ഹമാസ് നേതാവിന്റെ വധം, ഇറാനിലെ ഇരട്ട സ്ഫോടനം; പശ്ചിമേഷ്യ കൂടുതൽ സംഘർഷഭരിതം
ഹമാസ് നേതാവ് സാലിഹ് അൽ ആറൂറിയെ ബെയ്റൂത്തിൽ വധിച്ചതിനു പിന്നാലെ ഇറാനിലെ ഇരട്ട സ്ഫോടനം കൂടിയായതോടെ പശ്ചിമേഷ്യ കൂടുതൽ സംഘർഷഭരിതം. സാലിഹ് അൽ ആറൂറിയുടെ ചോരക്ക് പകരം ചോദിക്കാതെ പോകില്ലെന്ന് ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ച ബൈറൂത്തിൽ ഇസ്രായേൽ ആക്രമണത്തിൽ ഹമാസ് പോളിറ്റ് ബ്യൂറോ ഡെപ്യൂട്ടി ചെയർമാൻ സാലിഹ് അൽ ആറൂറി കൊല്ലപ്പെട്ടതിനെ തുടർന്നുള്ള സാഹചര്യം മുൻനിർത്തി ലബനാൻ അതിർത്തിയിൽ സേനാവിന്യാസം ഇസ്രായേൽ ശക്തമാക്കിയിട്ടുണ്ട്. പ്രതിരോധ മന്ത്രി അതിർത്തിമേഖല സന്ദർശിച്ച് ഏതു സാഹചര്യവും നേരിടാൻ സൈന്യത്തിന് നിർദേശം നൽകി.
അതേസമയം, ലബനാനുമായുള്ള യുദ്ധത്തിൽ നിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ അമേരിക്കയുടെ പ്രത്യേക ദൂതൻ അടുത്ത ദിവസം തെൽ അവീവിലെത്തും. എത്ര യുദ്ധമുഖം തുറക്കാനും സേന സജ്ജമാണെന്ന നിലപാടിലാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. പശ്ചിമേഷ്യ ആപൽക്കര പാതയിലേക്ക് പോകാതിരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് യൂറോപ്യൻ നയകാര്യ മേധാവി ജോസഫ് ബോറൽ പറഞ്ഞു. ഇസ്രായേലും ഹമാസും ഉറച്ചുനിൽക്കെ പരിഹാരം പുറത്തുനിന്ന് വേണമെന്നും ബോറൽ നിർദേശിച്ചു.
ചെങ്കടലിൽ ആക്രമണം തുടർന്നാൽ ഹൂത്തികളെ അമർച്ച ചെയ്യുമെന്ന് അമേരിക്കയും ബ്രിട്ടനും താക്കീത് ചെയ്തു. സമുദ്ര സഞ്ചാരവും ചരക്കുകടത്തും തടഞ്ഞ് ലോകസമ്പദ് ഘടനയെ വെല്ലുവിളിക്കാൻ ആരെയും അനുവദിക്കില്ലെന്ന് അമേരിക്കയുടെ നേതൃത്വത്തിൽ 12 രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. രാത്രി ചേർന്ന യു.എൻ രക്ഷാ സമിതി യോഗവും ചെങ്കടലിലെ പ്രക്ഷുബ്ധ സാഹചര്യം വിലയിരുത്തി. ഇറാൻ നൽകുന്ന ആയുധങ്ങൾ ഉപയോഗിച്ചാണ് ഹൂത്തികൾ കപ്പലുകൾ അക്രമിക്കുന്നതെന്ന് അമേരിക്കൻ സംഘം രക്ഷാസമിതി യോഗത്തിൽ ആരോപിച്ചു.
ഗസ്സയിലേക്ക് കൂടുതൽ സഹായം അനുവദിക്കാൻ ഇസ്രായേൽ തയാറാകണമെന്ന് അമേരിക്കയും ബ്രിട്ടനും നിർദേശിച്ചു. ബന്ദിമോചന ചർച്ച ഗൗരവപൂർണമായി തുടരുന്നതായി യു.എസ് സ്റ്റേറ്റ് വകുപ്പ് വക്താവ് ജോൺ കെർബി പറഞ്ഞു. എന്നാൽ, വിശദാംശങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയാറായില്ല.
ഗസ്സയിൽ ഇസ്രായേൽ ആക്രമണം കൂടുതൽ കടുപ്പിച്ചിട്ടുണ്ട്. ഖാൻ യൂനുസിൽ മാത്രം 30 പേർ കൊല്ലപ്പെട്ടു. ഗസ്സയിൽ മരണം 22,313 ആയി. പരിക്കേറ്റവരുടെ എണ്ണം 57,296ൽ എത്തി. ഇന്നലെ ഒരു സൈനികൻ കൊല്ലപ്പെട്ടതായും 25 സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേൽ അറിയിച്ചു.
ഗസ്സയിൽ കൂട്ടക്കൊല തുടരുന്നതിനിടെ കൂട്ട കുടിയൊഴിപ്പിക്കൽ പദ്ധതിയുമായി ഇസ്രായേൽ സജീവമെന്നും റിപ്പോർട്ടുണ്ട്. കോംഗോ അടക്കമുള്ള രാജ്യങ്ങളുമായിഅഭയാർഥികളെ സ്വീകരിക്കുന്നത് സംബന്ധിച്ച രഹസ്യചർച്ച നെതന്യാഹു സർക്കാർ തുടങ്ങിയതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള രണ്ട് ഇസ്രായേൽ മന്ത്രിമാരുടെ പ്രസ്താവനകൾ ഏറെ അപകടകരമെന്ന് അമേരിക്കയും ജർമനിയും കുറ്റപ്പെടുത്തി.