ഫോൺ സംഭാഷണവും ഫലം കണ്ടില്ല, യുക്രൈനിൽ വഴങ്ങാതെ റഷ്യ; മുന്നറിയിപ്പുമായി യു.എസ്

യുക്രൈനെ ആക്രമിച്ചാൽ കനത്ത വിലനൽകേണ്ടിവരുമെന്നാണ് അമേരിക്ക റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്

Update: 2022-02-13 10:00 GMT
Editor : Shaheer | By : Web Desk
Advertising

യുക്രൈൻ വിഷയത്തിൽ അനുരഞ്ജനത്തിനു അമേരിക്കയുടെ അവസാനശ്രമവും പാളി. റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിനുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഫോൺവഴി നടത്തിയ ചർച്ച കാര്യമായി ഫലംകണ്ടില്ല. പിന്നാലെ, യുക്രൈനെ ആക്രമിച്ചാൽ കനത്ത വിലനൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് യു.എസ്.

യുക്രൈനിൽ കൂടുതൽ അധിനിവേശത്തിനു ശ്രമിച്ചാൽ അമേരിക്ക സഖ്യകക്ഷികൾക്കും മറ്റു പങ്കാളികൾക്കുമൊപ്പം ശക്തമായി പ്രതികരിക്കുമെന്ന് വൈറ്റ്ഹൗസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഇതിന് റഷ്യയ്ക്ക് കനത്ത വിലനൽകേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. നയതന്ത്രപരമായി വിഷയം കൈകാര്യം ചെയ്യാനാണ് തങ്ങൾ ശ്രമിക്കുന്നതെങ്കിലും മറ്റ് സാഹചര്യങ്ങൾക്കും പൂർണമായി സജ്ജമാണെന്നും ബൈഡൻ അറിയിച്ചു.

യുക്രൈനിലെ എംബസിയിൽനിന്ന് ജീവനക്കാരെ തിരിച്ചുവിളിച്ചതിനു പിന്നാലെയാണ് ബൈഡൻ പുടിനുമായി ഫോണിൽ സംസാരിച്ചത്. എന്നാൽ, ഇതിൽ കാര്യമായ പുരോഗതിയുണ്ടായില്ല. യു.എസ് വാദങ്ങൾക്കും ആവശ്യങ്ങൾക്കും റഷ്യ വഴങ്ങിയില്ലെന്നാണ് ലഭിക്കുന്ന വിവരം. യുക്രൈൻ ആക്രമിക്കാൻ റഷ്യ നീക്കം നടത്തുന്നതായുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ വാദങ്ങളെ പുടിൻ തള്ളിക്കളഞ്ഞു.

ആഴ്ചകളായി യുക്രൈൻ അതിർത്തിയിൽ ലക്ഷക്കണക്കിന് റഷ്യൻ സൈനികരാണ് നിലയുറപ്പിച്ചിട്ടുള്ളത്. ക്രീമിയ ദ്വീപിലും ബെലാറസിലുമെല്ലാം റഷ്യ യുദ്ധത്തിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News