പ്രമുഖ തുർക്കിഷ് നടൻ അയ്ബെർക് പെക്ചാൻ (ആർതുക് ബെയ്) അന്തരിച്ചു
ജനപ്രിയ തുർക്കിഷ് സീരീസായ ദിരിലിസ് എർതുഗ്രുലിലെ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ്
പ്രമുഖ തുർക്കിഷ് നടന് അയ്ബെർക് പെക്ചാൻ (ആർതുക് ബെയ്) അന്തരിച്ചു. ശ്വാസകോശാർബുദത്തെ തുടർന്ന് തിങ്കളാഴ്ച വൈകീട്ടായിരുന്നു മരണം. 51 വയസ്സായിരുന്നു.ദീർഘനാളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. ജനപ്രിയ തുർക്കിഷ് സീരീസായ ദിരിലിസ് എർതുഗ്രുൾ എന്ന ചരിത്ര പരമ്പരയിൽ പ്രധാനപ്പെട്ടവേഷം ചെയ്തിരുന്നു.എർതുഗ്രുൾ ബേയുടെ വലംകൈയായ അർതുക് ബേ ആയാണ് അദ്ദേഹം വേഷമിട്ടത്.
1970 മെയ് 22ന് തുർക്കിയിലെ മെർസിനിലാണ് അയ്ബെർക് പെക്ചാൻ ജനിച്ചത്. മെർസിൻ യൂണിവേഴ്‌സിറ്റിയിലെ തിയേറ്റർ ഡിപ്പാർട്ട്‌മെന്റിൽ നിന്നാണ് ബിരുദംനേടിയത്.വിൻറർ സ്ലീപ്പ് (2014), ദിരിലിസ്: എർതുഗ്രുൾ (2014), ലവ് ആൻഡ് റെവല്യൂഷൻ (2011). എന്നിവയാണ് പ്രധാന ചിത്രങ്ങൾ. വാലി ഓഫ് വോൾവ്‌സ് സീരിയസ് ഉൾപ്പെടെ നിരവധി പരമ്പരയിലും വേഷമിട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം അദ്ദേഹം തന്റെ രോഗാവസ്ഥയെ കുറിച്ച് ആരാധകരോട് പങ്കുവെച്ചിരുന്നു.''പ്രിയ സുഹൃത്തുക്കളെ നടുവേദനയുമായാണ് ഞാൻ ഡോക്ടറെ കാണാൻ ചെല്ലുന്നത്. അവിടെ വെച്ചാണ് എനിക്ക് ശ്വാസകോശ അർബുദമാണെന്ന് തിരിച്ചറിയുന്നത്. കരളിലേക്കും അഡ്രീനൽ ഗ്രന്ഥികളെയും ട്യൂമർ ബാധിച്ചിട്ടുണ്ട്. നിർഭാഗ്യമെന്ന് പറയട്ടെ രോഗത്തിന്റെ ആദ്യ ഘട്ടത്തിൽ യാതൊരു ലക്ഷമങ്ങളും എനിക്കില്ലായിരുന്നു. കീമോ തെറാപ്പി ചെയ്തു തുടങ്ങിയിട്ടുണ്ട്. കുടുംബവും സുഹൃത്തുക്കളും പിന്തുണയുമായി കൂടെയുണ്ട്. ആരോഗ്യവാനായി തിരിച്ചുവരാൻ ഞാൻ പരാമധി ശ്രമിക്കും. നിങ്ങളുടെ പ്രാർഥനയും ആശംസയും എന്നോടൊപ്പം ഉണ്ടാകണം' എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. ഇന്ന് ജന്മനാടായ മെർസിയിലയിൽ സംസ്‌കാരം നടക്കും.