ലാസ് വെഗാസില്‍ ട്രംപ് ഹോട്ടലിനു മുന്നിൽ ടെസ്ല സൈബർട്രക്ക് പൊട്ടിത്തെറിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം
ട്രംപ് ഭരണകൂടത്തിന്‍റെ ഭാഗമായ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയുടെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനങ്ങളിലൊന്നാണ് സൈബർട്രക്ക്
വാഷിങ്ടൺ: യുഎസിലെ ട്രംപ് ടവറിനു മുന്നിൽ ടെസ്ല സൈബർട്രക്ക് പൊട്ടിത്തെറിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം ലാസ് വെഗാസിലെ ട്രംപ് ഇന്റർനാഷനൽ ഹോട്ടലിനു തൊട്ടുമുന്നിലായിരുന്നു സംഭവം. അപകടത്തിൽ ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തിൽ അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് വാർത്താ ഏജൻസിയായ 'റോയിട്ടേഴ്‌സ്' റിപ്പോർട്ട് ചെയ്യുന്നു.
യുഎസിലെ ന്യൂഓർലിയൻസിൽ പുതുവത്സരാഘോഷത്തിനിടെ ആൾക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി 15 പേർ കൊല്ലപ്പെട്ട സംഭവത്തിനു തൊട്ടുപിന്നാലെയായിരുന്നു ട്രംപ് ഹോട്ടലിനു മുന്നിലെ അപകടം. പ്രാദേശിക സമയം ഇന്നു രാവിലെ 8.40ഓടെയായിരുന്നു ഹോട്ടലിനു തൊട്ടരികിലായി ട്രക്ക് പാർക്ക് ചെയ്തത്. പിന്നാലെ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. ട്രക്ക് കത്തിയമരുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
2024 മോഡൽ സൈബർട്രക്കാണ് പൊട്ടിത്തെറിച്ചത്. അപകടത്തിനു പിന്നാലെ ലാസ് വെഗാസ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഡ്രൈവർ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ഏഴുപേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണു വിവരം.
നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ളതാണ് ലാസ് വെഗാസിലെ ട്രംപ് ഇന്റർനാഷനൽ ഹോട്ടൽ. ട്രംപിന്റെ പ്രചാരണരംഗത്ത് സജീവമായിരുന്ന ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയുടെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനങ്ങളിലൊന്നാണ് സൈബർട്രക്ക്. 2023ലാണ് ഈ പിക്കപ്പ് ട്രക്ക് വിപണിയിലിറക്കുന്നത്. പൂർണമായും വൈദ്യുതി നിയന്ത്രിതമായ ട്രക്ക് രൂപകൽപ്പന കൊണ്ടും ഏറെ ശ്രദ്ധ നേടിയിരുന്നു. ജനുവരി 20ന് അധികാരമേൽക്കുന്ന ട്രംപ് ഭരണകൂടത്തിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷൻസിയുടെ മേധാവി കൂടിയാണ് മസ്‌ക്.
കൊളോറാഡോയിൽനിന്ന് വാടകയ്‌ക്കെടുത്ത കാറാണ് അപകടത്തിൽപെട്ടതെന്നാണ് എഫ്ബിഐ നൽകുന്ന വിവരം. ഡ്രൈവറുടെ പേരുവിവരങ്ങൾ പുറത്തുവിടാനായിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പടക്കങ്ങളോ ബോംബോ പൊട്ടിത്തെറിച്ചാണു സ്‌ഫോടനമെന്നാണ് മസ്‌ക് പ്രതികരിച്ചത്. വാടകയ്‌ക്കെടുത്ത സൈബർസ്ട്രക്കിലാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന ബോംബോ വലിയ പടക്കങ്ങളോ പൊട്ടിത്തെറിച്ചാണ് അപകടമെന്നു ഞങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. വാഹനവുമായി അപകടത്തിനു ബന്ധമില്ലെന്നും മസ്‌ക് വ്യക്തമാക്കി.
സൈബർട്രക്ക്, ട്രംപ് ഹോട്ടൽ എന്നീ രണ്ടു ഘടകങ്ങൾ ഉത്തരം ആവശ്യമുള്ള ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നാണ് ലെസ് വെഗാസ് മെട്രോപൊളിറ്റൻ പൊലീസ് മേധാവി കെവിൻ മക്ക്മാഹിൽ അപകടത്തിനു പിന്നാലെ പ്രതികരിച്ചത്. എന്നാൽ, സംഭവം ഭീകരാക്രമണമാണോ എന്ന് ഇനിയും വ്യക്തമല്ലെന്ന് എഫ്ബിഐ പ്രത്യേക ഏജൻസിയുടെ ഇൻ ചാർജ് ജെറെമി ഷ്വാർട്‌സ് പറഞ്ഞത്. 'എല്ലാവർക്കും വേണ്ടത് ആ വാക്കാണെന്ന് അറിയാം. സംഭവം ഭീകരാക്രമണമാണെന്നു പറയാനാകുമോ എന്നു പരിശോധിച്ചുവരികയാണ്. അതാണു ഞങ്ങളുടെ ലക്ഷ്യം. അതിനു വേണ്ടിയുള്ള ശ്രമങ്ങളാണു നടക്കുന്നത്.'-അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
അപകടത്തിനു പിന്നാലെ ട്രംപ് ഹോട്ടലിൽനിന്നു താമസക്കാരെയും സന്ദർശകരെയും ഒഴിപ്പിച്ചിരുന്നു. എല്ലാവരെയും നഗരത്തിലെ മറ്റൊരു ഹോട്ടലിലേക്കു മാറ്റുകയായിരുന്നു.
Summary: Tesla Cybertruck explodes outside Trump Las Vegas hotel, killing driver