'ദുരന്തം, സ്ത്രീകളുടെ ശ്വസിക്കാനുള്ള അവകാശം കൂടി ഇല്ലാതാക്കും'; താലിബാനെതിരെ വനിതാ ബാസ്‌ക്കറ്റ് ബോൾ താരം

"താലിബാൻ ഒരിക്കലും മാറില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. 25 വർഷം മുമ്പ് എങ്ങനെയാണോ അതേ തീവ്രവാദികളാണ് അവരിപ്പോഴും"; നിലോഫർ പറഞ്ഞു.

Update: 2022-12-22 13:27 GMT
Editor : banuisahak | By : Web Desk
Advertising

കാബൂൾ: സ്ത്രീകൾക്ക് സർവകലാശാല വിദ്യാഭ്യാസം നിരോധിച്ച താലിബാൻ നടപടിയെ അപലപിച്ച് അഫ്ഗാനിസ്ഥാന്റെ വീൽചെയർ ബാസ്‌ക്കറ്റ് ബോൾ ടീം മുൻ ക്യാപ്റ്റൻ നിലോഫർ ബയാത്ത്. അഫ്ഗാനിസ്ഥാനിൽ രണ്ട് തവണ യുദ്ധത്തിന് ഇരയായ നിലോഫർ താലിബാന്റെ നടപടിയെ 'ദുരന്തം' എന്നാണ് വിശേഷിപ്പിച്ചത്. 

സർക്കാർ- സ്വകാര്യ സർവകലാശാലകളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കണമെന്ന് താലിബാന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി ചൊവ്വാഴ്ചയാണ് ഉത്തരവിറക്കിയത്. ഇത് അഫ്ഗാനിൽ മാത്രമല്ല പല രാജ്യങ്ങളിലും വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അധികാരമേറ്റതിന് പിന്നാലെ സ്ത്രീകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഇപ്പോൾ താലിബാൻ വിദ്യാഭ്യാസമടക്കം നിരോധിച്ചത്. 

"സ്ത്രീകളെ ശ്വസിക്കുന്നതിൽ നിന്ന് വിലക്കുന്നതാണ് അടുത്ത ഘട്ടം. സമൂഹത്തിൽ നിലനിൽക്കാൻ പോലും അവർ അനുവദിക്കില്ല. പെൺകുട്ടികൾക്കായി സ്‌കൂളുകൾ അടച്ചിട്ട് ഏകദേശം ഒന്നര വർഷമായി. ഇപ്പോഴിതാ സർവകലാശാലകളിൽ നിന്ന് സ്ത്രീകളെ വിലക്കിയിരിക്കുന്നു. ദുരന്തമാണിത്. ഓരോ ദിവസവും അവർ പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരികയാണ്. അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ സമൂഹത്തിന്റെ ഭാഗമല്ല. താലിബാൻ ഒരിക്കലും മാറില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. 25 വർഷം മുമ്പ് എങ്ങനെയാണോ അതേ തീവ്രവാദികളാണ് അവരിപ്പോഴും"; നിലോഫർ പറഞ്ഞു. 

നിലോഫർ ബയാത്ത് 

 താലിബാൻ പിടിച്ചടക്കിയതിന് ശേഷം രാജ്യം വിട്ടതിനെ കുറിച്ചും നിലോഫർ പ്രതികരിച്ചു. താലിബാൻ വന്നപ്പോൾ തന്നെ ഞാൻ രാജ്യം വിട്ടു. ഞാൻ ചെയ്തതത് എന്താണെന്ന് എനിക്കറിയാമെന്നത് കൊണ്ടാണ് രാജ്യം വിട്ടത്. താലിബാനെതിരെ ഞാൻ നടത്തിയ പ്രസംഗങ്ങളെല്ലാം ശരിയാണ്. അതുകൊണ്ട് തന്നെ ഒരു സ്ത്രീയെന്ന നിലയിൽ ഞാൻ ഈ രാജ്യത്ത് സുരക്ഷിതയല്ല. ഒരു വീടില്ലാതെ ഞാൻ ജീവിക്കാൻ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷം കഴിഞ്ഞു. എല്ലാം ഉപേക്ഷിച്ചാണ് രാജ്യം വിട്ടത്. ജീവൻ മാത്രം മതിയായിരുന്നു; നിലോഫർ പറഞ്ഞു. 

1990ൽ നിലോഫറിന്റെ വീടിന് നേരെ താലിബാന്റെ റോക്കറ്റ് പതിക്കുമ്പോൾ വെറും രണ്ടുവയസ് മാത്രമായിരുന്നു അവർക്ക് പ്രായം. താലിബാന്റെ റോക്കറ്റ് ആക്രമണത്തിൽ നിലോഫറിന് സഹോദരനെ നഷ്ടമായി.അവരുടെ പിതാവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നിലോഫറിന്റെ ഒരു കാൽ നഷ്ടപ്പെടുകയും നട്ടെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷമാണ് നിലോഫർ വീൽചെയറിൽ ബാസ്കറ്റ് ബോൾ പരിശീലിക്കാൻ തുടങ്ങിയത്. താലിബാൻ ഭരണം പിടിച്ചതിന് പിന്നാലെ 2021 ഓഗസ്റ്റ് 18-ന് നിലോഫർ അഫ്ഗാനിസ്ഥാൻ വിട്ട് സ്‌പെയിനിൽ എത്തുകയായിരുന്നു. 

"രണ്ടുതവണ ഞാൻ താലിബാന്റെ യുദ്ധത്തിന് ഇരയായി. അവർ എന്റെ ജീവിതം നശിപ്പിച്ചു, എന്റെ എല്ലാ നേട്ടങ്ങളും അപഹരിച്ചു. എന്റെ പ്രിയപ്പെട്ടവരോട് യാത്ര പറയാൻ പോലും എനിക്ക്  സാധിച്ചില്ല. ഒരുകൂട്ടം തീവ്രവാദികളുമായി യുദ്ധം തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. എന്റെ മാത്രമല്ല, അഫ്ഗാനിസ്ഥാനിലെ 34 ദശലക്ഷം ആളുകളുടെ ജീവിതത്തെകുറിച്ചാണ് ഞാൻ പറയുന്നത്"; നിലോഫർ കൂട്ടിച്ചേർത്തു. 

അതേസമയം, സർവകലാശാലകളിൽ പെൺകുട്ടികൾക്ക് പ്രവേശനം വിലക്കിയ താലിബാന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കാബൂളിൽ സ്ത്രീകൾ തെരുവിലിറങ്ങി പ്രതിഷേധം നടത്തി. ചിലരെ അറസ്റ്റ് ചെയ്തതായാണ് വിവരം. സർക്കാർ- സ്വകാര്യ സർവകലാശാലകളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കണമെന്ന് താലിബാന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി ചൊവ്വാഴ്ചയാണ് ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച് സർവകലാശാല അധികൃതർക്ക് കത്ത് നൽകുകയും ചെയ്തു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പെൺകുട്ടികളെ സർവകലാശാലകളിൽ പ്രവേശിപ്പിക്കരുതെന്നും ഉത്തരവിൽ പറയുന്നു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News