ക്രിസ്റ്റ്യാനോയ്ക്കും കുടുംബത്തിനുമായി രണ്ട് മണിക്കൂർ അടച്ചിട്ട് റിയാദിലെ എന്റർടെയ്ൻമെന്റ് സോൺ

ഇതിന്റെ ചിത്രങ്ങൾ ക്രിസ്റ്റ്യാനോയുടെ ഭാര്യ ജോർജിന റോഡ്രി​ഗസ് തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്.

Update: 2023-01-20 13:35 GMT
Advertising

റിയാദ്: സൗദി ക്ലബ്ബായ അൽ നസ്റിലേക്കെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും കുടുംബത്തിനുമായി രണ്ട് മണിക്കൂർ സമയം അടച്ചിട്ട് റിയാദിലെ എന്റർടെയ്ൻമെന്റ് സോൺ. ഇതിന്റെ ചിത്രങ്ങൾ ക്രിസ്റ്റ്യാനോയുടെ ഭാര്യ ജോർജിന റോഡ്രി​ഗസ് തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്.

റിയാദിലെ ബൊളിവാർഡ് വേൾഡ് എന്റർടെയ്ൻമെന്റ് സോൺ ആണ് സൂപ്പർതാരത്തിനും കുടുംബത്തിനുമായി അടച്ചിട്ടത്. റിയാദ് സീസൺ വിന്റർ വണ്ടർലാൻഡിന് പുറത്തുനിന്ന് ആരംഭിക്കുന്ന യാത്രയുടെ ഫോട്ടോകളാണ് ജോർജിന പങ്കുവച്ചിരിക്കുന്നത്.

ജോർജിന മൂന്ന് സമ്മാനങ്ങളുമായി പാർക്കിനുള്ളിലെ സ്കൈലൂപ്പ് റെഡിനു മുന്നിൽ നിൽക്കുന്നതും കുടുംബം പാർക്കിൽ ഇരിക്കുന്നതിന്റേയുമൊക്കെ ചിത്രങ്ങൾ ഇതിലുൾപ്പെടുന്നു. ആൺ മക്കളിൽ ഒരാൾ സ്പൈഡർമാൻ, ഹൾക്ക്, ബ്ലാക്ക് പാന്തർ, വോൾവറിൻ, ഡെഡ്‌പൂൾ എന്നിവയുൾപ്പെടെയുള്ള കോമിക് പുസ്തക കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ ആളുകൾക്കൊപ്പം നിൽക്കുന്നതും കാണാം. ക്രിസ്റ്റ്യാനോ ജൂനിയർ അടുത്തിടെ സൗദി അറേബ്യയിൽ തന്റെ പുതിയ ടീമിനായി ബൂട്ടണിഞ്ഞിരുന്നു.

വൻ തുകയ്ക്കാണ് റൊണാൾഡോയെ സൗദി ക്ലബ്ബ് റാഞ്ചിയത്. റൊണാൾഡോ എത്തിയ ശേഷമുള്ള അൽ നസ്റിന്റെ ആദ്യ കളി മെസ്സിയുടെ പി.എസ്.ജിക്കെതിരെയാണ്. വ്യാഴാഴ്ച രാത്രി 10.30ന് റിയാദിലാണ് താര രാജാക്കന്മാർ തമ്മിലുള്ള പോരാട്ടം നടക്കുന്നത്.

ജനുവരി മൂന്നിന് രാത്രിയാണ് ക്രിസ്റ്റ്യാനോയെ അൽ നസ്ർ കാണികൾക്ക് മുമ്പാകെ അവതരിപ്പിച്ചത്. ഹോം ഗ്രൗണ്ടായ റിയാദ് മർസൂൽ പാർക്കിൽ കാൽ ലക്ഷത്തോളം ആരാധകരാണ് പ്രിയതാരത്തെ വരവേൽക്കാനായി എത്തിയത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നാണ് ക്രിസ്റ്റ്യാനോ റെക്കോഡ് തുകയ്ക്ക് അൽ നസ്റിലെത്തിയത്. പ്രതിവർഷം 200 മില്യൺ (ഏകദേശം 1950 കോടി) യു.എസ് ഡോളറാണ് താരത്തിന്റെ പ്രതിഫലം. രണ്ടര വർഷത്തേക്കാണ് കരാർ. ക്രിസ്റ്റ്യാനോയുടെ വരവിന് പിന്നാലെ സോഷ്യൽമീഡിയയിൽ അൽ നസ്റിന്റെ ഫോളോവേഴ്സിന്റെ എണ്ണം കുതിച്ചുയർന്നിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News