ക്യൂബയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്ക്
വിലക്കയറ്റത്തിനും, അവശ്യ സാധനങ്ങളുടെ ക്ഷാമത്തിനുമെതിരെയായിരുന്നു ആയിരങ്ങൾ ക്യൂബയിൽ തെരുവിലിറങ്ങിയത്.
കോവിഡ് പ്രതിരോധത്തിലെ വീഴ്ച്ചയിലും സാമ്പത്തിക നിയന്ത്രണങ്ങൾക്കുമെതിരെ ക്യൂബയിൽ വമ്പിച്ച സർക്കാർ വിരുദ്ധ പ്രക്ഷോഭം. ക്യൂബൻ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ പതിറ്റാണ്ടുകൾക്ക് ശേഷമുള്ള വലിയ ജനരോഷമാണ് റിപ്പോർട്ട് ചെയ്തത്.
എന്നാൽ പ്രശ്നം രൂക്ഷമാക്കുന്നതായി ആരോപിച്ച് ക്യൂബൻ പ്രസിഡന്റ് മിഗേൽ ഡിയാസ് കനേൽ സമൂഹ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നതായി മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു. രാജ്യത്ത് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് സൈറ്റുകൾക്ക് ഭാഗിക നയിന്ത്രണമേർപ്പെടുത്തിയതായി സ്വകാര്യ ഓൺലൈൻ നിരീക്ഷണ സൈറ്റായ 'നെറ്റ്ബ്ലോക്കി'നെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനങ്ങൾ പ്രതിഷേധിക്കുന്നതിന്റെയും മാർച്ച് ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
Thousands of people took to the streets across Cuba this weekend to protest the Caribbean country's economic hardship and handling of the COVID-19 pandemic. The size of the protests are a rare occurrence in Cuba, which has been controlled by a communist government for decades. pic.twitter.com/o7IgtqWL2s
— NowThis (@nowthisnews) July 13, 2021
ഓൺലൈനായും അല്ലാതെയും തങ്ങൾക്കു നേരെ തല്ലാൻ വരുന്നവർക്ക് മറുമുഖം കാണിച്ചു കൊടുക്കാൻ തയ്യാറല്ലെന്ന് മിഗേൽ ഡിയാസ് അറിയിച്ചു. അമേരിക്കയിലെ മിയാമി മാഫിയയാണ് പ്രക്ഷോഭത്തിന് പിന്നിൽ. സമൂഹ മാധ്യമങ്ങൾ പ്രശ്നം ആളികത്തിക്കാൻ ശ്രമിക്കുകയാണെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി. എന്നാൽ സമൂഹമാധ്യമങ്ങൾക്കെതിരായ ക്യൂബയുടെ വിമർശനങ്ങളോട് ഫേസ്ബുക്കുള്‍പ്പടെയുള്ളവര്‍ പ്രതികരിച്ചിട്ടില്ല.
വിലക്കയറ്റത്തിനും, അവശ്യ സാധനങ്ങളുടെ ക്ഷാമത്തിനുമെതിരെയായിരുന്നു ആയിരങ്ങൾ ക്യൂബയിൽ തെരുവിലിറങ്ങിയത്. കോവിഡ് കൈകാര്യം ചെയ്തതില്‍ വീഴ്ച്ച പറ്റിയതായും പ്രതിഷേധക്കാര്‍ ആരോപിച്ചു. അക്രമാസക്തമായ ജനക്കൂട്ടം സുരക്ഷാസേനയുമായി ഏറ്റുമുട്ടുന്നതും പൊലീസ് വാഹനങ്ങൾ നശിപ്പിക്കുന്നതുമായുള്ള വിഡിയോകൾ പ്രചരിച്ചിരുന്നു.
അതിനിടെ, ക്യൂബൻ ജനങ്ങൾക്കൊപ്പം നിൽക്കുന്നതായി സംഭവവുമായി പ്രതികരിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. മൗലികാവകാശങ്ങൾക്കായി സധൈര്യം പോരാടുന്നവരാണ് പ്രതിഷേധക്കാരെന്നും ജോ ബൈഡൻ പറഞ്ഞു.
സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ എത്ര പേർ പിടിയിലായിട്ടുണ്ടെന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടില്ല. 57 പേരെ ഇതുവരെ സർക്കാർ തടവിലാക്കിയതായി വ്യക്തമാക്കിയ 'ക്യൂബ ഡിസൈഡ്' എന്ന ജനാധിപത്യ കൂട്ടായ്മ, അവരുടെ പേരു വിവരങ്ങളും പുറത്തുവിട്ടു.