ഹൈപ്പർസോണിക്, ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ച് റഷ്യ; മുൾമുനയിൽ യുക്രൈൻ

ഏതു സാഹചര്യം നേരിടാനും രാജ്യം ഒരുക്കമാണെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ അറിയിച്ചു

Update: 2022-02-19 16:56 GMT
Editor : Shaheer | By : Web Desk
Advertising

യുക്രൈനിൽ യുദ്ധഭീതി തുടരുന്നതിനിടെ വൻനാശം വിതക്കാൻ ശേഷിയുള്ള മിസൈൽ പരീക്ഷണവുമായി റഷ്യ. ഹൈപ്പർസോണിക്, ക്രൂയിസ്, ആണവവാഹിനിയായ ബാസിസ്റ്റിക് മിസൈലുകളാണ് കഴിഞ്ഞ ദിവസം റഷ്യ വിജയകരമായി പരീക്ഷിച്ചത്. റഷ്യൻ സൈനിക മേധാവി വലേറി ജെറാസിമോവ് ആണ് പരീക്ഷണവിവരം പുറത്തുവിട്ടത്.

പരീക്ഷണം നടത്തിയ എല്ലാ മിസൈലുകളും ലക്ഷ്യസ്ഥാനത്തു തന്നെ പതിച്ചെന്ന് ജെറാസിമോവ് അറിയിച്ചു. ലക്ഷ്യംവച്ച പോലെത്തന്നെ എല്ലാം സജ്ജമാണെന്ന് വ്യക്തമാക്കുന്നതാണ് പരീക്ഷണം. റഷ്യയുടെ തന്ത്രപ്രധാന പ്രത്യാക്രമണ സേനയുടെ പ്രകടനം കൂടുതൽ കാര്യക്ഷമമാക്കുകയായിരുന്നു മിസൈൽ പരീക്ഷണങ്ങളുടെ പ്രധാന ലക്ഷ്യം. ശത്രുവിനെതിരെയുള്ള കൃത്യമായ ആക്രമണം ഉറപ്പാക്കുകയായിരുന്നു ഉന്നംവച്ചതെന്നും റഷ്യൻ ജനറൽ സ്റ്റാഫ് മേധാവി വലേറി ജെറാസിമോവ് കൂട്ടിച്ചേർത്തു.

ബെലാറസിലെ റഷ്യൻ സൈനികതാവളത്തിൽ വച്ചായിരുന്നു മിസൈൽ പരീക്ഷണം. ടിയൂ-95 ബോംബറുകളും അന്തർവാഹിനികളുമെല്ലാം പരീക്ഷണത്തിന്റെ ഭാഗമായിരുന്നുവെന്നാണ് റഷ്യ പുറത്തുവിട്ട വാർത്താകുറിപ്പിൽ സൂചിപ്പിക്കുന്നത്. ബെലാറസ് പ്രസിഡന്റ് അലെക്‌സാണ്ടർ സുലവാഷെങ്കോയ്‌ക്കൊപ്പമിരുന്ന് ജെറാസിമോവ് പരീക്ഷണദൃശ്യങ്ങൾ വീക്ഷിച്ചു.

അതിനിടെ, യുക്രൈനിൽ അധിനിവേശത്തിനു ശ്രമിച്ചാൽ അഭൂതപൂർവമായ സാമ്പത്തിക ഉപരോധമടക്കം നേരിടേണ്ടിവരുമെന്ന് അമേരിക്ക റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകി. ആക്രമണമുണ്ടായാൽ യൂറോപ്യൻ രാജ്യങ്ങളുമായി ചേർന്ന് തങ്ങളുടെ പ്രതികാര നടപടികളുണ്ടാകുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് മുന്നറിയിപ്പ് നൽകി.

യുക്രൈൻ കീഴടക്കാൻ റഷ്യ തീരുമാനമെടുത്തുകഴിഞ്ഞിട്ടുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വെളിപ്പെടുത്തി. യുക്രൈൻ തലസ്ഥാനമായ കീവ് ലക്ഷ്യമിട്ടുള്ള മുന്നൊരുക്കത്തിലാണെന്നും ബൈഡൻ പറഞ്ഞു. ഏതു സാഹചര്യം നേരിടാനും ഒരുക്കമാണെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ഇതിനോട് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

Summary: Russia successfully test-fired latest hypersonic, cruise and nuclear-capable ballistic missiles as tensions soar over Ukraine

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News