്ധവിമാനങ്ങള്‍... ഒരാഴ്ചക്കിടെയുണ്ടായ ഇസ്രായേലിന്റെ നാശനഷ്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് അബൂ ഉബൈദ
'യുദ്ധം തുടരുന്നിടത്തോളം കാലം ഇസ്രായേലി കുടിയേറ്റക്കാര്‍ക്ക് തിരിച്ചുവരവും സ്ഥിരതയും ഉണ്ടാകില്ല'
ഒരാഴ്ചക്കിടെ ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ 42 സൈനിക വാഹനങ്ങള്‍ ഹമാസ് തകര്‍ത്തതായി അല്‍ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ വ്യക്തമാക്കി. ഗസ്സയില്‍ ഇസ്രായേലിന്റെ ആക്രമണം തുടങ്ങി 95 ദിവസം പിന്നിടവെയാണ് അദ്ദേഹം ഇസ്രായേലിന്റെ നാശനഷ്ടങ്ങള്‍ വിവരിച്ച് പ്രസ്താവനയിറക്കിയത്.
52 സൈനിക ഓപറേഷനിലൂടെ 22 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ ഖസ്സാം പോരാളികള്‍ ഹെര്‍മിസ് 900 രഹസ്യാന്വേഷണ വിമാനം വിജയകരമായി തകര്‍ത്തു. ഒരു സ്‌കൈലാര്‍ക്ക് വിമാനവും രണ്ട് ഡ്രോണുകളും പിടിച്ചെടുത്തു. കൂടാതെ മോര്‍ട്ടാര്‍ ഷെല്ലുകളും ഷോര്‍ട്ട് റേഞ്ച് മിസൈലുകളും ഉപയോഗിച്ച് ഫീല്‍ഡ് കമാന്‍ഡ് ആസ്ഥാനവും നശിപ്പിച്ചു. കൂടാതെ തെല്‍ അവീവിലേക്കും പരിസര പ്രദേശങ്ങളിലേക്കും മിസൈലുകള്‍ തൊടുത്തുവിട്ടതായും അബൂ ഉബൈദ പറഞ്ഞു.
ഇസ്രായേല്‍ സേന ഒരു വീട് തരിപ്പണമാക്കി. കൂടാതെ നാല് ടണല്‍ പ്രവേശന കവാടങ്ങള്‍ തകര്‍ക്കുകയും മൈന്‍ഫീല്‍ഡ് നശിപ്പിക്കുകയും ഹെലികോപ്ടറില്‍നിന്ന് എയര്‍ മിസൈലുകള്‍ വര്‍ഷിക്കുകയും ചെയ്തതായി അബൂ ഉബൈദ വ്യക്തമാക്കി.
ഇസ്രായേലിനെതിരെ പോരാടുന്ന ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദിന്റെ സൈനിക വിഭാഗമായ അല്‍ ഖുദ്്സ് ബ്രിഗേഡ് വക്താവ് അബൂ ഹംസയും തങ്ങളുടെ പോരാട്ടത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു. ഇസ്രായേല്‍ അധിനിവേശ സേനയുടെയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും പരാജയങ്ങള്‍ അബൂ ഹംസ ചൂണ്ടിക്കാട്ടി.
ഖാന്‍ യൂനിസിന് മുകളിലൂടെ പറന്ന ഇസ്രായേല്‍ രഹസ്യാന്വേഷണ വിമാനവും വീട്ടില്‍ ഒളിച്ചിരുന്ന ഇസ്രായേല്‍ സൈനികനെയും വെടിവെച്ചിട്ടതായി അബൂ ഹംസ പറഞ്ഞു. ഇതിന്റെ വീഡിയോയും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. യുദ്ധം തുടരുന്നിടത്തോളം കാലം ഇസ്രായേലി കുടിയേറ്റക്കാര്‍ക്ക് തിരിച്ചുവരവും സ്ഥിരതയും ഉണ്ടാകില്ലെന്നും അബൂ ഹംസ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ പേരും ചിത്രങ്ങളും ഇസ്രായേല്‍ മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തു. ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചശേഷം 514 സൈനികരെ നഷ്ടപ്പെട്ടതായാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്. എന്നാല്‍, യഥാര്‍ഥ കണക്ക് ഇതിനപ്പുറമാണെന്ന് ഹമാസ് വ്യക്തമാക്കുന്നു.
അതേസമയം, ഇസ്രായേല്‍ ആക്രമണത്തില്‍ ഗസ്സയില്‍ ഇതുവരെ 23,210 പേരാണ് കൊല്ലപ്പെട്ടത്. 59,167 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.