അമേരിക്കയിലെ കോവിഡ് പോരാട്ടത്തിന്‍റെ മുഖമായ ഡോ. ആന്‍റണി ഫൗച്ചിക്ക് കോവിഡ്
വൈറസ് ബാധിതനാണെങ്കിലും അദ്ദേഹം വീട്ടില്‍ നിന്നും ജോലി തുടരുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് അറിയിച്ചു
വാഷിംഗ്ടണ്‍: മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്കയുടെ മുഖമായ വൈറ്റ് ഹൗസ് ചീഫ് മെഡിക്കല്‍ അഡ്വൈസര്‍ ഡോ. ആന്‍റണി ഫൗച്ചിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച നടത്തിയ റാപ്പിഡ് ആന്‍റിജന്‍ പരിശോധനയിലാണ് ഫൗച്ചിക്ക് പോസിറ്റീവായത്. വൈറസ് ബാധിതനാണെങ്കിലും അദ്ദേഹം വീട്ടില്‍ നിന്നും ജോലി തുടരുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് അറിയിച്ചു.
നേരിയ ലക്ഷണങ്ങള്‍ മാത്രമേ അദ്ദേഹത്തിനുള്ളൂ. പൂര്‍ണമായി വാക്‌സിനേഷന്‍ എടുക്കുകയും രണ്ടുതവണ ബൂസ്റ്റര്‍ ഡോസ് എടുക്കുകയും ചെയ്തിട്ടുണ്ട് 81കാരനായ ഫൗച്ചി. അതേസമയം ഡോ. ഫൗച്ചി അടുത്തിടെ പ്രസിഡന്‍റ് ജോ ബൈഡനോടോ മറ്റ് മുതിര്‍ന്ന യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായോ അടുത്ത ബന്ധം പുലര്‍ത്തിയിട്ടില്ല. രോഗ നിയന്ത്രണ, പ്രതിരോധ കേന്ദ്രങ്ങളുടെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും തന്‍റെ ഡോക്ടറില്‍ നിന്നുള്ള മെഡിക്കൽ ഉപദേശവും ഫൗച്ചി പിന്തുടരുകയും പരിശോധനാഫലം നെഗറ്റീവ് ആകുമ്പോൾ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലേക്ക് തിരികെയെത്തുകയും ചെയ്യും.