അൽ അഖ്സ ആശുപത്രിയിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ടെന്റുകൾക്ക് തീപിടിച്ചു, നാലുപേർ കൊല്ലപ്പെട്ടു
നിരവധി പേർക്ക് പൊള്ളലേറ്റു, മരണസംഖ്യ ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ട്
ഗസ്സ സിറ്റി: ഗസ്സയിൽ ആശുപത്രി കോംപ്ലക്സിലെ ടെൻറിൽ താമസിക്കുന്നവർക്ക് നേരെ ഇസ്രായേലിന്റെ ആക്രമണം. സംഭവത്തിൽ നാലുപേർ കൊല്ലപ്പെടുകയും 70ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണ്.
മധ്യ ഗസ്സയിലെ ദെയറൽ ബലാഹ് നഗരത്തിലുള്ള അൽ അഖ്സ രക്തസാക്ഷി ആശുപത്രിയിലെ ടെന്റുകൾക്ക് നേരെയായിരുന്നു തിങ്കളാഴ്ച അതിരാവിലെ ആക്രമണം നടത്തിയത്. ഗസ്സയുടെ വിവിധ ഭാഗങ്ങളിൽനിന്നായി കുടിയിറക്കപ്പെട്ട നിരവധി പേർ ഇവിടെ താമസിക്കുന്നുണ്ട്. ബോംബാക്രമണത്തിൽ ടെന്റുകൾ തീപിടിച്ചാണ് പലർക്കും പരിക്കേറ്റത്. അതിനാൽ തന്നെ മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
‘പുകയും തീയും എരിയുന്ന വസ്തുക്കളെല്ലാം തങ്ങളുടെ ടെന്റുകളിൽ വീഴുന്നത് കണ്ടാണ് ഞങ്ങൾ ഉണരുന്നത്. അൽ അഖ്സ ആശുപത്രിക്ക് പിന്നിൽ തങ്ങൾ താമസിക്കുന്ന ടെന്റുകളിലുണ്ടായ ആക്രമണം ഭീതിജനകമായിരുന്നു’ -സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട അഹമ്മദ് റാദി ‘അൽ ജസീറ’യോട് പറഞ്ഞു.
ഫയർഫോഴ്സിന് ഇവിടെ എത്താൻ സാധിച്ചില്ല. കത്തിക്കരിഞ്ഞ നിരവധി മൃതദേഹങ്ങൾ എല്ലായിടത്തും കാണാമായിരുന്നു. തീപിടിത്തത്തിന്റെയും സ്ഫോടനത്തിന്റെയും ആഘാതം വളരെ വലുതാണ്. ഏറ്റവും ഭീകരവും ക്രൂരവുമായ രാത്രിക്കാണ് തങ്ങൾ സാക്ഷ്യം വഹിച്ചതെന്നും അഹമ്മദ് റാദി കൂട്ടിച്ചേർത്തു.
ഈ വർഷം ഇത് ഏഴാം തവണയാണ് അൽ അഖ്സ ആശുപത്രിയിൽ ഇസ്രായേൽ ആക്രമണം നടത്തുന്നതെന്ന് ഗസ്സ മീഡിയ ഓഫിസ് പറയുന്നു. രണ്ടാഴ്ചക്കിടെ മൂന്ന് ആക്രമണമാണ് ഇവിടെ ഉണ്ടായത്. ഗസ്സയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പലായനം ചെയ്തെത്തിയ നിരവധി പേരാണ് ഈ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടത്.
