ഇസ്രായേൽ ആക്രമണം: ഗസ്സയിൽ അൽജസീറയിലേതുൾപ്പെടെ രണ്ട് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടത് 208 മാധ്യമപ്രവർത്തകർ

കൊല്ലപ്പെട്ട അല്‍ജസീറ മാധ്യമപ്രവര്‍ത്തകന്‍ ഹുസാം ഷബാത്ത്

ഗസ്സസിറ്റി: ഗസ്സയില്‍ ഇസ്രായേൽ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളിൽ അൽ ജസീറയുടേത് ഉൾപ്പെടെ രണ്ട് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു.
അൽ ജസീറ മുബാഷർ ചാനലിന്റെ മാധ്യമപ്രവര്‍ത്തകനായ ഹുസ്സാം ഷബാത്ത്(23) വടക്കൻ ഗസ്സയില്‍ നടന്ന ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ കാറിനെ ലക്ഷ്യമിട്ടുള്ള ആക്രമണം ബൈത്ത് ലാഹിയയുടെ കിഴക്കൻ ഭാഗത്താണ് നടന്നതെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന അൽ ജസീറയുടെ ആറാമത്തെ മാധ്യമപ്രവർത്തകനാണ് ഹുസ്സാം അൽ ശബാത്ത്
നേരത്തെ ഫലസ്തീൻ ടുഡേയിലെ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് മൻസൂറിനെയും ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിരുന്നു. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ വെച്ചായിരുന്നു മന്‍സൂറിന് നേര്‍ക്കുള്ള ആക്രമണം. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഇസ്രായേൽ സേന മൻസൂറിനെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയത്.
അതേസമയം 2023 ഒക്ടോബർ മുതലുള്ള ഇസ്രായേലി ആക്രമണങ്ങളിൽ കുറഞ്ഞത് 208 മാധ്യമപ്രവർത്തകരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് വ്യക്തമാക്കുന്നത്.
തിങ്കളാഴ്ച മാത്രം ഗസ്സയിലുടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 51 പേരാണ് കൊല്ലപ്പെട്ടത്. ഫലസ്തീനിലെ വടക്കും തെക്കും ഭാഗങ്ങളിൽ തുടർച്ചയായ ആക്രമണങ്ങൾ തുടരുന്നതിനാൽ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇസ്രായേലിന്റെ വംശഹത്യയില്‍ 50,082 പേരാണ് ഗസ്സയില്‍ ഇതുവരെ കൊല്ലപ്പെട്ടത്. 113,408 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.