20 മുതൽ 30 ടെന്റുകൾ വരെ പൂർണമായും കത്തിനശിച്ചതായി അൽ ജസീറയുടെ റിപ്പോർട്ടർ ഹാനി മഹ്മൂദ് പറയുന്നു. തീപിടിത്തമുണ്ടാകുമ്പോൾ നിരവധി പേരാണ് ടെന്റുകൾക്ക് അകത്തുണ്ടായിരുന്നത്. അവരെയൊന്നും രക്ഷിക്കാനായില്ല. ആശുപത്രി വളപ്പിലെ ചെറിയ സ്ഥലത്തായി ഓരോ ടെന്റുകളും വളരെ ചേർന്നാണ് നിൽക്കുന്നത്. അതിനാൽ തന്നെ മരണസംഖ്യ കൂടാൻ സാധ്യതയുണ്ടെന്നും ഹാനി മഹ്മൂദ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ആശുപത്രി കെട്ടിടം ഹമാസ് കമാൻഡിങ് കേന്ദ്രമായതിനാലാണ് ആക്രമിച്ചതെന്ന് ഇസ്രായേൽ സൈനിക വക്താവ് അവിചയ് അദ്രയെ പറഞ്ഞു. അതേമസയം, ഇതിനുള്ള തെളിവുകളൊന്നും ഇസ്രായേൽ പുറത്തുവിട്ടിട്ടില്ല.
ഗസ്സയിൽ ഒരു വർഷമായി തുടരുന്ന ഇസ്രായേലിന്റെ ആസൂത്രിത വംശഹത്യയിൽ നിരവധി തവണയാണ് ആശുപത്രികളെ ആക്രമണത്തിനിരയായത്. അതിനാൽ തന്നെ ഗസ്സയിലെ ഭൂരിഭാഗം ആരോഗ്യസംവിധാനങ്ങളും അവതാളത്തിലായിട്ടുണ്ട്. ആരോഗ്യസംരക്ഷ സംവിധാനങ്ങളെ തകർക്കാൻ ആസൂത്രിത നീക്കമാണ് ഇസ്രായേൽ നടത്തുന്നതെന്ന് ദിവസങ്ങൾക്ക് മുമ്പ് ഐക്യരാഷ്ട്ര സഭയുടെ ഇൻഡിപെൻഡന്റ് ഇന്റർനാഷനൽ കമ്മീഷൻ ഓഫ് ഇൻക്വയറി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
മധ്യ ഗസ്സയിലെ അഭയാർഥികൾ താമസിക്കുന്ന നുസൈറത്തിലെ സ്കൂളിന് നേരെ ഞായറാഴ്ചയുണ്ടായ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസ് പോരാളികൾ വീണ്ടും സംഘടിച്ചുവെന്ന് ആരോപിച്ച് വടക്കൻ ഗസ്സയിലെ ജബലിയയിൽ ഇസ്രായേൽ ദിവസങ്ങളായി ആക്രമണം അഴിച്ചുവിടുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി തവണയാണ് ജബലിയയിലെ അഭയാർഥി ക്യാമ്പിനെ ഇസ്രായേൽ ലക്ഷ്യമിടുന്നത്.
ഗസ്സ സിറ്റി ഉൾപ്പെടെ വടക്കൻ ഗസ്സയെ പൂർണമായും ഒഴിപ്പിക്കാൻ ഉത്തരവിട്ടശേഷമാണ് ജബലിയയിൽ ആക്രമണം നടത്തുന്നത്. അതേസമയം, വടക്കൻ ഗസ്സയിൽ ഇപ്പോഴും നാല് ലക്ഷം ഫലസ്തീനികൾ താമസിക്കുന്നുണ്ട്. ഒക്ടോബർ ഒന്നിന് ശേഷം ഇവിടേക്ക് ഇതുവരെ ഭക്ഷണം എത്തിയിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു.
നിരവധി പേർ വടക്കൻ ഗസ്സയിൽ പലയിടങ്ങളിലായി മരിച്ചുകിടക്കുന്നുണ്ടെന്നും അവരുടെ അടുത്തേക്ക് എത്താൻ സാധിക്കുന്നില്ലെന്നും ഗസ്സ ആരോഗ്യ മന്ത്രാലയത്തിലെ ഫാരിസ് അബൂ ഹംസ അറിയിച്ചു. പല മൃതദേഹങ്ങളും നായകൾ ഭക്ഷിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഗസ്സയിലെ ആക്രമണം ഒരു വർഷം പിന്നിടുമ്പോൾ 42,200 പേർ ഇതുവരെ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. കൂടാതെ 98,400 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.